‘ബാങ്ക് വിളി നായയുടെ കുര പോലെ’, എന്ന് മതന്യൂനപക്ഷങ്ങളെയാകെ അടച്ചാക്ഷേപിച്ച ആ പത്തനാപുരം പ്രസംഗം മറക്കാനാകില്ല. കാരണം, ആ പ്രസംഗം നടത്തിയത് അന്തരിച്ച ആര്‍. ബാലകൃഷ്ണപിള്ളയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മ ദിവസത്തില്‍ മറ്റെന്താണ് ഓര്‍ത്തെടുക്കേണ്ടത്. ഈ വിവാദ പ്രസംഗത്തിന്റെ ഉപജ്ഞാതാവിന്റെ രാഷ്ട്രീയ ജീവിതം തന്നെ സംഘര്‍ഭരിതമായിരുന്നു. പഞ്ചാബ് മോഡല്‍ പ്രസംഗവും, ‘എന്തിനാ ശോഭനേ നിനക്കൊരു ജെട്ടി’ എന്ന നിയമസഭാ പ്രസംഗവുമെല്ലാം വലിയ വിവാദങ്ങളിലേക്ക് നയിച്ചിട്ടുള്ളതാണ്. മുസ്ലീം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ളതാണ് ബാലകൃഷ്ണപിള്ളയുടെ പത്തനാപുരം പ്രസംഗം. പത്തനാപുരം കമുകംചേരിയില്‍ വച്ചായിരുന്നു വിവാദ പ്രസംഗം നടത്തിയത്.
മുസ്ലീം പള്ളികളില്‍ നിന്നുള്ള ബാങ്ക് വിളി നായ കുരയ്ക്കുന്നതു പോലെയാണെന്നാണ് ബാലകൃഷ്ണ പിള്ള പറഞ്ഞത്. പത്ത് മുസ്ലീങ്ങളോ ക്രസിത്യാനികളോ അടുത്തടുത്ത് താമസിച്ചാല്‍ അവിടെ ഉടന്‍ പള്ളി പണിയുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു. മനപ്പൂര്‍വ്വം വിവാദമുണ്ടാക്കാന്‍ വേണ്ടിയാണോ ബാലകൃഷണ പിള്ള ഇങ്ങനെ ഒരു പ്രസംഗം നടത്തിയത് എന്നും അന്ന് സംശയിക്കപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസില്‍ പോയാല്‍ ഉറങ്ങാന്‍ പറ്റില്ല. അഞ്ച് നേരവും അടുത്തുളള പള്ളിയില്‍ നിന്ന് ‘നായയുടെ കുര പോലെ ബാങ്ക് വിളി’ ഉയരുമെന്നാണ് പിള്ള പ്രസംഗിച്ചത്.
പണ്ട് ഒരു പ്രദേശത്ത് ഒരു പള്ളി മാത്രമേ ഉണ്ടാവാറുള്ളൂ. ഇപ്പോള്‍ എവിടെ നോക്കിയാലും പള്ളികളാണെന്നും പിള്ള ആക്ഷേപിയ്ക്കുന്നുണ്ട്. മുസ്ലീം പള്ളിയില്‍ സ്ത്രീകളെ കയറ്റാതിരിയ്ക്കുന്നത് ശരിയാണോ എന്നും ബാലകൃഷ്ണ പിള്ള ചോദിയ്ക്കുന്നുണ്ട്. അങ്ങനെ ചെയ്താല്‍ ചിലര്‍ കഴുത്തറുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ശബരിമല വിഷയവുമായ ബന്ധപ്പെടുത്തിയാണ് പിള്ള ഈ പ്രസംഗം നടത്തിയത്. കേരള നിയമസഭാ ഹാള്‍. ആര്‍. ബാലകൃഷ്ണപിള്ള ഗതാഗതമന്ത്രി. ശോഭനാ ജോര്‍ജ്ജ് എം.എല്‍.എ തന്റെ മണ്ഡലത്തിലെ ഒരു ബോട്ട് ജെട്ടി വേണമെന്ന ആവശ്യം മന്ത്രിയോട് ഉന്നയിക്കുകയാണ്. കാര്യം ജനങ്ങളെ ബാധിക്കുന്ന വലിയ വിഷയമാണെന്ന് മന്ത്രിക്കും, എം.എ.എയ്ക്കും നിയമസഭ്ക്കുമറിയാം. പക്ഷെ, ആ വിഷയത്തില്‍ മന്ത്രി മറുപടി പറഞ്ഞതു കേട്ട് നിയമസഭാ ഹാളില്‍ നിര്‍ത്താത്ത ചിരിയാണ് ഉയര്‍ന്നത്.
