കാണുന്നതെല്ലാം അകത്താക്കണ്ട: ഷുഗറുള്ളവർക്ക് ഏതെല്ലാം പഴങ്ങൾ കഴിക്കാം?

ഷുഗറുള്ളവർക്ക് പൊതുവെയുള്ള സംശയമാണ് ഏതൊക്കെ ആഹാരം കഴിക്കണം, ഏതൊക്കെ ആഹാരങ്ങൾ ഒഴിവാക്കണം എന്നുള്ളത്. പഴങ്ങളുടെ കാര്യത്തിൽ ഷുഗർ ഉള്ളതിനാൽ ഇവ കഴിക്കാമോ എന്ന സംശയവും പൊതുവെ വരാറുണ്ട്. എന്നാൽ ഷുഗറുള്ളവർക്ക് പഴങ്ങൾ കഴിക്കാം. അവയിൽ ചിലത് ഷുഗർ കുറയ്ക്കുവാൻ സഹായിക്കുകയും ചെയ്യും. ഭക്ഷണ രീതിയിൽ മാറ്റങ്ങൾ കൊണ്ട് വന്നാൽ മാത്രമേ ഷുഗർ നിയന്ത്രിക്കുവാൻ സാധിക്കുകയുള്ളു. ഷുഗറുള്ളവർ കൃത്യ സമയത്തു ഭക്ഷണം കഴിക്കയും, ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുകയോ വേണം

ഷുഗറുള്ളവർക്ക് എന്തെല്ലാം പഴങ്ങൾ കഴിക്കാം?

ഓറഞ്ച് : ഓറഞ്ചും മറ്റ് നാരക ഫലങ്ങളും നാരുകളും വൈറ്റമിൻ സി യും ധാരാളം അടങ്ങിയതാണ്. വൈറ്റമിൻ സി, പ്രമേഹ രോഗികളിൽ ബ്ലഡ് ഷുഗർ ലെവൽ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ആന്റി ഓക്സിഡന്റ് ആണ്. ഭക്ഷണശേഷം പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനെ ഇത് തടയുന്നു. ഓറഞ്ചിൽ ധാരാളമായടങ്ങിയ നാരുകൾ ഉയർന്ന രക്തസമ്മർദം, കൊളസ്‌ട്രോൾ, ബ്ലഡ് ഷുഗർ ഇവയെ നിയന്ത്രിക്കാൻ സഹായിക്കും.

സബർജിൽ : നാരുകൾ, വൈറ്റമിൻ കെ, ആന്റിഓക്‌സിഡന്റുകൾ ഇവ സബർജില്ലിൽ ധാരാളം ഉണ്ട്. ഇവയിലെ പോഷകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല ഗ്ലൈസെമിക് ഇൻഡക്‌സ് കുറഞ്ഞ പഴമാണ് സബർജിൽ (pear). അതായത് ഈ പഴം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയില്ല.

ആപ്പിൾ: പോഷകസമ്പുഷ്ടമായആപ്പിളിൽ നാരുകളും ഹൃദയാരോഗ്യമേകുന്ന ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്. വൈറ്റമിൻ സി ധാരാളമുള്ള ആപ്പിളിൽ കാലറി വളരെ കുറവാണ്. കുറച്ചു മാത്രം സോഡിയം അടങ്ങിയ ആപ്പിളിൽ കൊഴുപ്പോ കൊളസ്ട്രോളോ ഒട്ടുമില്ല. ഭക്ഷണത്തിൽ ആപ്പിൾ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻഫ്ളമേഷൻ തടയാനും രക്തസമ്മർദം സാധാരണനിലയിലാക്കാനും സഹായിക്കും.

ബെറിപ്പഴങ്ങൾ: മധുരമുള്ള ബെറിപ്പഴങ്ങൾ രുചികരവും പോഷക സമ്പുഷ്ടവുമാണ്. എന്നാൽ ഇവയ്ക്ക് ഗ്ലൈസെമിക് ഇൻഡക്‌സ് കുറവാണ്. ആന്റി ഓക്സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയ ഇവയെ അമേരിക്കൻ ഡയബറ്റിക് അസോസിയേഷൻ സൂപ്പർഫുഡ് ആയാണ് വിശേഷിപ്പിക്കുന്നത്. ബെറിപ്പഴങ്ങൾ, അന്നജം കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതികരണം മെച്ചപ്പെടുത്താനും സഹായിക്കും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

കിവിവൈറ്റമിൻ സി, പൊട്ടാസ്യം, നാരുകൾ ഇവയടങ്ങിയ കിവി, പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കിവിപ്പഴങ്ങൾക്ക് കഴിയുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.