ലോക്സഭാ തെരഞ്ഞെടുപ്പിലെ രണ്ടു പ്രധാനപ്പെട്ട മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. ഇവിടെ മത്സരിക്കുന്നത് ഗാന്ധി കുടുംബത്തിലെ ആള്‍ക്കാരാണ് എന്നതു കൊണ്ടാണ് പ്രത്യേക പരിഗണ ലഭിക്കുന്നത്. എന്നാല്‍, അമേഠിയില്‍ അത് കഴിഞ്ഞ തവണ നഷ്ടമായി. ബി.ജെ.പിക്കാരിയും നടിയുമാ സ്മൃതി ഇറാനി രാഹുല്‍ഗാന്ധിയെ തോല്‍പ്പിച്ചതോടെയാണ് അമേഠിയുടെ പിടിവിട്ടത്. എന്നാല്‍, റായ്ബേലി എന്നും കൂടെ നിന്നു. സോണിയാഗാന്ധിയുടെ തട്ടകത്തില്‍ ഇത്തവണ രാഹുല്‍ഗാന്ധിയാണ് മത്സരിക്കുന്നത്.
അപ്പോള്‍ അമേഠിയില്‍ മത്സരിക്കുന്നതാര് എന്നൊരു ചോദ്യം ഉയര്‍ന്നു. രാഹുലിന്റെ സഹോദരി പ്രായങ്കാഗാന്ധിയാണോ, അതോ അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയാണോ എന്നായിരുന്നു സംശയം. എന്നാല്‍, ഇതിനെല്ലാം മുകളിലൂടെ പറന്നിറങ്ങിയത് പഞ്ചാബുകാരന് കിഷോരീലാല് ശര്‍മ്മയാണ്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരീലാല് ശര്‍മ്മ ആരാണ് എന്നതാണ് ഇപ്പോള്‍ വോട്ടര്‍മാര്‍ തിരയുന്നത്. സസ്പെന്‍സുകള്‍ക്കൊടുവില്‍ അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.
അമേഠിയില്‍ സ്മൃതി ഇറാനിയെ എതിരിടാനെത്തുന്നത് കോണ്‍ഗ്രസ് കുടുംബത്തിന്റെ വിശ്വസ്തനായ കിശോരിലാല്‍ ശര്‍മയാണ്. കോണ്‍ഗ്രസിന്റെ നേതൃതലത്തിലൊന്നും അത്ര പരിചതനായ വ്യക്തിയല്ലെങ്കിലും അണിയറിയില്‍ അറിയപ്പെടുന്ന മുഖമാണ് ശര്‍മ. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വലം കൈ ആയിരുന്ന സഹായി. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ജീവതത്തില്‍ നിര്‍ണായക സ്ഥാനമുള്ള വ്യക്തി. രാഹുലിന്റെ വിശ്വസ്തന്. ഇങ്ങനെ നിരവധി വിശേഷണങ്ങളുള്ള വ്യക്തിയാണ് ശര്‍മ. അമേഠിയ്ക്ക് സുപരിചിതനാണ് ശര്‍മ.
റായ്ബറേലിയിലും അമേഠിയിലും ഗാന്ധി കുടുംബത്തെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത് ശര്‍മയായിരുന്നു. അതുകൊണ്ട് തന്നെ അമേഠിക്കാര്‍ക്ക് ശര്‍മ പരിചിത മുഖം തന്നെയാണ്. 1983ലാണ് പഞ്ചാബ് സ്വദേശിയായ ശര്‍മ രാജീവ് ഗാന്ധിയുടെ സഹയാത്രികനായി അമേഠിയിലെത്തുന്നത്. രാജീവ് ഗാന്ധിയുടെ മരണ ശേഷവും അദ്ദേഹം അമേഠിയിലെ കോണ്‍ഗ്രസ് പ്രതിനിധിയായി തുടര്‍ന്നു. അക്കാലത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്വാധീനം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. സോണിയ രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് വിട്ടുനിന്ന സമയത്ത് ഉള്‍പ്പെടെ മണ്ഡലത്തില്‍ അദ്ദേഹം പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു.
