യുഎസിൽ നടക്കുന്ന ഫലസ്തീൻ അനുകൂല പ്രക്ഷോഭം ശക്തി കൂടുകയാണ്. എന്നാൽ ഈ പ്രതിഷേധത്തെ അടിച്ചമർത്താനാണ് പൊലീസ് ശ്രമം. 24 മണിക്കൂറിനിടെ വിദ്യാർഥികളുൾപ്പെടെ നാനൂറോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തു. കൊളംബിയ സർവകലാശാലയിൽ 109 വിദ്യാർഥികളും സിറ്റി കാമ്പസിൽ 173 വിദ്യാർഥികളെയും അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ കയ്യേറിയ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാളും പൊലീസ് ഒഴിപ്പിച്ചു. പ്രതിഷേധിക്കുന്നവരെ പുറത്താക്കാന്‍ സർവകലാശാല അധികൃതര്‍ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
ടെക്‌സസ് യൂണിവേഴ്‌സിറ്റി, കാലിഫോർണിയ യൂണിവേഴ്‌സിറ്റി, ലോസാഞ്ചലസ് യൂണിവേഴ്‌സിറ്റി തുടങ്ങി അമേരിക്കയിലെ മുഴുവൻ കാമ്പസുകളിലും പൊലീസ് കയറുകയും പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രക്ഷോഭകാരികളെ നേരിടാൻ ഇസ്രായേൽ അനുകൂല സംഘവും എത്തുന്നുണ്ട്. ഫലസ്തീൻ അനുകൂല പ്രക്ഷോഭകരെ മാത്രം പൊലീസ് അറസ്റ്റ് ചെയ്യുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.
വിദ്യാർത്ഥി പ്രതിഷേധത്തിൻ്റെ സംഘാടകർ ഇസ്രായേൽ ഗസ്സയിൽ വംശഹത്യയാണ് നടത്തുന്നതെന്നും തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇസ്രായേലുമായും മറ്റ് പ്രതിരോധ കമ്പനികളുമായും ഉള്ള ബിസിനസ്സിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ പ്രതിഷേധത്തെ എതിർക്കുന്നവർ ആരോപിക്കുന്നത് ഈ പ്രതിഷേധങ്ങളിൽ അക്രമാസക്തമായ മുദ്രാവാക്യങ്ങൾ ഉയർന്നുവെന്നാണ്.
ഗസ്സയിലെ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ചൊവാഴ്ച അർധരാത്രിക്ക് ശേഷമാണ് കൊളംബിയ സർവകലാശാലയുടെ ഹാമിൽട്ടൺ ഹാൾ പിടിച്ചെടുത്തത്. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുന്ന സർവകലാശാല നടപടി തുടരുമ്പോഴായിരുന്നു വിദ്യാർത്ഥികളുടെ ഈ നീക്കം.
വടക്കൻ ഗസ്സയിൽ ഫെബ്രുവരിയിൽ മരിച്ച ആറുവയസുകാരി ഹിന്ദ് റജബിന്റെ സ്മരണയ്ക്കായി വിദ്യാർഥികൾ കെട്ടിടത്തിനു ‘ഹിന്ദ്സ് ഹാൾ’ എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് വെള്ള ബാനർ പ്രദർശിപ്പിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഇസ്രായേലിന് ആയുധം നൽകുന്ന യു.കെയിലെ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധവുമായി തൊഴിലാളികളും തൊഴിലാളി സംഘടനകളും എത്തിയിട്ടുണ്ട്. ലോക തൊഴിലാളി ദിനത്തിൽ തങ്ങളുടെ ജനതക്കായി കൈകോർക്കാനായി ഫലസ്തീനിലെ ട്രേഡ് യൂനിയനുകളുടെ അഭ്യർഥനക്ക് പിന്നാലെയായിരുന്നു ഈ നടപടി. ‘വർക്കേഴ്സ് ഫോർ എ ഫ്രീ ഫലസ്തീൻ’ എന്ന കൂട്ടയ്മാക്ക് കീഴിലായിരുന്നു പ്രതിഷേധക്കാർ ഒരുമിച്ചത്.
ആയിരത്തിലധികം ജീവനക്കാരും ട്രേഡ് യൂണിയനിസ്റ്റുകളും ലണ്ടനിലെ യു.കെ ഡിപ്പാർട്ട്‌മെന്റ് ഫോർ ബിസിനസ് ആൻഡ് ട്രേഡ് ഉപരോധിച്ചു. വെയിൽസ്, സ്കോട്ട്‍ലൻഡ്, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലുള്ള ബ്രിട്ടീഷ് ഡിഫൻസ് കമ്പനിയായ ബി.എ.ഇ സിസ്റ്റംസിന്റെ ആയുധ ഫാക്ടറികൾക്ക് മുന്നിലും സമരക്കാർ അണിനിരന്നു.
ട്രേഡ് യൂണിയനുകൾ പറയുന്നത് ആയുധ കമ്പനി മേധാവികളും ബ്രിട്ടനിലെ രാഷ്ട്രീയ നേതൃത്വവും ഇസ്രായേലിനുള്ള ആയുധ വിൽപ്പന നിർത്തുന്നില്ലെങ്കിൽ തൊഴിലാളികളായ തങ്ങൾ അത് അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്നാണ്.
മറ്റൊരു സംഭവം ഉണ്ടായത് പകുതിയിലധികം വരുന്ന ഇസ്രായേലികളും അവരുടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉടൻ രാജിവെക്കണമെന്ന അഭിപ്രായക്കാരെന്ന് പുറത്തുവരുന്ന സർവേ റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു. ഇസ്രായേൽ ചാനലായ എൻ12 പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിൽ 58 ശതമാനം പേരാണ് നെതന്യാഹു ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രതിരോധമന്ത്രി യോവ് ഗാലന്റ് രാജിവെക്കണമെന്ന് 58 ശതമാനം ആളുകൾ ആവശ്യപ്പെടുന്നുണ്ട്. ഐ.ഡി.എഫ് മേധാവി സ്റ്റാഫ് ഹെർസി ഹലേവി രാജിവെക്കണമെന്ന് 50 ശതമാനം പേരാണ് ആവശ്യപ്പെടുന്നത്. ഇസ്രായേലിൽ തെരഞ്ഞെടുപ്പ് എത്രെയുംവേഗം നടത്തണമെന്ന് 44 ശതമാനം ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.
എന്തായാലും ഗസ്സയിൽ നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവർത്തിയുടെ പേരിൽ ഇസ്രായേലിനു മേൽ വാൻ പ്രതിഷേധമാണ് രാജ്യവ്യാപകമായി നടക്കുന്നത്. ഗസ്സയിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികളിലെ ജീവനക്കാരോട് യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കുന്ന രാജ്യാന്തര ക്രിമിനൽ കോടതി മൊഴിയെടുത്തതായി ആണ് റിപ്പോർട്ട്.