തെൽ അവീവ്: കെരം ഷാലോമിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ അറിയിച്ചു. ഇതിൽ ഏതാനും പേരുടെ നില ഗുരുതരമാണ്.
റഫ അതിർത്തിയോട് ചേർന്ന പ്രദേശത്തുനിന്നാണ് റോക്കറ്റുകൾ തൊടുത്തതെന്ന് ഇസ്രായേൽ സൈന്യം ആരോപിക്കുന്നു. പ്രത്യാക്രമണം നടത്തിയെന്നും റോക്കറ്റുകൾ നശിപ്പിച്ചെന്നും സൈനിക വക്താവ് അവകാശപ്പെട്ടു. അപകട സൈറൺ മുഴക്കിയിട്ടും സൈനികർ കൊല്ലപ്പെട്ടത് എങ്ങനെ എന്ന് അന്വേഷിക്കുമെന്നും സൈനിക വക്താവ് പറഞ്ഞു.
റഫ ഭാഗത്തുനിന്നും പത്തിലേറെ ഹ്രസ്വ ദൂര റോക്കറ്റുകളാണ് ഇസ്രായേലിലേക്ക് തൊടുത്തതെന്നാണ് റിപ്പോർട്ട്. റോക്കറ്റ് ആക്രമണത്തിന് പിന്നാലെ റഫയിലെ കറം അബൂസാലെം അതിർത്തി ഇസ്രായേൽ അടച്ചു. റഫ ആക്രമണം ഉടൻ നടത്തണമെന്ന ആവശ്യവുമായി ഇസ്രായേലിൽ തീവ്ര വലതുപക്ഷ കക്ഷികൾ രംഗത്തുണ്ട്.
അതിനിടെ, അൽജസീറ ചാനൽ ഇസ്രായേലിൽ നിരോധിച്ചു. കിഴക്കൻ ജറൂസലമിൽ ചാനലിന്റെ ഓഫിസ് റെയ്ഡ് നടത്തിയ അധികൃതർ ചാനൽ ഉപകരണങ്ങൾ കണ്ടുകെട്ടി. ഇസ്രായേൽ ആദ്യമായാണ് ഒരു വാർത്ത ചാനലിന് രാജ്യത്ത് വിലക്കേർപ്പെടുത്തുന്നത്.