നമ്മുടെ ചുറ്റുമുള്ള പല വിഭവങ്ങളും അനവധി ഗുണങ്ങളടങ്ങിയവയാണ്. പണ്ട് മുറ്റത്തു പിടിക്കുന്ന കള പോലും ഔഷധ ഗുണമുള്ളവയാണെന്നു പറയാറുണ്ട്. നമ്മുടെ വീട്ടിലെ വൈദ്യം കൊണ്ട് തന്നെ പല രോഗങ്ങളെയും ചെറുക്കുവാൻ സാധിക്കും. അതിലൊന്നാണ് മൾബറി.
പ്രമേഹ രോഗികൾക്ക് പോലും കഴിക്കാവുന്ന മൾബറി അകാല വാർധക്യം തടയും പഴുത്തു തുടങ്ങുമ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പും നിറമാണ് മൾബറിക്ക്. ജീവകങ്ങൾ, ധാതുക്കൾ നിരോക്സീകാരികൾ, ഫ്ലേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവയുടെ സാന്നിധ്യം വളരെ ഗുണം ചെയ്യും.
ആദ്യം തന്നെ മൾബറിയിൽ അടങ്ങിയ പോഷകങ്ങളേതൊക്കെ എന്നു നോക്കാം. 43 കിലോ കാലറി ഊർജ്ജം അടങ്ങിയ മൾബറി പഴത്തിൽ 9.8 ഗ്രാം അന്നജം, 1.44ഗ്രാം പ്രോട്ടീൻ, 0.39 ഗ്രാം കൊഴുപ്പ്, 1.7 ഗ്രാം ഡയറ്ററി ഫൈബർ ഇവയുണ്ട്.
ജീവകങ്ങളായ ഫോളേറ്റുകൾ, നിയാസിൻ, പാന്റോതെനിക് ആസിഡ്, ജീവകം എ, സി, ഇ, കെ എന്നിവയും മൾബറി പഴത്തിലുണ്ട്. 10 മില്ലിഗ്രാം സോഡിയവും 194 ഗ്രാം സോഡിയവും കൂടാതെ കാൽസ്യം, കോപ്പര്‍ ഇരുമ്പ്, മഗ്നീഷ്യം, സെലെനിയം, സിങ്ക് എന്നീ ധാതുക്കളും, ഫൈറ്റോ ന്യൂട്രിയന്റുകളായ ബീറ്റോ കരോട്ടിൻ, ല്യൂട്ടിൻ, സിസാന്തിൻ എന്നിവയും മൾബറി പഴത്തിലുണ്ട്. കൊളസ്ട്രോൾ ഒട്ടും അടങ്ങിയിട്ടില്ലാത്ത പഴമാണിത്.
ഇതാ മൾബറി പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ
ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു
പതിവായി മിതമായ അളവിൽ മൾബറി പഴം കഴിക്കുന്നത് വയറിന് വളരെ നല്ലതാണ്. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുന്നു. മൾബറിയിലടങ്ങിയ ഭക്ഷ്യ നാരുകൾ (Dietary Fiber) ആണിതിനു പിന്നിൽ.ഒരു തവണ മള്‍ബറി കഴിക്കുമ്പോൾ തന്നെ ദിവസവും ആവശ്യമുള്ള ഭക്ഷ്യനാരുകളുടെ പത്തു ശതമാനം ലഭിക്കുന്നു. മലബന്ധം അകറ്റുന്നു. കൂടാതെ ഈ ഭക്ഷ്യ നാരുകൾ കൊളസ്ട്രോൾ നില നിയന്ത്രിക്കുകയും അങ്ങനെ ഹൃദയാരോഗ്യം ഏകുകയും ചെയ്യുന്നു.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
മൾബറി പഴത്തിന്റെ പ്രധാന ഗുണങ്ങളിലൊന്ന് അരുണരക്താണുക്കളുടെ നിർമാണം വർധിപ്പിക്കാനുള്ള കഴിവാണ്. ഓരോ കോശങ്ങളിലേക്കും കലകളിലേക്കും ഓക്സിജനെ വഹിക്കുന്നതാണ് അരുണ രക്താണുക്കൾ (Red blood cells). ആയതിനാൽ ആരോഗ്യത്തിന് അവ വളരെ പ്രാധാനമാണ്. ഇത് എല്ലാ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുകയും ഉപാപചയം വർധിപ്പിക്കുകയും ചെയ്യും.മൾബറിയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം കൂട്ടാനും വിളർച്ച തടയാനും ഫലപ്രദം. ക്ഷീണം, തളർച്ച, വിളറിയ ചർമം, ക്രമരഹിതമായ ഹൃദയമിടിപ്പ് ഇവയെല്ലാം വിളർച്ചയുടെ ലക്ഷണങ്ങളാണ്. മള്‍ബറി മിതമായി കഴിച്ചാൽ ഇതിന് പരിഹാരമായി
ഹൃദയാരോഗ്യം
മൾബറിയിൽ റെസ്വെറാട്രോൾ എന്ന ഫ്ലെവനോയ്ഡ് അടങ്ങിയിട്ടുണ്ട് ഇത് ഹൃദയാരോഗ്യമേകുന്നു. റെസ്വെറാട്രോൾ ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ നിർമാണം കൂട്ടുന്നു. ഇത് രക്തക്കുഴലുകളെ വിശ്രാന്തമാക്കുന്നു. കൂടാതെ രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു. അങ്ങനെ ഹൃദയാഘാതം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
കൂടാതെ മള്ബറിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളോട് പൊരുതി ഓക്സീകരണ നാശം തടയുന്നു. കൂടാതെ മൾബറിയിലെ ഡയറ്ററി ഫൈബർ, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യമേകുന്നു.
കണ്ണിന്റെ ആരോഗ്യത്തിന്
മൾബറിയില് ജീവകം എ ധാരാളം ഉണ്ട്. ഇത് കണ്ണിനെ ആരോഗ്യമുള്ളതാക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു കൂടാതെ മൾബറിയിലടങ്ങിയ കരോട്ടിനോയ്ഡ് ആയ സിസാന്തിനും നേത്രാരോഗ്യത്തിന് ഉത്തമം. ഇത് കണ്ണിലെ ഓക്സീകരണ സമ്മർദം കുറയ്ക്കുന്നതോടൊപ്പം, പ്രായമാകുമ്പോഴുണ്ടാകുന്ന പേശികളുടെ നാശവും തിമിരവും തടയുന്നു. പതിവായി മൾബറി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്