ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിന് മാത്രമായൊരു മാന്ത്രികതയുണ്ട്. അത് കണ്ടു പിടിച്ചത് ഇടതുപക്ഷവുമാണ്. മന്ത്രവാദത്തിലും തന്ത്രവിദ്യയിലും വിശ്വാസമില്ലെങ്കിലും ജനങ്ങള്‍ നടത്തുന്ന മാജിക്കിനെ വിശ്വസിക്കുന്നുണ്ട് വി.എസ്. സുനില്‍കുമാറും ഇടതുപക്ഷവും.
അതുകൊണ്ടു തന്നെ തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ അപ്രതീക്ഷിത മാന്ത്രികത ആവര്‍ത്തിക്കുമോ എന്നാണ് മണ്ഡലം ഉറ്റുനോക്കുന്നത്. പക്ഷെ, അത്തരമൊരു സാധ്യതയും ഉണ്ടാവില്ലെന്നാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഉറപ്പിച്ചു പറയുന്നത്. എന്നാല്‍, വോട്ടെണ്ണുമ്പോള്‍ ജനങ്ങളുടെ മാജിക് വ്യക്തമാകുമെന്ന് ഉറപ്പിക്കുകയാണ് എല്‍.ഡി.എഫ്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നടന്ന ത്രികോണ മത്സരത്തിന്റെ ഫലം ഇടതുപക്ഷ വിജയമായിരുന്നു. സി.പി.ഐ സ്വന്തം വോട്ട് നിലനിര്‍ത്തിക്കൊണ്ടാണ് വിജയം കൈപ്പിടിയില്‍ ഒതുക്കിയത്. എന്നാല്‍, യു.ഡി.എഫ് വോട്ട് വന്‍തോതില്‍ സുരേഷ് ഗോപി ചോര്‍ത്തുകയും, ബിജെപി വോട്ടുകള്‍ നിലനിര്‍ത്തുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ തോല്‍വിയടഞ്ഞു.
946 വോട്ടിനായിരുന്നു സിപിഐയിലെ പി. ബാലചന്ദ്രന്റെ വിജയം. 44,263 വോട്ട് ബാലചന്ദ്രനും 43,317 വോട്ട് പത്മജയും പിടിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് കിട്ടിയത് 40,457 വോട്ടാണ്. അതായത് ശക്തമായ മത്സരത്തില്‍ സ്വന്തം വോട്ട് പിടിച്ച സിപിഐ വിജയിക്കുകയായിരുന്നുവെന്ന് വ്യക്തം. സ്വന്തം ശക്തികേന്ദ്രങ്ങളിലെ വോട്ട് നഷ്ടമായിട്ടും പൊതുവേ വോട്ട് കൂടുതല്‍ പിടിച്ച കോണ്‍ഗ്രസും പുറത്തുനിന്നു വോട്ടുപിടിച്ച ബിജെപിയും തോല്‍ക്കുകയും ചെയ്തു.
ഇതേ സാഹചര്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ നിയമസഭ പോലെ ഇത്തവണയും ത്രികോണ മത്സരമാണ് മണ്ഡലത്തില്‍. കളം അല്പം വലുതെന്നു മാത്രം. കഴിഞ്ഞ നിയമസഭയിലെ അതേ കടുത്ത മത്സരം ആവര്‍ത്തിക്കുന്നുണ്ട്. സിപിഎം സംസ്ഥാന നേതൃത്വം നടത്തിയ വിലയിരുത്തലിലെ ഉറപ്പായ നാല് സീറ്റില്‍ തൃശ്ശൂര്‍ ഇല്ല.
സാധ്യത പട്ടികയിലാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വിജയം ചുരുങ്ങിയത് 45,000 വോട്ടിന് എങ്കിലും ആകും എന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. പുതുക്കാട് പന്ത്രണ്ടായിരം വോട്ടിനും ഗുരുവായൂരില്‍ പതിനായിരം വോട്ടിനും നാട്ടികയില്‍ 15,000 വോട്ടിനും മണലൂരില്‍ 5000 വോട്ടിനും ഒല്ലൂരില്‍ 7000 വോട്ടിനും ലീഡ് ചെയ്യുമെന്ന് അവര്‍ കണക്കു കൂട്ടുന്നു.
