ചെടികൾ വളർത്തുന്നത് പലർക്കും ഇഷ്ട്ടമുള്ള കാര്യമാണ്. അല്ലെങ്കിൽ തന്നെ വീടുകൾ അലങ്കരിക്കുവാനും ഭംഗിയായി സൂക്ഷിക്കുവാനും ആഗ്രഹം ഉള്ളവരാണ് എല്ലാവരും. പാണ്ഢത്തെ വീടുകളിൽ മുറ്റം നിറച്ചും പൂക്കളും ഔഷധ സസ്യങ്ങളുണ്ടായിരുന്നു. എന്നാൽ പല വീടുകളിലും അലങ്കാര ചെടികൾ മാത്രമായി മാറിയിരിക്കുന്നു.
എന്നാൽ അത്തരം ചെടികളിൽ പലതും കുട്ടികള്‍ക്കും, വളര്‍ത്തുമൃഗങ്ങള്‍ക്കും, ഡിമെൻഷ്യ ബാധിച്ച പ്രായമായവര്‍ക്കും വിഷമയമായേക്കാം! ലോകത്ത് പതിനായിരകണക്കിന് വിഷസസ്യങ്ങളുണ്ട്. അത്തരം ചെടികളെല്ലാം ഭക്ഷിക്കാനോ രുചിക്കാനോ ഒരിക്കലും ശ്രമിക്കരുത്
വിഷഗുണമുള്ള ചെടികൾ ഏതെല്ലാം?
ലില്ലി
വിവിധ നിറത്തിലും രൂപത്തിലും മനോഹരമായ പൂക്കൾ വിരിയുന്ന ലില്ലിച്ചെടി വീടിനകത്തും പുറത്തും വളര്‍ത്തുന്ന, എല്ലാവർക്കും പ്രിയപ്പെട്ട സീസണല്‍ ചെടിയാണ്. എന്നാല്‍ ലില്ലി ഓഫ് ദി വാലിയും (Lily of the valley) ലാമേ ലില്ലിയും (Gloriosa or Lame lily) പൂച്ചകള്‍ക്കും പട്ടികള്‍ക്കും വിഷകരമാണ്. പൂമ്പൊടി, പുഷ്പദളങ്ങള്‍, ഇലകള്‍, ബള്‍ബുകൾ എന്നിവയുള്‍പ്പടെ ചെടിയുടെ എല്ലാ ഭാഗങ്ങളും നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് അപകടകരമാണ്. ഒരുപക്ഷേ അവ കഴിക്കുകയാണെങ്കില്‍, ദഹനനാളത്തിലെ അസ്വസ്ഥത, വിഷാദം, അനാരോക്സിയ, വിറയല്‍ എന്നിവയ്ക്ക് കാരണമാകും.
ഡംബ് കേനേ
ഡംബ് കേനേ അല്ലെങ്കില്‍ ഡിഫെന്‍ബാച്ചിയ എന്നറിയപ്പെടുന്ന ഈ ചെടി ഫിലോഡെൻഡ്രോൺ (Philodendron) എന്ന ചെടിയുമായി അടുത്ത ബന്ധമുണ്ട്. ഡംബ് കേനേ വിഷകരമാകനുള്ള പ്രധാന കാരണം അതില്‍ അടങ്ങിയിരിക്കുന്ന ഒക്സലേറ്റ് ക്രിസ്റ്റല്‍സ് ആണ്.
നേരിട്ടു സൂര്യപ്രകാശം കിട്ടാനിടയില്ലാത്ത സ്ഥലങ്ങളില്‍ ശക്തമായി വളരുമെന്നതിനാല്‍ തന്നെ ഏവര്‍ക്കും പ്രിയപ്പെട്ട ഈ ചെടി ലിവിങ് റൂമിലും കിച്ചെനിലും എല്ലാം ഒരു പ്രധാന താരമാണ്. പക്ഷേ നിങ്ങളുടെ പൂച്ചയെയും പട്ടിയെയും ഈ ചെടിയുടെ അടുത്തുപോകാൻ അനുവദിക്കാതിരിക്കുന്നതാണ് നല്ലത്. ഒരുപക്ഷേ വളര്‍ത്തു മൃഗങ്ങള്‍ ഈ ചെടിയുടെ ഇലകളോ അല്ലെങ്കില്‍ ഏതെങ്കിലും ഭാഗങ്ങള്‍ ഭക്ഷിച്ചാല്‍ വിഷത്തിന്റെ ലക്ഷണങ്ങള്‍ ഉടന്‍ തന്നെ പ്രകടമാകും. തൊണ്ട വേദന, വിശപ്പിലായ്മ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
അരളി
ഇടതൂര്‍ന്നും വേഗത്തില്‍ വളരുന്നതുമായ അരളിച്ചെടി നോര്‍ത്ത് ആഫ്രിക്കന്‍ സ്വദേശിയായ ഒരു കുറ്റിച്ചെടിയാണ്. കാണാന്‍ വളരെ ഭംഗിയുള്ളതും പല നിറത്തിലുള്ളതുമായ പുഷ്പങ്ങള്‍ ഉള്ളതുമായ അരളിച്ചെടി പക്ഷേ വളരെ വിഷമുള്ളതിനാല്‍ അതിന്റെ തേന്‍ കഴിക്കുന്നതുപോലും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കും. ഇതിന്റെ വിഷം ഹൃദയം, നാഡീവ്യൂഹം, ആമാശയം, കുടല്‍, കണ്ണുകള്‍ എന്നിവയെ ബാധിക്കും. കുട്ടികളും വളര്‍ത്തുമൃഗങ്ങളും ഈ ചെടിയുടെ ഇലയോ മറ്റ് ഭാഗങ്ങളോ ഭക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
സ്നേക് പ്ലാന്‍റ്
കണ്ടാല്‍ വാള്‍ പോലെ കൂര്‍ത്തിരിക്കുന്നതും നടുവിൽ പച്ചയും മഞ്ഞ ബോര്‍ഡര്‍ നിറത്തോടും കൂടിയുള്ള സ്നേക് പ്ലാന്റ്, അധിക പരിപാലനം
ആവശ്യമില്ലാത്ത ചെടി തേടുന്ന ആളുകള്‍ക്ക് പ്രിയങ്കരമാണ്. ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന ഒരു ചെടിയാണിത്. എന്നാല്‍ സ്നേക് പ്ലാന്റിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ കഴിച്ചാല്‍ നേരിയ വിഷബാധയുണ്ടാകും. പ്രതേകിച്ച് പൂച്ചകള്‍ക്ക്. വലിയ അളവില്‍ ഓക്കാനം, ഛര്‍ദ്ദി എന്നിവ കൂടാതെ ചെടിയിലുള്ള വിഷം മൃഗങ്ങള്‍ക്ക് മരവിപ്പിക്കുന്ന പ്രതീതി ഉണ്ടാക്കുകയും അത് നാവും തൊണ്ടയും വീര്‍ക്കാനും ശ്വസന തടസത്തിന് കാരണമാകുകയും ചെയ്യും.
മണി പ്ലാന്‍റ്
മലയാളികള്‍ക്ക് പ്രത്യേകിച്ച് യാതൊരു വിശേഷണവും ആവശ്യമില്ലാത്തൊരു ചെടിയാണ് മണി പ്ലാന്റ്. ഈ ചെടി ചെറിയ തോതില്‍ മൃഗങ്ങള്‍ക്ക്ദോഷകരമാണെന്ന് കണക്കാക്കപ്പെടുന്നു. ശ്വാസം മുട്ടല്‍, വായുടെയും നാവിന്റെയും വീക്കം, ശ്വസന തടസം, വയറു വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു.
പീസ് ലില്ലി
പീസ് ലില്ലി അല്ലെങ്കില്‍ സ്പാത്തിഫിലത്തിന് ലില്ലി എന്നു പേരുണ്ടെങ്കിലും ലില്ലിയെസിയെ (Liliaceae) കുടുംബത്തിലെ അംഗമല്ല. പല തരത്തിലുള്ള പീസ് ലില്ലിയുണ്ടെങ്കിലും മോന ലോയ ലില്ലി (Mauna Loa lili) വളരെ സാധാരണയായി കാണപ്പെടുന്ന ഇന്‍ഡോര്‍ പ്ലാന്റ് ആണ്.
തണൽ ഇഷ്ടപ്പെടുന്ന സസ്യങ്ങളായതിനാല്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്കും സൂര്യപ്രകാശം അധികം ഏല്‍കാത്ത മുറികള്‍ക്കും അനുയോജ്യമായ ഒരു ചെടിയാണിത്. അതിനാല്‍ത്തന്നെ വായു ശുദ്ധീകരണത്തിന് ഏറ്റവും മികച്ച ചെടികളിലൊന്നാണ് പീസ് ലില്ലി.
പൂച്ചകളുടെയും പട്ടികളുടെയും ഉള്ളില്‍ ഈ ചെടിയുടെ ഇല ചെന്നാല്‍ ചുണ്ടുകള്‍, വായ, നാക്ക് എന്നിവ വീര്‍ക്കാനും ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടും. ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.
കലേഡിയം
വിവിധ നിറങ്ങളില്‍ ചേമ്പില രൂപത്തില്‍ മലയാളികളുടെ പൂന്തോട്ടങ്ങള്‍ അലങ്കരിക്കുന്ന ഒരു ചെടിയാണ് കലേഡിയം. ആനച്ചെവിയെന്നും
കലേഡിയം കുറഞ്ഞ വെളിച്ചത്തില്‍ നന്നായി വളരും. മാത്രമല്ല രസകരമായ പൂക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങൾക്കും ഒരുപോലെ വിഷകരമാണ്. വായിലും, തൊണ്ടയിലും, നാക്കിലും വീക്കമുണ്ടാകുകയും ശ്വസനതടസ്സവും ആണ് മനുഷ്യരില്‍ കാണുന്ന ലക്ഷണങ്ങള്‍. ഓക്കാനം, ഛർദ്ദി, ശ്വസനതടസ്സം തുടങ്ങിയവ പൂച്ചയിലും നായ്കളിലും കാണപ്പെടുന്നു.