ആ ഉത്തരം ഇങ്ങനെയാണ് തുടങ്ങിയത്. ‘ എന്റെ ശോഭനേ, നിനക്കെന്തിനാ ജെട്ടി’. തുടക്കത്തില്‍ മാത്രമേ നര്‍മ്മം കലര്‍ത്താന്‍ മന്ത്രി തയ്യാറായുള്ളൂ. പ്രസംഗത്തിന്റെ ഒടുക്കത്തില്‍ ബോട്ട്‌ജെട്ടി നിര്‍മ്മിച്ചു നല്‍കാനുള്ള തീരുമാനമാണ് പ്രഖ്യാപിച്ചത്. കാച്ചിക്കുറുക്കിപ്പറഞ്ഞാല്‍ ഇതാണ് ആര്‍. ബാലകൃഷ്ണപിള്ള എന്ന ഭരണാധികാരി. നര്‍മ്മത്തില്‍ ചാലിച്ച സംഭാഷണങ്ങളിലൂടെ മനുഷ്യരെ മനസ്സു കീഴടക്കിയ രാഷ്ട്രീയക്കാരന്‍. എന്നാല്‍, തീരുമാനങ്ങളില്‍ നിന്നും അണുകിട മാറാത്ത വാശിക്കാരന്‍. അതിന്റെ പരിണിത ഫലം, ഒടുവില്‍ ജയില്‍ വാസവും. കേരള കോണ്‍സിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മായ്ക്കാന്‍ കഴിയാത്ത അധ്യായമാണ് കീഴൂട്ട് രാമന്‍പിള്ള കാര്യത്തായനി ദമ്പതികളുടെ മകന്‍ ബാലകൃഷ്ണപിള്ളയ്ക്കുള്ളത്. ഇപ്പോഴത്തെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പിതാവാണ് അദ്ദേഹം. ആര്‍. ബാലകൃഷ്ണപിള്ളയുടെ ഓര്‍മ്മ ദിനമാണിന്ന്. 2021 മെ് 3നാണ് ബാലകൃഷ്ണപിള്ള അസുഖബാധിതനായി മരണപ്പെടുന്നത്. മൂന്നു വര്‍ഷം കഴിഞ്ഞിരിക്കുന്നു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ വാളകത്ത് കീഴൂട്ട് രാമന്‍ പിള്ള, കാര്‍ത്ത്യായനിയമ്മ ദമ്പതികളുടെ മകനായി 1934 ഏപ്രില്‍ 7ന് മീന മാസത്തിലെ പൂരാടം നക്ഷത്രത്തിലാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. തിരുവിതാംകൂര്‍ സ്റ്റുഡന്‍സ് യൂണിയനിലും പ്രവര്‍ത്തിച്ചു. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് കെ.പി.സി.സി, എ.ഐ.സി.സി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി. 1964ല്‍ കോണ്‍ഗ്രസ് വിട്ട് കെ.എം. ജോര്‍ജിനൊപ്പം ചേര്‍ന്ന് കേരള കോണ്‍ഗ്രസിന് ജന്മം നല്‍കി. 1964ല്‍ കോണ്‍ഗ്രസ് വിട്ട 15 നിയമസഭാംഗങ്ങളില്‍ ഒരാളും കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു ബാലകൃഷ്ണപിള്ള.
1976ല്‍ കെ.എം. ജോര്‍ജ്ജിന്റെ മരണത്തിന് പിന്നാലെ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പിളരുകയും 1977ല്‍ കേരള കോണ്‍ഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു. 1960ല്‍ പത്തനാപുരത്ത് നിന്ന് ആദ്യമായി നിയമസഭാംഗമായി. 1965ല്‍ കൊട്ടാരക്കരയില്‍ നിന്ന് നിയമസഭയിലേക്ക് ജയിച്ചെങ്കിലും 1967ലും 1970ലും പരാജയപ്പെട്ടു. 1971ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്‌സഭാംഗമായി. 1977, 1980, 1982, 1987, 1991, 1996, 2001 വരെ തുടര്‍ച്ചയായി 7 തവണ കൊട്ടാരക്കരയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ കൊട്ടാരക്കരയില്‍ നിന്ന് നിയമസഭയിലേക്ക് വീണ്ടും മത്സരിച്ചെങ്കിലും സി.പി.എമ്മിലെ അയിഷാ പോറ്റിയോട് പരാജയപ്പെട്ടു.
