ഈ ചൂടത്ത് മുഖം കരി പിടിച്ചതുപോലെ കറുക്കണ്ടെങ്കിൽ വീട്ടിൽ ഉപയോഗിക്കാം കിടിലം ട്രിക്കുകൾ

വേനൽ കാലത്ത് ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. സൺ സ്ക്രീനും മറ്റ് ചർമ്മ സംരക്ഷണ ഉത്പ്പന്നങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ശ്രമിക്കുക. ചൂട് കാലത്ത് ചർമ്മത്തിന് ആവശ്യമായ തണുപ്പ് ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. ശരിയായ രീതിയിലുള്ള ഫേസ് പായ്ക്കുകൾ ഉപയോഗിച്ച് ചർമ്മം തണുപ്പിക്കാൻ ശ്രമിക്കണം. മാത്രമല്ല നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. ഇത് ചർമ്മത്തിനും മുടിയ്ക്കും ഒരുപോലെ ഗുണം ചെയ്യും. വേനൽ കാലത്ത് വീട്ടിൽ തന്നെ തയാറാക്കാവുന്ന ഫേസ് പായ്ക്കുകളാണ് എപ്പോഴും നല്ലത്. പ്രകൃതിദത്തമായവ പാർശ്വഫലങ്ങൾ ഉണ്ടാക്കില്ല.

എന്തൊക്കെ ചെയ്യാം?

മുൾട്ടാണി മിട്ടി

ചർമ്മ കാന്തിയ്ക്ക് ഏറെ നല്ലതാണ് മുൾട്ടാണി മിട്ടി. ചർമ്മത്തിന് നിറം നൽകാനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടയാനും ഏറെ മികച്ചതാണ് മുൾട്ടാണി മിട്ടി. ചൂടേറ്റിട്ടുള്ള ബുദ്ധിമുട്ടുകൾ മാറ്റാനും അതുപോലെ ചർമ്മത്തിന് തണുപ്പ് നൽകാനും ഇത് സഹായിക്കും. മുഖക്കുരുവും മുഖക്കുരുവിൻ്റെ പാടുകളും ഇല്ലാതാക്കാനും മുൾട്ടാണി മിട്ടി വളരെ നല്ലതാണ്.

തൈര്

ചർമ്മത്തിൻ്റെ എൻ്റെ മികച്ചൊരു സുഹൃത്താണ് തൈര്. ഇതിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ചൂട് സമയത്ത് ചർമ്മത്തിന് ഏറ്റവും കൂടുതൽ ആവശ്യം തണുപ്പും ഈർപ്പവുമാണ്. ഇതിന് തൈര് നല്ലൊരു പരിഹാര മാർഗമാണ്. ഇതിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് ചർമ്മത്തിന് തിളക്കവും അതുപോലെ നിറവും നൽകാൻ സഹായിക്കുന്നു. മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും തൈരിന് സാധിക്കും.

റോസ് വാട്ടർ

ചർമ്മത്തിന് ഏറെ ആവശ്യമുള്ളതാണ് റോസ് വാട്ടർ. നല്ലൊരു ടോണറായി പ്രവർത്തിക്കാൻ റോസ് വാട്ടറിന് കഴിയാറുണ്ട്. ചർമ്മത്തിന് തിളക്കവും ഈർപ്പവും നൽകുന്ന ചേരുവയാണ് റോസ് വാട്ടർ. അടഞ്ഞ് പോയ സുഷിരങ്ങളെ തുറന്ന് വ്യത്തിയാക്കാനും മുഖക്കുരു മാറ്റാനും വളരെ നല്ലതാണ് റോസ് വാട്ടർ. മാത്രമല്ല വരണ്ട ചർമ്മത്തിൻ്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും റോസ് വാട്ടർ മികച്ചതാണ്.

2 ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി, 2 ടേബിൾ സ്പൂൺ തൈര്, 1 ടീ സ്പൂൺ റോസ് വാട്ടർ എന്നിവയുടെ ഫേസ് പാക്ക് ഉണ്ടാക്കാൻ, എല്ലാ ചേരുവകളും കലർത്തി പേസ്റ്റ് ഉണ്ടാക്കുക. ഇനി ഈ പേസ്റ്റ് മുഖത്തും കഴുത്തിലും 15 മിനിറ്റ് പുരട്ടുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ഈ പായ്ക്ക് വേനൽക്കാലത്ത് എണ്ണമയമുള്ള ചർമ്മത്തിൻ്റെ പ്രശ്നം കുറയ്ക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.