കൊളസ്‌ട്രോൾ കൂടുമെന്നു ഭയക്കണ്ട: ദിവസം ഒരു മുട്ട കഴിച്ചാൽ ഗുണങ്ങൾ നിരവധിയാണ്

മുട്ട എല്ലാവരുടെയും വീട്ടിലുള്ള സ്ഥിരം വിഭവമാണ്. പെട്ടെന്നൊരു കറി ഉണ്ടാക്കണമെങ്കിലോ, എളുപ്പത്തിൽ പ്രാതൽ ഉണ്ടാക്കുന്നതിനോ മുട്ട തന്നെ ശരണം

എന്നാൽ കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് ഇന്ന് പലരും മുട്ട ഒഴിവാക്കാറാണ് പതിവ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട.

ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീന്‍ ഉള്ളിലെത്തേണ്ടതുണ്ട്. 60 കിലോ ഭാരമുള്ള ഒരാള്‍ക്ക് ഒരു ദിവസം 60 ഗ്രാം പ്രോട്ടീന്‍ ശരീരത്തിൽ എത്തേണ്ടതായി ഉണ്ട്. മുട്ടയ്‌ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങളും നാരുകളുള്ള ഭക്ഷണവും ഉള്‍പ്പെടുത്തണം.

മുട്ട കഴിക്കുമ്പോൾ

കൊളസ്‌ട്രോള്‍ നില ഉയര്‍ന്ന ആളുകള്‍ മുട്ടയുടെ മഞ്ഞക്കുരു ഒഴിവാക്കണം. പ്രമേഹം, വൃക്കരോഗം തുടങ്ങിയവയുള്ളവര്‍ മുട്ട ഉറപ്പായും ഒഴിവാക്കണം

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായകരമായ കോളിന്‍ എന്ന പോഷകം മുട്ടയിലുണ്ട്. ഇത് നാഡികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. കരളില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും കോളിന്‍ ഏറെ നല്ലതാണ്.

ല്യൂട്ടീൻ, സീസാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകൾ മുട്ടയിലുണ്ട്. ഇവ കണ്ണിന്റെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. മുട്ടയിലുള്ള ല്യൂട്ടീൻ, ഒമേഗ 3 എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

റെറ്റിനയ്ക്ക് നാശം ഉണ്ടാകാതെ സംരക്ഷിക്കാൻ കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ഈ രണ്ട് ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു.

അസ്ഥികള്‍ക്ക് ഏറ്റവും ആവശ്യമുള്ളതാണ് വിറ്റാമിന്‍ ഡി. രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ വിറ്റാമിന്‍ ഡി പങ്കുവഹിക്കുന്നു.

പ്രോട്ടീനുള്ള ഭക്ഷണം ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും മെലിയാനും സഹായിക്കും. ബോഡി മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്ന അമിനോ ആസിഡുകള്‍ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

പോഷക സമൃദ്ധം

മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഒരു കലോറിയിൽ കൂടുതൽ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം വിറ്റാമിൻസ്, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയും മുട്ടയിലുണ്ട്.

  • സെലിനിയം
  • ഫോസ്ഫറസ്
  • കോളിൻ

വിറ്റാമിൻ ബി 12, ഒന്നിലധികം ആന്റീ ഓക്‌സിഡന്റുകൾ തുടങ്ങിയവയും മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം രോഗപ്രതിരോധ വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തെ സഹായിക്കുന്നു