പിന്നാലെ 1999ല്‍ ആദ്യമായി സോണിയ മല്‍സരത്തിനെത്തിയപ്പോള്‍ ആ വിജയത്തിന് നിര്‍ണായകമായതും ശര്‍മയുടെ പ്രവര്‍ത്തനങ്ങളാണെന്നാണ് വിലയിരുത്തല്‍. പിന്നീട് സോണിയ റായ് ബറേലി മണ്ഡലത്തിലേക്ക് മാറിയപ്പോള്‍ അവിടുത്തെ പ്രതിനിധിയും ശര്‍മയായിരുന്നു. 2004ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.പിന്നീട് അമേഠിയിലും റായ്ബറേലിയിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചുമതലകള്‍ക്ക് കെ എല്‍ ശര്‍മ ചുക്കാന്‍ പിടിച്ചു.
ബിഹാറിലും പഞ്ചാബിലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ശര്‍മ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടശേഷവും കിഷോരിലാല്‍ അമേഠിയില്‍ തന്നെ തുടര്‍ന്നു. സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരാതിരുന്ന ആ കാലഘട്ടത്തില്‍, മറ്റു നേതാക്കള്‍ക്ക് വേണ്ടിയും കിശോരിലാല്‍ പ്രചാരണം നടത്തി. 1999ല്‍ സോണിയ ആദ്യമായി തിരഞ്ഞെടുപ്പ് കളരിയിലിറങ്ങിയപ്പോള്‍, മുഖ്യ പ്രചാരകന്റെ വേഷം കിഷോരിലാല്‍ ഏറ്റെടുത്തു. രാജീവിന്റെ ഓര്‍മകളുറങ്ങുന്ന അമേഠിയുടെ മണ്ണില്‍ കിശോരിലാല്‍ സോണിയക്കൊപ്പം നടന്നു.
രാജീവ് ഗാന്ധിക്കുണ്ടായിരുന്ന അതേ പരിഗണന സോണിയയും പിന്നീട് രാഹുലും അദ്ദേഹത്തിന് നല്കി. 2004ല്‍ സോണിയ റായ്ബറേലിയിലേക്ക് മാറുകയും രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ മത്സരത്തിനിറക്കുകയും ചെയ്തു. അന്നും അമേഠിയില്‍ രാഹുലിന്റെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കിശോരിലാല്‍ തന്നെയായിരുന്നു. സോണിയ റായ്ബറേലിയിലും രാഹുല്‍ അമേഠിയിലും മത്സരിച്ചതോടെ, രണ്ടു മണ്ഡലങ്ങളിലും കിഷോരിലാല്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ദേശീയനേതാക്കളായതിനാല്‍, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും റായ്ബറേലിയിലും അമേഠിയുലും സ്ഥിരമായി എത്താറില്ല.
ഇത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ മാര്‍ഗം കിശോരിലാല്‍ ആയിരുന്നു. പദ്ധതികളുടെ ഏകോപനവും നടത്തിപ്പുമായി കിഷോരിലാല്‍ ഇരു മണ്ഡലങ്ങളിലും നിറഞ്ഞുനിന്നു. ഇതിനിടെ, ബിഹാറിന്റെയും പഞ്ചാബിന്റെയും ചുമതലയുള്ള എഐസിസി അംഗമായി. അപ്പോഴും റായ്ബറേലിയും അമേഠിയും വിട്ടുകളയാന്‍ കിഷോരിലാല്‍ തയാറായില്ല. നെഹ്റു കുടുംബത്തിനു പുറത്തുനിന്നുള്ളവരും മത്സരിച്ച് ജയിച്ച ചരിത്രമുണ്ട് അമേഠിക്ക്.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടശേഷം നടന്ന ഉപതിരഞ്ഞെടുില് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിനുവേണ്ടി കളത്തിലിറങ്ങി. രാജീവിന്റെ സന്തതസഹചാരിയായിരുന്ന സതിഷ് ശര്‍മയായിരുന്നു കോണ്ഗ്രസിനുവേണ്ടിയിറങ്ങി ജയിച്ചത്. സതീഷ് ശര്‍മ ജയിച്ചതുപോലെ, കിശോരിലാല്‍ ശര്‍മയും ജയിക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. കാരണം, രാജീവിന്റെയും സോണിയയുടെയും രാഹുലിന്റെയും സന്തതസഹാചാരിയെന്ന വികാരം വോട്ടാക്കി മാറ്റാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.