‘ഇതൊക്കെ ഈസിയല്ലെ: നേരിട്ട് കാണുമ്പോൾ പഠിപ്പിച്ചുതരാം’: ഡേവിഡ് വാർണറോട് അല്ലു അർജുൻ

ഹൈദരാബാദ്: ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് അല്ലു അർജുൻ ചിത്രം പുഷ്പ 2 വിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചാണ് ​ഗാനം പുറത്തിറക്കിയത്. ‘നിന്റെ കയ്യാണ് നിന്റെ ബ്രാൻഡ്’ എന്ന ടാഗ് ലൈനോടെ എത്തിയ ‘പുഷ്പ പുഷ്പ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

ഗാനം ഇതിനകം വൈറലായി കഴിഞ്ഞു. കഴിഞ്ഞ ദിവസം ഗാനത്തിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇട്ടതിന് പിന്നാലെ അല്ലുവിന്‍റെ പോസ്റ്റിനടിയില്‍ വന്ന ഒരു കമന്‍റും അതിന് അല്ലു അര്‍ജുന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആകുന്നത്. അല്ലുവിന്‍റെയും തെലുങ്ക് സിനിമയുടെയും കടുത്ത ആരാധകനായ ഡേവിഡ് വാര്‍ണറുടെതായിരുന്നു ഈ കമന്‍റ്.

‘ഹോ ഡിയര്‍ ഇത് ഗംഭീരമായിട്ടുണ്ട് ഇത് ചെയ്യാന്‍ കുറച്ച് സമയം എടുക്കേണ്ടി വരും’ എന്നായിരുന്നു ഐപിഎല്ലിലെ മുന്‍ ഹൈദരാബാദ് താരമായ വാര്‍ണറുടെ കമന്‍റ്. പ്രത്യേകിച്ച് പുഷ്പ പുഷ്പ പാട്ടിലെ ഹുക്ക് സ്റ്റെപ്പായ ചപ്പല്‍ ഡാന്‍സ് ഉദ്ദേശിച്ചാണ് വാര്‍ണര്‍ ഇത് പറഞ്ഞത്. എന്നാല്‍ ഉടന്‍ തന്നെ അല്ലു അര്‍ജുന്‍റെ മറുപടി താരത്തിന് എത്തി.

കുറേ സ്മൈലിയോട് കൂടി അല്ലു ഇട്ട കമന്‍റ് ഇങ്ങനെയാണ്. ഡേവിഡ് വാര്‍ണര്‍ ഇത് വളരെ ഈസിയാണ് അടുത്ത തവണ നേരിട്ട് കാണുമ്പോള്‍ ഞാന്‍ തന്നെ കാണിച്ചു തരാം എന്നാണ് അല്ലു പറഞ്ഞത്. നേരത്തെയും അല്ലുവിന്‍റെ പുഷ്പ ഡയലോഗും, ഡാന്‍സുകളും ഇന്‍സ്റ്റയില്‍ റീല്‍സായി ഇടാറുള്ള വാര്‍ണര്‍ അല്ലുവിന്‍റെ കമന്‍റ് ലൈക്കും ചെയ്തിട്ടുണ്ട്.

അതേ സമയം 2024 ഓഗസ്റ്റ്‌ 15നു സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് പുഷ്പ 2 തീയറ്ററുകളിലെത്തുക. 2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു.

മലയാള നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷണത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം. രണ്ടാം ഭാഗത്തില്‍ എന്തുസംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ എത്തിച്ചിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Latest News