ചോറിനും, ബ്രേക്‌ഫാസ്റ്റിനും മാത്രമല്ല; ഈ 2 ചമ്മന്തികൾ കൊളസ്ട്രോളും കുറയ്ക്കും

കഞ്ഞിക്കും, ദോശയ്ക്കും ചോറിനുമൊക്കെ നിത്യം കാണുന്ന വിഭവമാണ് ചമ്മന്തി. വിശേഷിച്ചും ദോശയ്ക്കൊപ്പം ചമ്മന്തിയില്ലങ്കിൽ കഴിക്കാൻ എല്ലാവര്ക്കും മടിയാണ്.

ഉപ്പും മുളകും ഉള്ളിയും തേങ്ങയും ചേര്‍ത്ത് കല്ലില്‍ വച്ച് മെല്ലേ ചതച്ചെടുത്താല്‍ നാവില്‍ വെള്ളമൂറുന്ന ചമ്മന്തി റെഡി. ഉപ്പിനും ഉള്ളിക്കും മുളകിനുമൊപ്പം പുളിയോ മാങ്ങയോ വെളുത്തുള്ളിയോ ഇഞ്ചിയോ ചേര്‍ത്തും ചമ്മന്തി അരയ്ക്കാം. ഇവയോടൊപ്പം തേങ്ങ ചേര്‍ത്തും ചമ്മന്തിയാക്കാം.ചമ്മന്തിയുടെ ചേരുവ അനുസരിച്ച് പോഷകങ്ങള്‍ കൂടിയും കുറഞ്ഞും വരും. വേവിക്കാതെ തയാറാക്കുന്നതിനാല്‍ പോഷകങ്ങള്‍ നഷ്ടപ്പെടുന്നുമില്ല.

കറിവേപ്പില കൂടുതലായി ചമ്മന്തിയില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്ട്രോള്‍ വര്‍ധനവു കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ ശമിക്കുന്നു. ഇലക്കറി കഴിക്കുന്നതിന്റെ ഗുണവും ലഭിക്കും. ബലം, ആയുസ്, ബുദ്ധി എന്നിവ കൂടും. ചുവന്നുള്ളിയുടെ ഉപയോഗം പ്രമേഹം, അര്‍ബുദം, ഹൃദ്രോഗം, ക്ഷയം എന്നീ രോഗങ്ങളെ പ്രതിരോധിക്കും.

ഇരുമ്പിന്റെ അംശം പുളിയില്‍ വളരെ കൂടുതലുള്ളതിനാല്‍ വിളര്‍ച്ച ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. കുടംപുളി കഴിക്കുന്നതു വഴി വയറിന്റെ ശുദ്ധീകരണം നടക്കും. പച്ചമുളകിന്റെ ഉപയോഗം വിറ്റമിന്‍ സി ലഭ്യമാക്കും. കാന്താരിമുളക് കൊളസ്ട്രോള്‍, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഒരുപരിധി വരെ നല്ലതാണ്. പക്ഷേ, വറ്റല്‍ മുളകിന്റെ നിത്യോപയോഗം ശരീരം ശോഷിപ്പിക്കുന്നു.

പുളിക്കു പകരം ചെറുനാരങ്ങ ചേര്‍ത്ത ചമ്മന്തിയാണെങ്കില്‍ വിറ്റമിന്‍ സിയുടെ അളവ് ധാരാളം ഉണ്ടായിരിക്കും. വെളുത്തുള്ളി ദഹനത്തെ സഹായിക്കുന്നു. കൊളസ്ട്രോളും കുറയ്ക്കും. ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നീ ചേരുവകളടങ്ങിയ ചമ്മന്തി പതിവായി കഴിക്കുന്നത് രോഗപ്രതിരോധത്തിന് നന്ന്.

പച്ചക്കറികള്‍ കഴിക്കാതെ ചമ്മന്തി മാത്രം കറിയായി ഉപയോഗിച്ചാല്‍ പോഷക നഷ്ടത്തിനിടയാക്കാം. വിളര്‍ച്ചയ്ക്കും കാരണമാകും. അധികം എരിവു ചേര്‍ക്കുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് വറ്റല്‍ മുളകിന്റെ അളവു കുറച്ചു മതി. കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ പതിവായി തേങ്ങ അരച്ച ചമ്മന്തി കഴിക്കരുത്. ചമ്മന്തിക്കായി മുളകും മറ്റും എണ്ണയില്‍ വറുത്ത് ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് ചുട്ടെടുക്കുന്നതാണ്.

തേങ്ങാ ചമ്മന്തി കഴിഞ്ഞാൽ ഏറ്റവും ഗുണപ്രദമായ ചമ്മന്തി കുടങ്ങൽ ചമ്മന്തിയാണ്. കുടങ്ങൽ ഇല ഏകദേശം നമ്മുടെ തലച്ചോറിനെ പോലെയാണ് ഇരിക്കുന്നത്. അതിനാൽ തന്നെ ഇവ തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഇതിനെ ബ്രെയിൻ ഫുഡ് എന്നും വിളിക്കാറുണ്ട്. പണ്ട് കാലങ്ങളിൽ പഴമക്കാർ നിത്യം ഉപയോഗിച്ചിരുന്ന ഒന്നാണ് കുടങ്ങൽ.

ഹെപ്പറ്റെസ്, കോശവളർച്ച, മൂത്രാശയ സംബന്ധമായ അസുഖങ്ങൾ, കൊളസ്‌ട്രോൾ,രക്ത സമ്മർദ്ദം എന്നിവ കുറയ്ക്കുവാൻ കുടങ്ങൽ ചമ്മന്തി സഹായിക്കും

കുടങ്ങൽ ചമ്മന്തി തയാറാക്കുന്ന വിധം

ചേരുവകള്‍

തേങ്ങ-അരമുറി ചിരകിയത്.
ഉപ്പ് -ആവശ്യത്തിന്
കാന്താരി മുളക് -5എണ്ണം
നാടന്‍ നെല്ലിക്ക- 2എണ്ണം (കുരു കളഞ്ഞത് )
കുടങ്ങല്‍ -30എണ്ണം
തയ്യാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

കുടങ്ങല്‍ നന്നായി അരച്ചെടുക്കുക, അരകല്ലില്‍ അരക്കുന്നതാണ് നല്ലത്. അതിനു ശേഷം തേങ്ങ ചിരകിയതും, നെല്ലിക്കയും ചേര്‍ന്ന് വീണ്ടും അരയ്ക്കുക. ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക. അവസാനം കാന്താരിമുളകും ചേര്‍ത്ത് അരയ്ക്കുക. കുടങ്ങല്‍ ചമ്മന്തി റെഡി