തൃശൂർ: ഗാനരചയിതാവ് ജി.കെ. പള്ളത്ത് (82) അന്തരിച്ചു. 60 ഓളം നാടകങ്ങൾക്കും 10 സിനിമകൾക്കും ഗാനം രചിച്ചിട്ടുണ്ട്. തൃശൂർ പള്ളത്തുവീട്ടിൽ നാരായണൻ നായരുടെയും അമ്മിണിയമ്മയുടെയും മകനാണ്, ഗോവിന്ദൻകുട്ടിയെന്ന ജി.കെ.പള്ളത്ത്.
കുട്ടിക്കാലം മുതലേ സാഹിത്യത്തിനോടായിരുന്നു താൽപ്പര്യം. ഏഴാംക്ലാസ്സ് മുതൽ കവിതകൾ എഴുതിത്തുടങ്ങി. എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ജി.കെ.യുടെ കവിതകൾ അച്ചടിച്ചുവന്നു. 1958ൽ തൃശൂരിൽ നടന്ന കമ്മ്യൂണിസ്റ്റുപാർട്ടി പ്ലീനത്തിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ജി.കെ.പള്ളത്ത് ആദ്യഗാനമെഴുതിയത്. കെ.എസ്.ജോർജും സുലോചനയും ചേർന്നാലപിച്ച “രക്തത്തിരകൾ നീന്തിവരും”എന്ന ഗാനം ചിട്ടപ്പെടുത്തിയത് ദാസ് കോട്ടപ്പുറമായിരുന്നു.
പിന്നീട് അമച്വർ നാടകങ്ങൾക്കും ബാലെകൾക്കും ഗാനങ്ങളെഴുതിക്കൊണ്ട് അദ്ദേഹം കലാരംഗത്തേക്ക് കടന്നു. നാടകരചനയിലേക്ക് ശ്രദ്ധതിരിച്ച ജി.കെ.പള്ളത്ത് ധൂർത്തുപുത്രി, കുടുംബവിളക്ക്, തുടങ്ങിയ അമേച്വർ നാടകങ്ങളെഴുതി. അവ വലിയ വിജയങ്ങളായതോടെ പ്രൊഫഷണൽ രംഗത്തേക്ക് തിരിഞ്ഞു. എൽ.പി.ആർ.വർമ്മ, എം.കെ.അർജ്ജുനൻ, കോട്ടയം ജോയി തുടങ്ങിയവരുടെ സംഗീതത്തിൽ അനേകം നാടകങ്ങൾക്കുവേണ്ടി ഗാനങ്ങളെഴുതി.
നടനും സുഹൃത്തുമായ ടി.ജി.രവിയാണ് പാദസരം എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന് സിനിമയിൽ അവസരംനൽകിയത്. ഈ ചിത്രത്തിൽ ജി ദേവരാജൻ ഈണം നൽകിയ കാറ്റുവന്നു നിന്റെ കാമുകൻ വന്നു എന്ന ഗാനം ഇന്നും ക്ലാസിക് പട്ടികയിലാണ്. കാളീചക്രത്തിലെ അമൃതകിരണം പുൽകും, ചാകരയിലെ സുഹാസിനീ സുഭാഷിണീ, ചോര ചുവന്ന ചോരയിലെ ശിശിര പൗർണമി വീണുറങ്ങി, അമൃതഗീതത്തിലെ മാരിവില്ലിൻ സപ്തവർണജാലം, കുങ്കുമപ്പൊട്ടിലെ പുല്ലാനിക്കാട്ടിലെ തുടങ്ങി നിരവധി ഗാനങ്ങൾക്ക് ജി.കെ. പള്ളത്ത് ഗാനരചന നിർവഹിച്ചു.
സിനിമാഗാനങ്ങൾ കൂടാതെ ചിങ്ങനിലാവ്, മനസ്സിലെ ശാരിക തുടങ്ങി അനേകം ആൽബങ്ങൾക്കും ജി.കെ.പള്ളത്ത് പാട്ടുകളെഴുതിയിട്ടുണ്ട്. സംഗീതസംവിധായകൻ ടി.കെ.ലായനുമായി ചേർന്ന് അനേകം ചിത്രങ്ങൾക്കും പാട്ടുകളെഴുതിയിട്ടുണ്ട്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും. ഭാര്യ:എൻ.രാജലക്ഷ്മി. മക്കൾ: നയന (യു.കെ) സുഹാസ്, രാധിക ച്രിക്കാഗോ). മരുമക്കൾ: പ്രദീപ് ചന്ദ്രൻ, സുനീഷ് മേനോൻ, ശ്രീലത മേനോൻ.