ഏതൊരു മലയാളിക്കും ഒഴിച്ച് കൂടാനാകാത്ത ഭക്ഷണമായിരിക്കും പെറോട്ട. ആഴ്ചയിലൊരിക്കലെങ്കിലും പെറോട്ടയും, നല്ലൊരു ബീഫ് ഫ്രൈയും കഴിച്ചില്ലെങ്കിൽ പിന്നെന്തിനാണ് മലയാളി പട്ടം. എന്നാൽ ഇന്ന് ബീഫിനും പകരം ചിക്കൻ പരീക്ഷിച്ചാലോ? ചിക്കൻ മാത്രമല്ല. ലോകത്തെ ഒരു വിധപ്പെട്ട പൊറോട്ടകളെല്ലാം ഇവിടെയുണ്ട്. മലേഷ്യൻ പൊറോട്ട, മധുര പൊറോട്ട, തനി നാടൻ കേരള പൊറോട്ട. അങ്ങനെ കണ്ടതും, കാണാത്തതും, കഴിച്ചതും കഴിക്കാത്തതുമായ ഒരു കൂട്ടം പൊറോട്ടകൾ ഇവിടെയുണ്ട്.
സ്ഥലം മറ്റെങ്ങുമല്ല; പട്ടത്തെ പൊറോട്ട ഹട്ട്. ബൺ പെറോട്ട, സ്വീറ്റ് പൊറോട്ട, കോയിൻ പെറോട്ട, നൂൽ പെറോട്ട, സ്റ്റഫ്ഡ് പൊറോട്ട തുടങ്ങിയവയാണ് ഇവിടുത്തെ സ്‌പെഷ്യൽ വിഭവങ്ങൾ.
കാണുമ്പോൾ ചെറിയൊരു കടയാണ്. എന്നാലിവിടുത്തെ പൊറോട്ടകളുടെ രുചി ഒന്നിനൊന്ന് മെച്ചമാണ്.ഗ്രൗണ്ട് ഫ്ലോറിലാണ് പാചകം നടക്കുന്നത്. അവർ കുക്ക് ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കും. താഴത്തെ ഫ്ലോറിൽ നിന്നും മുകളിലേക്ക് കയറിയാൽ അതിമനോഹരമായൊരു ഡയനിംഗ് ഹാൾ കാണാൻ സാധിക്കും. ഏറിപോയാൽ ഒരു 15 പേർക്ക് അവിടെ ഇരിക്കാൻ സാധിക്കുമായിരിക്കും. പക്ഷെ സ്ഥലം കിട്ടി കഴിഞ്ഞാൽ അത്രയും മനോഹരമായൊരു സ്ഥലത്തിരുന്നു, അത്രയും രുചിയിൽ ഭക്ഷണം കഴിക്കാനുള്ള അവസരം ലഭിക്കും.
ഒരു ചെറിയ ഇടനാഴി പോലെ മാത്രമേ നമുക്ക് അവിടുത്തെ കോണിപ്പടികളും, ചെന്ന് കയറുന്ന ഇടങ്ങളും തോന്നുകയുള്ളൂ. മഞ്ഞ വെളിച്ചത്തിനൊപ്പം, ഏതോ ഗസലുകൾ പാടി കൊണ്ടേയിരിക്കുന്നു. വെൽക്കം ഡ്രിങ്ക് ആയിട്ട് ഉഗ്രനൊരു കട്ടനും കിട്ടും. ചൂട് ഊതി കട്ടൻ പൂർത്തിയാകുമ്പോഴേക്കും ഓർഡർ ചെയ്ത സാധനങ്ങൾ ഓരോന്നായി വരും.
ചിക്കൻ ബീഫ് എന്നിവയാണ് പ്രധാനപ്പെട്ട വിഭവങ്ങൾ ടർക്കിഷ് അൽഫാം, ഈജിപ്ഷ്യൻ ഷാവായി എന്നിവയ്ക്കിവിടെ ആവശ്യക്കാർ കൂടുതലാണ്.അൽഫാർമിന് സ്‌പെഷ്യൽ മസാലയാണ് ഉപയോഗിക്കുന്നത്. ഇവിടെ ആവശ്യക്കാർ കൂടുതലുള്ള മറ്റൊരു വിഭവം ഇളനീർ ചിക്കനാണ്.
നൂൽ പൊറോട്ടയ്‌ക്കൊപ്പം മികച്ച കൊമ്പോയാണ് ഇളനീർ ചിക്കൻ. ഇളനീരും, ചെറിയുള്ളിയും, ചുവന്നമുളകുമൊക്കെയിട്ട് രുചിയിൽ വ്യത്യസ്തമായൊരു അനുഭവമാണ് ഇളനീര് ചിക്കൻ നൽകുന്നത്. പാളികളായി വേർപ്പെട്ടിരിക്കുന്ന നൂൽ പൊറോട്ടയും ഇളനീർ ചിക്കൻ കറിയും ചേരുമ്പോൾ രുചിയുടെ മറ്റൊരു മായിക ലോകം നിർമ്മിതമാകും. പൊറോട്ട ഹട്ടിലെ മികച്ച കോമ്പൊകളിൽ ഒന്ന് ഇതാണ്.
മറ്റു പൊറോട്ടകൾക്കൊപ്പം ബീഫ് ചില്ലി, ബീഫ് കറി, ചിക്കൻ ഫ്രൈ തുടങ്ങിയവ പരീക്ഷിക്കാവുന്നതാണ്. സ്വീറ്റ് പൊറോട്ട എന്നൊരു വിഭവവും ഇവിടെയുണ്ട്. ഇതിന്റെ ഫില്ലിങ്ങായിട്ട് മധുരമുള്ള എന്തെങ്കിലുമായിരിക്കും വയ്ക്കുന്നത്. കുട്ടികളെ ആകർഷിക്കുവാൻ വേണ്ടി ബൂസ്റ്റും, ഹോര്ലിക്ക്‌സും വരെ സ്വീറ്റായി ഉപയോഗിക്കും. എന്നും ഒരേ വിഭവങ്ങളായിരിക്കില്ല ഉണ്ടാകുന്നത്. ആഴ്ച്ചയുടെ അവസാന കോംബോ ഓഫാറുകളും, സ്‌പെഷ്യൽ വിഭവങ്ങളുമുണ്ടായിരിക്കും.
ചിലപ്പോൾ അവിടെയെത്തി കഴിഞ്ഞു വെയിറ്റ് ചെയ്യേണ്ടി വരും. സ്ഥലം കുറവായതു കൊണ്ടും ആഹാരം മികച്ചതായതിനാലും തിരക്ക് ലേശം കൂടുതലായിരിക്കും. ഇനിയിപ്പോൾ വെറൈറ്റി പൊറോട്ട കഴിക്കണമെന്നു ആഗ്രഹം തോന്നുമ്പോൾ അലയാതെ പട്ടം പൊറോട്ട ഹട്ടിലേക്ക് വണ്ടി വിടാം