1975ല്‍ സി.അച്യുത മേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി ഗതാഗത വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. പിന്നീട് ഇ.കെ.നായനാര്‍, കെ.കരുണാകരന്‍, എ.കെ.ആന്റണി മന്ത്രിസഭകളിലായി അഞ്ച് തവണ മന്ത്രിയായി. കേരള രാഷ്ട്രീയത്തില്‍ ഒരേപോലെ ആരാധിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത നേതാവാണ് ബാലകൃഷ്ണപിള്ള. ഒരേസമയം സംസ്ഥാന മന്ത്രിയും, ലോക്‌സഭാംഗവും, പഞ്ചായത്ത് പ്രസിഡന്റുമായിരുന്നയാളാണ് ബാലകൃഷ്ണപിള്ള. എക്‌സൈസ്, വൈദ്യുതി വകുപ്പുകള്‍ കൈകാര്യം ചെയ്ത പിള്ള ഗതാഗത വകുപ്പ് മന്ത്രി എന്ന നിലയിലാണ് പ്രശസ്തനായത്. കേരളത്തില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ഏക നിയമസഭാംഗവും ഇദ്ദേഹം തന്നെ.
ആര്‍.ബാലകൃഷ്ണപിള്ള. 1964 മുതല്‍ 1987 വരെ ഇടമുളക്കല്‍ പഞ്ചായത്തിന്റെയും 1987 മുതല്‍ 1995 വരെ കൊട്ടാരക്കര പഞ്ചായത്തിന്റേയും പ്രസിഡന്റായിരുന്നു. സംസ്ഥാന മന്ത്രിയായിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റായി തുടര്‍ന്നു. 1977ല്‍ ഇടതുപക്ഷത്തേക്ക് ചേര്‍ന്നെങ്കിലും 1982ല്‍ യു.ഡി.എഫില്‍ തിരിച്ചെത്തി. പിന്നീട് 33 വര്‍ഷം യു.ഡി.എഫ് ഘടകകക്ഷിയായിരുന്നു. കെ.എം. മാണി, ഉമ്മന്‍ചാണ്ടി എന്നിവരുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് 2015ല്‍ യു.ഡി.എഫ്. വിട്ട് ഇടതുപക്ഷത്ത് ചേര്‍ന്നു. 2018 മുതല്‍ ഇടതുമുന്നണിയില്‍ അംഗമായി തുടരുന്നു.
മകന്‍ കെ.ബി. ഗണേഷ് കുമാറിനെ 2001- മുതല്‍ രാഷ്ട്രീയത്തിലിറക്കി മന്ത്രിയാക്കിയ പിള്ള പിന്നീട് പല തവണ മകനുമായി അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പോരടിച്ചു. 1970ല്‍ യു.ഡി.എഫ് രൂപീകരിച്ചപ്പോള്‍ സ്ഥാപക നേതാവായിരുന്ന ബാലകൃഷ്ണ പിള്ളയെ പിന്നീട് കെ.എം. മാണിയോടും ഉമ്മന്‍ ചാണ്ടിയോടും വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 2014-ല്‍ യു.ഡി.എഫില്‍ നിന്ന് ഒഴിവാക്കി. 1977 മുതല്‍ കേരള കോണ്‍ഗ്രസ് (ബി)യുടെ ചെയര്‍മാനായും 2017 മുതല്‍ 2021 വരെ സംസ്ഥാന മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാനായും എന്‍.എസ്.എസ്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായും പ്രവര്‍ത്തിച്ചു.
ആര്‍. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയം ആരംഭിക്കുന്നത് കമ്മ്യൂണിസ്റ്റുകാരനായിട്ടാണ്. വാളകം എം.ടി. സ്‌കൂളില്‍ ഫോര്‍ത്ത് ഫോറമില്‍ പഠിക്കുമ്പോഴാണ് തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി യൂണിയനില്‍ അംഗത്വമെടുക്കുന്നത്. തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി യൂണിയനാണ് പിന്നീട് കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ആയി രൂപം മാറിയത്. 1952ല്‍ തിരുവനന്തപുരം എം.ജി. കോളേജിലും പിന്നീട് യൂണിവേഴ്‌സിറ്റി കോളേജിലും എത്തിയപ്പോഴേക്കും പിള്ള കെ.എസ്.എഫ് നേതാവായി മാറിക്കഴിഞ്ഞിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.എഫിനെ വളര്‍ത്തിയതില്‍ പിള്ളയുടെ വാക്ചാതുരിക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു.
