നമ്മുടെ പ്രകൃതി ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. പാടത്തും, തൊടിയിലുമൊക്കെയായി നിരവധി ചെടികളും മരങ്ങളുമുണ്ട്. ഇവയിൽ ആകർഷണം തോന്നുന്ന, പൂക്കൾ, ഇലകൾ, കായ്കൾ എന്നിവ താരമായി കാണപ്പെടും. എന്നാൽ നമ്മൾ സ്ഥിരം കാണുന്ന പലതും വിഷം നിറഞ്ഞവയാണ്. പ്രകൃതി അതിന്റെ അതിജീവനത്തിനും നിലനിൽപ്പിനും വേണ്ടി അനേകം മാറ്റങ്ങൾ ഓരോ സ്പീഷ്യസിലും നിർമ്മിച്ചിട്ടുണ്ട്.
പണ്ടത്തെ ആചാര്യന്മാർ പറഞ്ഞു വച്ചത് ഒരു ചെടിയുടെ വേര് കൊന്നില്ലങ്കിൽ ചിലപ്പോൾ ഇല കൊല്ലാമെന്നാണ് കാരണം അവയിൽ വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ടാകും. നമുക്ക് ആകർഷണം തോന്നി കയ്യെത്തി പറിക്കുന്ന പൂവിൽ പോലും കൊടും വിഷം അടങ്ങിയിട്ടുണ്ടാകും. പ്രകൃതിയെ ഇപ്പോഴും വളരെ സൂക്ഷിച്ചു മാത്രമേ കൈകാര്യം ചെയ്യാവുള്ളു. നമ്മൾ സ്ഥിരം കാണുകയും എന്നാൽ വിഷമുള്ളതുമായ ചില സ്പീഷ്യസുകളെ കുറിച്ചാണ് താഴെ നൽകിയിരിക്കുന്നത്
ആവണക്ക്
പണ്ട് വേദനയ്ക്കും മറ്റും മരുന്നായി ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, കായ ഉള്ളിൽ ചെന്നാൽ മാരക വിഷമാണ്. റിസിൻ എന്നു പേരുള്ള toxalbumin വളരെ അപകടകാരിയാണ്. അഞ്ചു മുതൽ 10 വരെ കുരുക്കൾ ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം.
കമ്മട്ടി
കായകള്‍ വിഷമുള്ളതു തന്നെ എങ്കിലും ഗൗരവമായ പ്രശ്നങ്ങൾ പതിവില്ല. കുരുവിൽ നിന്നു ലഭിക്കുന്ന ദ്രാവകത്തിൽ നിന്നും ബയോഡീസൽ ഉൽപാദിപ്പിക്കാം. പക്ഷേ കുരുവിനുള്ളിൽ curcin എന്ന toxalbumin ഉണ്ട്. കൂടാതെ ജട്രോഫിക് ആസിഡും.
കഴിച്ചാൽ വായ മുതൽ എരിച്ചിലും പൊള്ളലും ആരംഭിക്കും. പിന്നീട് ഛർദ്ദിയും വയറുവേദനയും ഒഴിച്ചിലും. പിന്നെ ദാഹവും നിർജലീകരണവും, കേൾവി ശക്തി കുറയുകയും കാഴ്ച മങ്ങുകയും ചെയ്യും. പിന്നെ വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്റെ പ്രവർത്തനവും നിലയ്ക്കും. നാലോ അഞ്ചോ കായ ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം. അപൂര്‍വമായി മാത്രമേ ഗൗരവമുള്ള പ്രശ്നങ്ങൾ പതിവുള്ളൂ.
എരുക്ക്
പർപ്പിൾ നിറത്തിലുള്ള പൂക്കളുണ്ടാവുന്ന Calotropis gigantia, വെള്ള നിറത്തിലുള്ള പൂക്കൾ ഉണ്ടാവുന്ന Caltrops procera എന്നീ രണ്ടു വിഭാഗങ്ങളാണ് സാധാരണ. ഗർഭഛിദ്രം നടത്താൻ വേണ്ടി വ്യാജ വൈദ്യന്മാർ ഉപയോഗിച്ചിരുന്നു. അങ്ങനെ പലപ്പോഴും മാതൃ മരണങ്ങൾക്ക് കാരണക്കാരൻ ആയിട്ടുണ്ട്.
ശരീരത്തിൽ ചതവ് പറ്റിയതായി മറ്റുള്ളവരെപ്പറ്റിക്കാൻ ഇതിന്റെ നീര് ഉപയോഗിക്കാറുണ്ട്. നീര് ശരീരത്തിൽ പറ്റിയാൽ അലർജിയും വീക്കവും ഉണ്ടാവും. പക്ഷേ ഉള്ളിൽ ചെന്നാൽ അത്ര സുഖകരമായിരിക്കില്ല. വയറുവേദനയും ഛർദിയും ഒഴിച്ചിലും സാധാരണ സംഭവിക്കാം. എന്നാൽ അപസ്മാരവും കൊളാപ്സും കോമയും മരണവും അപൂർവമായെങ്കിലും സംഭവിക്കാവുന്നതാണ്.
