പണ്ട് മുതൽ പറഞ്ഞു പഴകിയ രീതികളും, സംഭാക്ഷണങ്ങളുമൊക്കെ പിന്തുടരുന്ന പലരും ഇന്നത്തെ കാലത്തുമുണ്ട്. തടിയുള്ളവരെ കാണുമ്പോൾ ബോഡി ഷെയിമിങ് നടത്തുക, കളിയാക്കുക തുടങ്ങിയവ ഈ കാലഘട്ടത്തിലും നടത്തുന്നവരുണ്ട്. ഞാൻ തമാശയ്ക്ക് പറഞ്ഞതല്ലേ എന്നൊരു ലാഘവത്തിൽ പലരും പ്രശ്നത്തെ അഭിമുഖീകരിക്കാതെ പോകും. എന്നാൽ തടിയുള്ള പലരും നേരിടുന്നത് പല തരത്തിലുള്ള രോഗങ്ങളെയാണ്. തൈറോയ്ഡ്, പി സി ഓ ഡി, പി സി ഓ സ്, ഫാറ്റി ലിവർ, ഹോർമോണാൽ ഇമ്പാലൻസ് തുടങ്ങിയ പൊണ്ണത്തടിയ്ക്ക് കാരണമാകും.
ഇക്കാലത്ത് പൊണ്ണത്തടി ഉള്ളവരുടെ എണ്ണം വളരെ കൂടുകയാണ്. ട്രാൻസ്ഫാറ്റുകളുടെയും പൂരിതകൊഴുപ്പിന്റെയും ഉപയോഗം, ചടഞ്ഞുകൂടിയുള്ള ജീവിതശൈലി തുടങ്ങിയവയാണ് പൊണ്ണത്തടിക്കു കാരണം. ബോഡി മാസ് ഇൻഡക്സ് 25ലും അധികമാകുന്ന അവസ്ഥയാണിത്. ഉപാപചയ രോഗങ്ങൾ, ഹൃദ്രോഗം, പ്രമേഹം എന്തിനേറെ കാൻസറിനു പോലും പൊണ്ണത്തടി കാരണമാകുന്നു.
എന്തൊക്കെ ചെയ്യാം?
പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണം
ശരീരഭാരം കുറയ്ക്കാനും പൊണ്ണത്തടിയെ പ്രതിരോധിക്കാനും ദിവസവും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കണം. ശരീരഭാരമനുസരിച്ച് ആയിരിക്കണം കഴിക്കുന്ന പ്രോട്ടീനിന്റെ അളവ്. വയറു നിറഞ്ഞുവെന്ന തോന്നൽ ഉണ്ടാക്കാൻ മാക്രോന്യൂട്രിയന്റായ പ്രോട്ടീനു കഴിയും.
ഒഴിവാക്കാം മധുരപാനീയങ്ങൾ
മധുരപാനീയങ്ങളുടെ ഉപയോഗം ശരീരഭാരം കൂടാനും ഉപാപചയ രോഗങ്ങൾ വരാനും കാരണമാകും. പഴച്ചാറുകൾ, എനർജി ഡ്രിങ്കുകൾ, സോഡ തുടങ്ങി എല്ലാ മധുരപാനീയങ്ങളുടെയും ദീർഘകാല ഉപയോഗം ക്രമേണ പൊണ്ണത്തടിക്കു കാരണമാകും. അതുകൊണ്ട് ഇവ ഒഴിവാക്കുന്നതാണ് ആരോഗ്യകരം.
വ്യായാമം
ഭക്ഷണനിയന്ത്രണത്തോടൊപ്പം വ്യായാമവും ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പൊണ്ണത്തടി അകറ്റാൻ ദിവസവും വർക്കൗട്ട് ചെയ്യണം. കാർഡിയോ വ്യായാമങ്ങൾ, വെയ്റ്റ് ട്രെയിനിങ്, യോഗ, പൈലേറ്റ്സ് തുടങ്ങി ഏതുതരം വർക്കൗട്ടും പൊണ്ണത്തടി അകറ്റി ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കും.
പുകവലി ഉപേക്ഷിക്കാം
പൊണ്ണത്തടിക്കും ശരീരഭാരം കൂടാനുമെല്ലാം പുകവലിയും കാരണമാകാം. പുകവലിക്ക് യാതൊരു ഗുണങ്ങളുമില്ലെന്നു മാത്രമല്ല കാൻസർ, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കെല്ലാം കാരണമാവുകയും ചെയ്യും.
എട്ടു മണിക്കൂർ ഉറക്കം
മെറ്റബോളിക് ഡിസോർഡറുകൾ അകറ്റാനും ഇൻസുലിൻ പ്രതിരോധം അകറ്റാനും ശരീരഭാരം കൂടുന്നത് തടയാനും വിശപ്പകറ്റാനുമെല്ലാം രാത്രി എട്ടു മണിക്കൂർ ഉറങ്ങുന്നതുമൂലം സാധിക്കും. ദിവസവും ആവശ്യത്തിനു വിശ്രമം ലഭിക്കുന്നത് പൊണ്ണടിയെ പ്രതിരോധിക്കും.