പലരുടെയും ചിന്ത പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് മസിൽ ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയാണു എന്നതാണ്. എന്നാൽ ഈ ചിന്ത തെറ്റാണു.പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യം. പേശികളുടെ ബലം വർദ്ധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക, ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുക, പ്രതിരോധശേഷി കൂട്ടുക എന്നിവയ്ക്കെല്ലാം പ്രോട്ടീൻ പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിച്ചില്ലെങ്കിൽ സന്ധി വേദന, പ്രതിരോധ ശക്തി കുറവ് തുടങ്ങിയവ സംഭവിക്കും.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്തെല്ലാം?
ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ മുട്ട മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. മുഴുവൻ മുട്ടകളിലും പ്രോട്ടീൻ കൂടുതലാണ്. മുട്ട വേവിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്.
പ്രോട്ടീൻ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് തെെര്. ഏകദേശം 245 ഗ്രാം തൈരിൽ 8.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തെെര് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. അതൊടൊപ്പം വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും തെെര് മികച്ചതാണ്.
വാൾനട്ട്, ബദാം, പിസ്ത തുടങ്ങിയ നട്സുകൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.
പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ് പയർ വർഗങ്ങൾ. 100 ഗ്രാം പയർ വർഗങ്ങളിൽ 24 – 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ചില പയറുകളിൽ ലൈസിൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്.
ഉയർന്ന പ്രോട്ടീൻ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് സോയാബീൻ. 100 ഗ്രാമിൽ ഏകദേശം 50 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
മത്തങ്ങ വിത്തുകളിൽ മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയിരിക്കുന്നു. 100 ഗ്രാം മത്തങ്ങ വിത്തിൽ ഏകദേശം 19 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.
പയർവർഗ്ഗങ്ങളും പരിപ്പും: ബ്ലാക്ക് ഐഡ് പീസ്, കിഡ്‌നി ബീൻസ്, ബ്ലാക്ക് ബീൻസ്, പയർ, ചെറുപയർ, ലിമ ബീൻസ് തുടങ്ങിയവ ഉൾപ്പെട്ട പയർവർഗ്ഗങ്ങളും പരിപ്പും എല്ലാം ആഹാരത്തിൽ ഉൾപ്പെടുത്താം. ബീൻസ്, പയർ, കടല എന്നിവ നാരുകളും പ്രോട്ടീനും കൂടുതലുള്ള പയർവർഗ്ഗങ്ങളുടെ ഉദാഹരണങ്ങളാണ്.
നട്സും വിത്തുകളും: നിലക്കടല, പീനട്ട് ബട്ടർ, ബദാം അല്ലെങ്കിൽ ബദാം പൊടി, വാൾനട്ട്, ബ്രസീൽ നട്‌സ്, പിസ്ത, കശുവണ്ടി, പൈൻ നട്ട്സ്, ഹേസൽനട്ട്‌സ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്ന ചില നട്ട്സുകളാണ്. ഇവ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. എള്ള്, ചിയ, ഫ്ളാക്സ് സീഡുകൾ എന്നിവയും സസ്യാഹാര ഭക്ഷണത്തിന് നല്ല പ്രോട്ടീൻ ഉറവിടങ്ങളാണ്.
മോക്ക് മീറ്റ്സ് അല്ലെങ്കിൽ മാംസത്തിന് പകരമുള്ളവ: സോയ പ്രോട്ടീൻ, ഗോതമ്പ് ഗ്ലൂറ്റൻ എന്നിവയിൽ നിന്ന് നിർമ്മിക്കുന്ന മാംസം പോലുള്ള ഘടനയുള്ള സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ കഴിക്കാം.