ചേര്
മുകളിൽ പറഞ്ഞതുപോലെ ശരീരത്തിൽ ചതവുകൾ ഉണ്ടായതായി മറ്റുള്ളവരെ കബളിപ്പിക്കാൻ ഉപയോഗിക്കാം. ലക്ഷണങ്ങൾ മുകളിൽ പറഞ്ഞതുതന്നെ. ആറു മുതൽ എട്ടുവരെ കായകൾ ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം.
മഞ്ഞ അരളി
ഇത് കൊടിയ വിഷം ആണെന്ന് അറിയാതെ ആണോ എന്നറിയില്ല പലയിടത്തും ഈ ചെടി വളർത്തുന്നു. ചെടിയുടെ കായ മാത്രമല്ല എല്ലാ ഭാഗവും വിഷമുള്ളതുതന്നെ. ഇലയും തണ്ടും വേരും, എന്തിനു ഏറെ പറയണം ഇത് വെട്ടി തീയിട്ടാൽ ഉണ്ടാവുന്ന പുകയിലും വിഷം ഉണ്ടാവും.
ഇത്തിരി മാത്രം കഴിച്ചു പോയ കേസുകൾ ഛർദിയും വയറിളക്കവും ആയി ഒതുങ്ങാം. എന്നാൽ ഇത്തിരി കൂടിയാൽ ഹൃദയതാളം പിഴയ്ക്കും. ചികിത്സയുടെ ശാസ്ത്രീയ വശങ്ങൾ ഇവിടെ പറയുന്നില്ല. ഒരു കാര്യം മാത്രം. കിട്ടാനുള്ളതിന്റെ അങ്ങേയറ്റത്തെ ചികിത്സയ്ക്കും ജീവൻ തിരികെ തരാൻ ആവുമെന്നുറപ്പില്ല. ഉള്ളിൽ ചെന്നാൽ ഹൃദയത്തിന്റെയും നാഡീവ്യൂഹങ്ങളുടെയും പ്രവർത്തനത്തെ സാരമായി ബാധിക്കും. എട്ടുപത്ത് കായകൾ ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം.
ഒതളങ്ങ
ആത്മഹത്യയ്ക്കോ കൊലപാതകത്തിനോ പറ്റിയ ഒന്ന് ആയതു കൊണ്ടും നാട്ടുമ്പുറങ്ങളിൽ സുലഭം ആയതു കൊണ്ടുമാവാം നമ്മുടെ നാട്ടിൽ ആത്മഹത്യയ്ക്ക് വേണ്ടിയുള്ള “പ്ലാന്റ് പോയിസണിംഗിൽ” പകുതിയിൽ കൂടുതലും ഒതളങ്ങ കാരണമാണ്. മൊത്തം “പോയിസണിംഗിൽ” ഏകദേശം പത്തു ശതമാനവും ഇത് കഴിച്ചാണ്.
ഹൃദയത്തെ തന്നെയാണിതിന്റെ വിഷവും ബാധിക്കുന്നത്. നേരിട്ടും പരോക്ഷമായും രക്തത്തിലെ ധാതു ലാവണങ്ങളുടെ അളവിൽ മാറ്റം വരുത്തിയും ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാം. പ്രതിമരുന്നുകൾ ഇന്ത്യയിൽ കിട്ടാനില്ല. ഹൃദയ താളം നേരെയാക്കാൻ “ടെമ്പററി പേസിങ്” പ്രക്രിയ നടത്തി നോക്കും. താളം നേരെ ആവും എന്നുറപ്പില്ല. മരണപ്പെടാന്‍ സാധ്യത ഏറെ.
അരളി
പിങ്കും വെള്ളയും കളറിൽ ദേശീയപാതയുടെ നടുക്കുള്ള മീഡിയനിൽ നിൽക്കുന്നത് കാണാൻ എന്തൊരു ഭംഗിയാണ്. പക്ഷേ അടിമുടി വിഷമാണ് ഈ സസ്യം. ഇലയും തണ്ടും വേരും കായും ഒക്കെ വിഷമാണ്, എന്തിനേറെ പൂവിനുള്ളിലെ nectar പോലും വിഷമാണ്.
മുകളിൽ പറഞ്ഞതുപോലെ ഹൃദയത്തിന്റെ പ്രവർത്തനത്തെയാണ് പ്രധാനമായും ബാധിക്കുക. എട്ടുപത്ത് കായ, അല്ലെങ്കിൽ 15 മുതൽ 20 ഗ്രാം വരെ വേര്, അതുമല്ലെങ്കിൽ 5 മുതൽ 10 വരെ ഇലകൾ( ചെറിയ കുട്ടികളില്‍ ഒരൊറ്റ ഇല പോലും) എന്നിവ മരണകാരണം ആവാം.