ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ(72) അന്തരിച്ചു. ചെന്നൈയിലെ വസതയിൽ ഇന്നലെയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. ഗായകൻ എ വി രമണനാണ് ഉമയുടെ ഭർത്താവ്.
തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾ ഉമയുടെ ശബ്ദത്തിൽ പിറന്നിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ‘ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേൾക്കും കാലം’, ‘പൂ മാനേ’ തുടങ്ങിയവ ഇവയിൽ ശ്രദ്ധേയമാണ്. ഇളയരാജയ്‌ക്കൊപ്പം നൂറോളം പാട്ടുകൾ ഉമ പാടിയിട്ടുണ്ട്.
1977ൽ ‘ശ്രീകൃഷ്ണലീല’ എന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്കു പ്രവേശിക്കുന്നത്. ഭർത്താവ് എ.വി.രമണനൊപ്പമാണ് ഉമ ഈ പാട്ട് പാടിയത്. നടൻ വിജയ്‌യുടെ തിരുപാച്ചി എന്ന സിനിമയ്ക്കായി മണി ശർമ സംഗീതം നൽകിയ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ഗാനമാണ് ഉമ അവസാനമായി പാടിയത്.
സ്റ്റുഡിയോ റെക്കോർഡിംഗുകൾക്കപ്പുറം, തത്സമയ സംഗീത പരിപാടികളിൽ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ ഗായികയ്ക്ക് സാധിച്ചിട്ടുണ്ട്, 35 വർഷത്തെ സംഗീത ജീവിതത്തിൽ ഉമ രമണൻ 6,000-ലധികം ലൈവ് കൺസർട്ടുകളാണ് ചെയ്തിട്ടുള്ളത് എന്നത് ഗായകയോടുള്ള സംഗീതാസ്വാദകരുടെ ആരാധനയെ സൂചിപ്പിക്കുന്നതാണ്.