ഷുഗറുള്ളവർ വെയിലത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ കളി കാര്യമാകും

പുറത്തെ ചൂട് മൂലം അകത്തും പുറത്തും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാലും പുറത്തേക്കിറങ്ങണ്ട അവസ്ഥ വന്നാൽ വേറെ പോം വഴിയില്ല. പക്ഷെ പലരും ഈ ചൂടിനെ വക വയ്ക്കാതെ പുറത്തിറങ്ങുന്നത് പതിവാണ്. ഈ സമയത്താണ് സൂര്യാഘാതത്തിനുള്ള സാധ്യത കൂടുതലാകുന്നത്

ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്‍റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് കാരണം. വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍, കുട്ടികള്‍, മുതിര്‍ന്ന പൌരന്മാര്‍, അമിത വണ്ണമുള്ളവര്‍, പ്രമേഹം-ഹൃദ്രോഗം-വൃക്കരോഗം തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ് സൂര്യാഘാതം ഉണ്ടാവാന്‍ സാധ്യത കൂടുതല്‍.

വെയിലത്ത് ജോലി ചെയ്യുമ്പോൾ പേശിവലിവ് അനുഭവപ്പെടുന്നതാണ് തുടക്കം. കാലുകളിലെയും ഉദരത്തിലെയും പേശികള്‍ കൊച്ചിപ്പിടിച്ചു വേദന തോന്നുന്നു. ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതിന്‍റെ ലക്ഷണമാണിത്. ഈയവസരത്തില്‍ ജോലി മതിയാക്കി വിശ്രമിക്കണം.

ജോലിക്കിടയിൽ

അമിത് ചൂട് അനുഭവപ്പെടുകയാണെങ്കിൽ തണലുള്ള സ്ഥലത്തേക്ക് മാറണം. ധാരാളം വെള്ളം കുടിക്കണം. അങ്ങനെ ചെയ്യാതെ വീണ്ടും ജോലി തുടരുകയാണെങ്കില്‍ അത് ഗുരുതരമായ കുഴപ്പങ്ങള്‍ക്ക് കാരണമായിത്തീരാം. മരണം സംഭവിക്കാം. പ്രശ്നം ഗുരുതരമാകുന്നതിന്‍റെ ലക്ഷണങ്ങള്‍ ഇവയാണ്. മനംപുരട്ടല്‍, ഓക്കാനം, ചര്‍ദ്ദി, ശരീരത്തിന്‍റെ ചൂട് പെട്ടെന്ന്കൂടുക, വിയര്‍ക്കാതിരിക്കുക, ചര്‍മ്മം ചുവന്നു ഉണങ്ങി വരളുക, തലചുറ്റി വീഴുക, ഓര്‍മ്മക്കേട്‌, ബോധക്ഷയം.

എന്ത് ചെയ്യണം?

  • രോഗിയെ എത്രയും പെട്ടെന്ന് വെയിലത്ത് നിന്ന് തണലത്തേക്ക് മാറ്റണം.
  • ചൂട് കുറയും വരെ ശരീരം വെള്ളം മുക്കി തുടക്കുക. കുളിപ്പിക്കുകയും ആവാം.
  • എ.സി-യുള്ള ഒരു മുറിയിലോ അല്ലെങ്കില്‍ ഫാനിന്‍റെ അടിയിലോ രോഗിയെ കിടത്താന്‍ സൗകര്യമുണ്ടെങ്കില്‍ അതിനു ശ്രമിക്കണം.
  • ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം കിട്ടുമെങ്കില്‍ അത് നല്ലതാണ്.
  • ഓ.ആര്‍.എസ് അടങ്ങിയ ലായനി, കരിക്കിന്‍ വെള്ളം എന്നിവ നല്‍കുന്നത് നഷ്ടപ്പെട്ട ലവണങ്ങള്‍ തിരിച്ചു കിട്ടാന്‍ സഹായിക്കും.
  • കട്ടന്‍ കാപ്പി, കട്ടന്‍ ചായ എന്നിവ നല്‍കരുത്. ശരീരത്തില്‍ നിന്ന് ജലം വീണ്ടും നഷ്ടപ്പെടാന്‍ അത് കാരണമായിത്തീരും.

ഒഴിവാക്കുക

  • 11 മണിക്കും 3 മണിക്കും ഇടയില്‍ വെയില്‍ കൊള്ളുന്നത്‌ ഒഴിവാക്കുക.
  • പുറം പണി ചെയ്യുന്നവര്‍ ജോലിസമയം കൂടുതല്‍ രാവിലെയും വൈകുന്നേരമായും ക്രമീകരിക്കുന്നതാണ് ഉത്തമം.
  • വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവര്‍ ഇടയ്ക്കിടക്ക് തണലത്ത് പോയി വിശ്രമിക്കണം.
  • ദാഹമില്ലെങ്കില്‍ പോലും ഇടയ്ക്കിടക്ക് വെള്ളം കുടിച്ചു കൊണ്ടിരിക്കുക. നാം കുടിക്കുമ്ബോഴൊക്കെ കുട്ടികള്‍ക്കും വെള്ളം കൊടുക്കാവുന്നതാണ്.
  • വെയിലത്ത് ഇറങ്ങേണ്ടി വന്നാല്‍ കുട ചൂടുക.
  • അയഞ്ഞ വസ്ത്രം ധരിക്കുക. ലൈറ്റ് നിറങ്ങള്‍ ഉപയോഗിക്കണം.
  • ബിയറും മദ്യവും കഴിച്ചു വെയിലത്ത് ഇറങ്ങി നടക്കരുത്. വെയിലത്തല്ലെങ്കിലും ഈ സമയം ഇവ ഒഴിവാക്കുന്നതാണ് നല്ലത്. ശരീരത്തില്‍ നിന്ന് അമിതമായി ജലം നഷ്ടപ്പെടുന്നതിന് ബിയറും മദ്യവും കാരണമാകും.
  • വെയിലത്ത് കുട്ടികളെ കാറിനുള്ളില്‍ ഇരുത്തി ഒരിക്കലും ഷോപ്പിങ്ങിനു പോകരുത്.
  • 11 മണിക്കും 3 മണിക്കും ഇടയില്‍ കഴിവതും വീടിനുള്ളില്‍/ കെട്ടിടങ്ങള്‍ക്കുള്ളില്‍ കഴിയുക.
    ജനാലകള്‍ വായു കടന്നു പോകാന്‍ കഴിയും വിധം തുറന്നിടുക.