ലക്ഷണങ്ങൾ ശ്രദ്ധിക്കാതെയിരുന്നാൽ മുഖം വീർത്തു പൊങ്ങും: മുണ്ടിനീര് കാറ്റു പോലെ പടരുന്നു

പാരാമിക്സോവൈറസ് മൂലമാണ് മുണ്ടിനീര് ഉണ്ടാകുന്നത്. പൊതുവേ ഇത് വലിയ ആരോ​ഗ്യ സങ്കീർണതകളിലേക്ക് നയിക്കില്ലെങ്കിലും ചില കേസുകളിൽ ​ഗുരുതരമായേക്കാം. മുണ്ടിനീര് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന രോഗമാണ്. എന്നാൽ, അഞ്ച് മുതൽ ഒമ്പത് വയസുവരെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഏകദേശം രണ്ട് മുതൽ നാല് ആഴ്ചവരെയാണ് ഈ വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. ഇതിന് ശേഷം ലക്ഷണങ്ങൾ പ്രകടമാകും.

മുണ്ടിനീരിൻ്റെ ലക്ഷണങ്ങൾ

  • മുഖത്ത് വീക്കം
  • പനി
  • ചെവിവേദന
  • ശരീരവേദന
  • തലവേദന
  • ക്ഷീണം
  • വിശപ്പില്ലായ്മ

രോഗം ബാധിച്ച് 2 ആഴ്ചകൾക്ക് ശേഷമാണ് ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ദിവസങ്ങൾ കഴിയുംതോറും ഉമിനീർ ​ഗ്രന്ഥികൾ വീർക്കും. രോ​ഗിയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ രോ​ഗബാധിതരായ വ്യക്തികളുടെ ശ്വാസത്തിലൂടെ പുറത്ത് വരുന്ന ഉമിനീരിലൂടെയോ ആണ് മുണ്ടിനീര് പകരുന്നത്. വൈറസ് ബാധിച്ച എല്ലാ വ്യക്തികളിലും രോ​ഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. രോ​ഗം സുഖപ്പെടുന്നതിന് രണ്ടാഴ്ചയോളം സമയമെടുക്കും.

എങ്ങനെ പ്രതിരോധിക്കാം?

വാക്സിനേഷൻ എടുക്കുക: അഞ്ചാംപനി, മുണ്ടിനീർ, റുബെല്ല എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന എംഎംആർ വാക്സിൻ കുട്ടികൾക്ക് നൽകുക. ഈ വാക്സിൻ കുട്ടികൾക്ക് രണ്ട് ഡോസുകൾ നൽകുന്നു.

യാത്ര ഒഴിവാക്കുക: മുണ്ടിനീര് രോഗലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്‌കൂളിൽ പോകുന്നതും മറ്റുള്ളവരെ കാണുന്നതും ഒഴിവാക്കുക.

സോപ്പും വെള്ളവും: സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുന്നത് രോഗവ്യാപനം തടയാൻ സഹായിക്കും.

മാസ്ക് ധരിക്കുക: ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അണുബാധ പടരാതിരിക്കാൻ മുഖം മറയ്ക്കുക