പിന്നീട് എറണാകുളം ലോ കോളേജില്‍ ചേര്‍ന്നെങ്കിലും നിയമ പഠനം പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്തേക്ക് സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചെത്തി. 1958ല്‍ തിരുവനന്തപുരത്ത് സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയില്‍ ലോഡ്ജില്‍ താമസിച്ചിരുന്ന അയല്‍വാസികളായ പ്രതിപക്ഷ നേതാവ് പി.ടി.ചാക്കോയുമായും കോണ്‍ഗ്രസ് നേതാവ് സി.എം.സ്റ്റീഫനുമായും അടുത്തത്. 1957ല്‍ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രതീക്ഷക്കൊത്തുയരാത്തത് പിള്ളയുടെ മനസില്‍ കമ്മ്യൂണിസത്തോട് അകല്‍ച്ചയുണ്ടാക്കി.
പിന്നീട് അടിമുടി കമ്മ്യൂണിസ്റ്റായിരുന്ന പിള്ള പതുക്കെ കോണ്‍ഗ്രസ് ആശയങ്ങളോട് പൊരുത്തപ്പെട്ടു തുടങ്ങി. സാമുദായിക ആചാര്യന്‍ മന്നത്ത് പത്മനാഭന്റെ ഉപദേശം കൂടി ലഭിച്ചതോടെ 1958ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. വിമോചന സമരകാലത്ത് മന്നത്തിനൊപ്പം അണി ചേര്‍ന്നു. ഏറ്റവും പ്രായം കുറഞ്ഞ എ.ഐ.സി.സി അംഗമെന്ന നിലയിലും പിള്ള പ്രശസ്തനായി. ആര്‍. ശങ്കര്‍ കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോള്‍ കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗമായിരുന്ന പിള്ള 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകരിക്കുന്നത് വരെ ഈ സ്ഥാനത്ത് തുടര്‍ന്നു.1960ല്‍ പത്തനാപുരത്ത് നിന്ന് ഇരുപത്തിയഞ്ചാം വയസില്‍ രണ്ടാം കേരള നിയമസഭയില്‍ അംഗമായി. അന്ന് ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗമെന്ന ബഹുമതി പിള്ളയ്ക്ക് ലഭിച്ചു. 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ കെ.എം.ജോര്‍ജ് പാര്‍ട്ടി ചെയര്‍മാനും പിള്ള സ്ഥാപക ജനറല്‍ സെക്രട്ടറിയുമായി.
വിവാദങ്ങള്‍
എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു ആര്‍. ബാലകൃഷ്ണ പിള്ളയുടെ യാത്ര. സ്വേഛാധിപതിയായ ഭരണാധികാരിയെ പോലെ ആഢ്യത്വം അടിയറ വെക്കാതെ പലപ്പോഴും ഐക്യ ജനാധിപത്യ മുന്നണിയില്‍ നിന്ന് വഴിപിരിയേണ്ടി വന്ന അദ്ദേഹം 2000 ത്തിന്റെ തുടക്കത്തില്‍ നിലനില്‍പ്പിനായി പല കളങ്ങളും മാറ്റിച്ചവിട്ടിയും കരുനീക്കങ്ങള്‍ നടത്തുകയും ചെയ്തു. 1982ലെ കരുണാകരന്‍ മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായ പിള്ളക്ക് സഭയില്‍ നടത്തിയ പഞ്ചാബ് മോഡല്‍ പ്രസംഗത്തെ തുടര്‍ന്ന് 1985 ജൂണ്‍ 5 ന് രാജി വക്കേണ്ടി വന്നു.
1987ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനൊപ്പം ലയിച്ച് കൊട്ടാരക്കരയില്‍ നിന്ന് ജയിച്ച പിള്ള 1989ല്‍ സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് (ബി) ജോസഫ് ഗ്രൂപ്പില്‍ നിന്ന് പിളര്‍ന്ന് മാറിയതോടെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനായി തീര്‍ന്നു. ഇതിനിടയില്‍ ഗ്രാഫെറ്റ് കേസും ഇടമലയാര്‍ കേസും പിള്ളയെ വിവാദ നായകനാക്കി. 2001-2004ലെ യു.ഡി.എഫ് മന്ത്രിസഭയില്‍ മന്ത്രി പദം കിട്ടാഞ്ഞതിനെ തുടര്‍ന്ന് യു.ഡി.എഫുമായി സ്വരചേര്‍ച്ചയിലല്ലായിരുന്നു. ഒടുവില്‍ 2003ല്‍ മന്ത്രിയായിരുന്ന മകന്‍ കെ.ബി.ഗണേഷ് കുമാറിനെ രാജിവപ്പിച്ച് 2004 വരെ പിള്ള ഗതാഗത വകുപ്പ് മന്ത്രിയായി തുടര്‍ന്നു.
കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗമായിരുന്ന കൊടിക്കുന്നില്‍ സുരേഷുമായി ഇടഞ്ഞതിനെ തുടര്‍ന്ന് 2005ല്‍ യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയില്‍ ചേരാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പിള്ള യു.ഡി.എഫില്‍ തന്നെ തിരിച്ചെത്തി. യു.ഡി.എഫിന്റെ സ്ഥാപക നേതാക്കളിലൊരാളായ പിള്ളയുടെ രാഷ്ട്രീയ ജീവിതത്തിലെ കടുപ്പമേറിയ കാലഘട്ടമായിരുന്നു 2000. മകന്റെ മന്ത്രിപദവും വിവാദങ്ങളും പിള്ളയുടെ രാഷ്ട്രീയ മൂല്യമിടിച്ചു. 2015ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോടും ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന കെ.എം.മാണിയോടും ബാര്‍ക്കോഴ കേസില്‍ വിയോജിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഒടുവില്‍ 2018ല്‍ ഇടതുമുന്നണിയുടെ ഭാഗമായതോടെ രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്ന ചൊല്ല് അന്വര്‍ത്ഥമായി.
ജയില്‍ വാസം
കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനാണ് ഇദ്ദേഹം. ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തേക്കു തടവു ശിക്ഷക്ക് വിധിച്ചിരുന്നു. അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രികൂടിയാണ് ആര്‍. ബാലകൃഷ്ണപ്പിള്ള. എന്നാല്‍, ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാര്‍ക്കൊപ്പം ശിക്ഷായിളവ് നല്‍കി ഇദ്ദേഹത്തെ വിട്ടയച്ചു. 69 ദിവസത്തെ ജയില്‍ വാസത്തിനൊപ്പം 75 ദിവസത്തെ പരോളും 85 ദിവസത്തെ ആശുപത്രി ചികിത്സാക്കാലവും ശിക്ഷായിളവിനായി പരിഗണിക്കപ്പെട്ടിരുന്നു. ജയില്‍ ശിക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദമായതിനെത്തുടര്‍ന്ന് ശിക്ഷാ ഇളവില്‍ നാല് ദിവസം നേരത്തേ വെട്ടിക്കുറച്ചിരുന്നു. 2017 മുതല്‍ 2021 വരെ സംസ്ഥാന മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
വഹിച്ച പദവികള്‍
1963 മുതല്‍ തുടര്‍ച്ചയായി 27 വര്‍ഷം ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 11 വര്‍ഷം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. 1975ല്‍ സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ഗതാഗത, എക്‌സൈസ്, ജയില്‍ വകുപ്പ് മന്ത്രിയായി ആദ്യമായി മന്ത്രിസ്ഥാനത്തെത്തി.1980-82, 1982-1985, 1986-1987 കാലഘട്ടങ്ങളില്‍ വൈദ്യുതിവകുപ്പ് മന്ത്രിയായിട്ടുണ്ട്. 1991-1995, 2003-2004 കാലഘട്ടത്തില്‍ ഗതാഗതവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു. കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം. എ.ഐ.സി.സി. അംഗം. 1963-64 കാലഘട്ടത്തില്‍ കേരള നിയമസഭയില്‍ ഭവനസമിതിയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. 1964-ല്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായി. പാര്‍ട്ടിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. 1971-ല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1960, 1965,1977,1980,1982,1987,1991, 1996, 2001 എന്നീ വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവസാനമായി കൊട്ടാരക്കരയില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ : ആര്‍.വത്സല. മക്കള്‍ : ഉഷ, കെ.ബി.ഗണേഷ് കുമാര്‍, ബിന്ദു. മരുമക്കള്‍ : കെ.മോഹന്‍ദാസ് (മുന്‍ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി), ബിന്ദു ഗണേഷ് (ദുബായ്), ടി.ബാലകൃഷ്ണന്‍ (മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി).