ചൂട് കാലത്താണ് ഏറ്റവും കൂടുതൽ അസുഖങ്ങൾ ഉണ്ടാകുന്നത്. ശാരീരിക അസ്വസ്ഥകൾ നിരവധി വേനൽക്കാലത്ത് ഉണ്ടാകുന്നുണ്ട്. ഈ സമയത്തു ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അവയെ കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊക്കെ കഴിക്കരുത്, ഏതൊക്കെ കഴിക്കാം എന്ന ധാരണ എല്ലാവർക്കുമുണ്ടാകണം.
ചൂട് കൂടുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും കൂടുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണരീതി ക്രമീകരിക്കേണ്ടത് പ്രധാനപ്പെട്ടൊരു കാര്യമാണ്. പലരും ഇതില്‍ ശ്രദ്ധിക്കാറില്ലെന്നതും സത്യമാണ്. ശരീരത്തില്‍ നിന്നും വലിയ അളവില്‍ ജലാംശം കുറയുന്ന സമയമാണ്. അതില്‍ നിര്‍ജലീകരണം സംഭവിക്കാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. വേനല്‍ക്കാലത്ത് എന്തൊക്കെയാണ് ഒഴിവാക്കേണ്ടതെന്ന് അറിഞ്ഞിരിക്കാം.
എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം ഭക്ഷണം കഴിച്ചാല്‍ അത് ശരീരത്തിന്റെ താപനില കൂട്ടുകയും അസ്വസ്ഥതയും തളര്‍ച്ചയും ദഹനസംബന്ധമായ പ്രശ്‌നങ്ങളും നിര്‍ജലീകരണവും വരുത്തിവെക്കുകയും ചെയ്യും. ഫ്രൈഡ് ഫുഡ്‌സ് കഴിക്കുന്നതും നല്ലതല്ല. സമൂസ, ചാട്ട്, ഫ്രൈസ് പോലുള്ളവയും ഒഴിവാക്കണം. ഇവ ദഹനപ്രശ്‌നങ്ങളും നിര്‍ജലീകരണവും വരുത്തിവെക്കും.
ഭക്ഷണം കഴിക്കുമ്പോള്‍ അച്ചാര്‍ തുടങ്ങിയ ഉപ്പ് അധികമുള്ള ഭക്ഷണം കഴിക്കുന്ന ശീലമുള്ളവര്‍ കാണാം. ഈ ശീലവും മാറ്റേണ്ടുതുണ്ട്. കാരണം ഇവയിലെല്ലാം ഉയര്‍ന്ന അളവില്‍ സോഡിയം കാണാം. സോഡിയം നിര്‍ജലീകരണത്തിന് സാധ്യതയൊരുക്കും. തളര്‍ച്ച, തലകറക്കം എന്നിങ്ങനെ ഒരുപാട് അനുബന്ധപ്രശ്‌നങ്ങള്‍ നിര്‍ജലീകരണം മൂലമുണ്ടാകാം.
ദാഹം വളരെ കൂടുന്ന സമയമാണ് ചൂടുകാലം. എന്നാല്‍ അപ്പോള്‍ ചായയും കാപ്പിയും കുടിക്കുന്ന ശീലം ഒഴിവാക്കേണ്ടതുണ്ട്. ചായ കുടി ശീലമാക്കിയവര്‍ അത് കുറക്കണം. അതിന് പകരം വെള്ളം തന്നെ കുടിക്കണം.
വേനലിന് യോജിക്കാത്ത ഭക്ഷണമാണ് ഡ്രൈ ഫ്രൂട്ട്‌സ്. സ്വതവേ ചൂട് കൂടുതലുള്ള അന്തരീക്ഷത്തില്‍ വീണ്ടും ശരീരത്തിന്റെ താപനില കൂടുന്നതിന് ഇവ കാരണമാകും. ഡ്രൈ ഫ്രൂട്ട്‌സ് ചൂടുകാലത്ത് ഒഴിവാക്കാം. ചൂടേറ്റ് തളര്‍ന്നുവരുമ്പോള്‍ എല്ലാവരും കഴിക്കാനിഷ്ടപ്പെടുന്ന ഒന്നാണ് മില്‍ക്ക് ഷെയ്ക്ക്. എന്നാല്‍ ചൂടത്ത് ഇത്രയധികം മധുരം അടങ്ങിയ ഭക്ഷണം ശരീരത്തിന് നല്ലതല്ല. ഇത് നിര്‍ജലീകരണത്തിനും കാരണമാകും.
സോഡ, അല്ലെങ്കില്‍ കുപ്പികളില്‍ വരുന്ന കാര്‍ബണേറ്റഡ് പാനീയങ്ങളും വേനലില്‍ കഴിക്കുന്നത് അത്ര നല്ലതല്ല. കാരണം ഇവയും നിര്‍ജലീകരണത്തിന് സാധ്യതയൊരുക്കും. വേനലില്‍ മദ്യപാനവും ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തിവെക്കും.