ചുരുങ്ങിയത് 45000 വോട്ടിന് എങ്കിലും ഭൂരിപക്ഷം ആണ് പ്രതീക്ഷ. ഇരിങ്ങാലക്കുടയിലും തൃശ്ശൂരിലും ഭൂരിപക്ഷം ഉണ്ടാകില്ലെങ്കിലും തകര്‍ച്ചയുണ്ടാകില്ലെന്നാണ് കണക്ക്. നാട്ടികയിലും ഗുരുവായൂരിലും വിഎസ് സുനില്‍കുമാറിന്റെ വ്യക്തിഗത പരിചയത്തിന് വലിയ സ്വാധീനം ഉണ്ടെന്നും ഇടതുമുന്നണി അവകാശപ്പെടുന്നുണ്ട്.
അതേസമയം തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടാകും എന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കണക്കില്‍ ഉറപ്പിച്ചു പറയുന്നു. തൃശ്ശൂര്‍, ഗുരുവായൂര്‍, നാട്ടിക എന്നിവിടങ്ങളിലെ ഭൂരിപക്ഷം കൊണ്ടുമാത്രം വിജയിക്കാം എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
ക്രൈസ്തവവിഭാഗത്തില്‍ ചെറിയൊരു ഭാഗം കിട്ടിയാല്‍ ഉള്ള കണക്കാണ് ബിജെപിയുടേത്.
തീരദേശത്ത് തങ്ങള്‍ക്ക് ഭൂരിപക്ഷം ഇല്ലാത്ത നാലു വാര്‍ഡുകളില്‍ ആറുശതമാനം വരെ പോളിംഗ് കുറഞ്ഞതും തങ്ങള്‍ക്കുള്ള സ്വാധീനമുള്ള ഗുരുവായൂരിലും പരിസരത്തും പോളിംഗ് കൂടിയതും നേട്ടമാണെന്നാണ് വിലയിരുത്തല്‍. സ്വാഭാവികമായ വോട്ടിംഗ് നടന്നാല്‍ പോലും 25000 വോട്ടിന് സുരേഷ് ഗോപി വിജയിക്കും എന്നാണ് വിലയിരുത്തല്‍.
സ്ത്രീകളും യുവ വോട്ടര്‍മാരും നന്നായി തുണച്ചാല്‍ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്നും നേതൃത്വത്തിന്റെ കണക്കുകളില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ കണക്കും ആത്മവിശ്വാസവും ശക്തമാണ്. മോദി അവസാന നാല് ദിവസങ്ങളില്‍ നടത്തിയ പ്രസംഗത്തില്‍ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ വന്‍തോതില്‍ അടിയൊഴുക്ക് ഉണ്ടാക്കും എന്നാണ് പ്രതീക്ഷ.
ഗുരുവായൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, മണലൂര്‍, ഒല്ലൂര്‍ എന്നിവിടങ്ങളില്‍ എല്ലാം ഇത് വന്‍തോതില്‍ തങ്ങളെ സഹായിക്കുന്നതാണ് കണക്ക്. ഇവിടെ നിന്ന് മാത്രമായി 75000 വോട്ടിന്റെ എങ്കിലും ഭൂരിപക്ഷം കിട്ടും. അതു മറികടക്കാന്‍ എല്‍ഡിഎഫിനോ ബിജെപിക്കോ ആകില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
അതേസമയം സമുദായ വോട്ടില്‍ എല്ലാവര്‍ക്കും പ്രതീക്ഷയുണ്ട്. ഈഴവ തീരദേശ സമുദായ വോട്ടുകള്‍ തങ്ങളുടെ ശക്തികൂട്ടുമെന്ന് എസ്എന്‍ഡിപി പോലുള്ള സംഘടനകള്‍ മുഴുവന്‍ സമയവും രംഗത്ത് ഉണ്ടായിരുന്നുവെന്നും ബിജെപി വ്യക്തമാക്കുന്നു. ഇതായിരിക്കും ഇത്തവണത്തെ അട്ടിമറിയുടെ ഒരു കാരണം എന്നും ബിജെപി പറയുന്നു.
എന്നാല്‍ ഈഴവ മുസ്ലിം സമുദായവുമായി സുനില്‍കുമാറിനുള്ള ബന്ധം ഈ സാമുദായിക വോട്ടുകള്‍ ഉറപ്പിച്ചു നിര്‍ത്തുന്നു എന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. സമുദായങ്ങള്‍ക്കും അപ്പുറത്തേക്ക് വന്ന ഇന്ത്യയെന്ന വികാരത്തിലാണ് ന്യൂനപക്ഷ വോട്ട് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.