എല്ലാവരുടെയും വീട്ടിൽ കാണപ്പെടുന്ന ഒന്നാണ് മുട്ട. മുട്ട പുഴുങ്ങിയും, പൊരിച്ചുമൊക്കെ നമ്മുടെ ഭക്ഷണത്തിനോടൊപ്പം കഴിക്കാറുണ്ട്. ഏറെ ഗുണങ്ങളുള്ള ഒന്നാണ് മുട്ടയെന്നു പ്രത്യകിച്ചു പറയണ്ട കാര്യമില്ലല്ലോ.
മുട്ടയുടെ ഗുണങ്ങൾ എന്തെല്ലാം?
ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണ് മുട്ട. വിറ്റാമിന്‍-എ, ബി, ഇ, ബി-12, റൈബോഫല്‍വിന്‍, കാത്സ്യം, ഫോസ്ഫറസ്, ലെസിതിന്‍, ഇരുമ്പ്, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ആരോഗ്യസംരക്ഷണത്തിനാവശ്യമായ എല്ലാം മുട്ടയിലുണ്ട്.
മുട്ടയിലെ വിറ്റാമിന്‍ എ, ബി -12, സെലിനിയം എന്നിവ രോഗ പ്രതിരോധ വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തെ സഹായിക്കുന്ന പോഷകങ്ങളാണ്.
ല്യൂട്ടിനും സിയാക്സാന്തിനും പ്രായമാവുമ്പോഴുള്ള കാഴ്ച്ചക്കുറവിന് പ്രധാന കാരണമായ മാക്യുലര്‍ ഡീജനറേഷന്‍ തടയാന്‍ സഹായിക്കുന്നു. ഇതോടൊപ്പമുള്ള മറ്റ് വിറ്റാമിനുകള്‍ നല്ല കാഴ്ചശക്തിക്ക് സഹായകമാകുന്നു.
എല്ലുകളുടെയും മാംസപേശികളുടെയും വികാസത്തിന് സഹായിക്കുന്ന പ്രോട്ടീന്റെ നിറകുടമാണ് മുട്ട. നാടന്‍ മുട്ടയോ വെള്ളമുട്ടയോ ഏതാണ് നല്ലതെന്ന് ചോദിച്ചാല്‍ നാടന്‍ മുട്ട എന്നാകും ഉത്തരം. എന്നാല്‍ വെള്ളമുട്ട കഴിക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല.
നാടന്‍ മുട്ട നമ്മുടെ വീടുകളില്‍ വളര്‍ത്തുന്ന കോഴികളില്‍ നിന്ന് കിട്ടുന്നതാണ്. കൃത്രിമമായ ആഹാരമൊന്നും കഴിക്കാതെ കോഴി ഇടുന്ന മുട്ടയായതിനാലാണ് അത് ഗുണമുള്ളതാണെന്ന് പറയുന്നത്. കോഴി കഴിക്കുന്ന ഭക്ഷണമനുസരിച്ചാണ് മുട്ടയുടെ ഗുണങ്ങള്‍ വ്യത്യാസപ്പെടുന്നത്. കൃത്രിമ ആഹാരം നല്‍കി വളര്‍ത്തുന്ന കോഴികളുടെ മുട്ട ചില സന്ദര്‍ഭങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.
മുട്ട കഴിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
ബ്രേക്ക്ഫാസ്റ്റിനൊപ്പം ഒരു മുട്ട കഴിക്കാം. വലിയ ശാരീരികാധ്വാനം ഇല്ലാത്തവര്‍ക്ക് ഒരുദിവസം മൂന്ന് മുട്ടയുടെ വെള്ള വരെ കഴിക്കാം. മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും മുട്ടയുടെ വെള്ളയാണ് നല്ലത്.
ചില ഭക്ഷണങ്ങളോടൊപ്പം മുട്ട കഴിക്കുന്നത് ഗുണകരമാവില്ല. ഉദാഹരണത്തിന് പഴവര്‍ഗങ്ങള്‍. തണ്ണിമത്തന്‍, ഓറഞ്ച് എന്നിവയ്ക്കൊപ്പം മുട്ട വേണ്ട. കൂടാതെ ചീസ്, പാല്‍-പാലുത്പന്നങ്ങള്‍, ഉണക്കിയ മാംസം, പഞ്ചസാര, സോയ പാല്‍, ചായ, മുയല്‍ മാംസം എന്നിവയ്ക്കൊപ്പവും മുട്ട കഴിക്കരുത്.
അമിത കൊഴുപ്പുള്ളവരും മറ്റു രോഗാവസ്ഥയുള്ളവരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം. ആഴ്ചയില്‍ ഒന്നോ രണ്ടോ ആവാം.
ചില ആളുകളില്‍ മുട്ടയുടെ വെള്ള അലര്‍ജിക്കു കാരണമാകാറുണ്ട്. ഇക്കാര്യം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഒരു വയസിനു താഴെ പ്രായമുള്ള കുട്ടികളില്‍ കരുതല്‍ വേണം
മുട്ട പുഴുങ്ങുമ്പോൾ
ബാക്ടീരിയകളെ നശിപ്പിക്കാന്‍ പാകത്തിന് പാകം ചെയ്താല്‍ മുട്ട വളരെ ആരോഗ്യകരമാണ്. എന്നാല്‍ പ്രധാന പോഷകങ്ങളെ നശിപ്പിക്കാതെ അമിതമായി വേവിക്കാതെ ശ്രദ്ധിക്കണം.മുട്ട വാങ്ങുമ്പോള്‍ മുട്ടയുടെ കാര്‍ട്ടണ്‍ തുറന്ന് വിള്ളലുകളോ ചോര്‍ച്ചയോ ഇല്ലെന്ന് ഉറപ്പാക്കുക.
വാങ്ങി മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മുട്ട ഉപയോഗിക്കുക. മുട്ട 45 ഡിഗ്രി ഫാരൻഹീറ്റിൽ വേണം ഫ്രിഡ്ജില്‍ വയ്ക്കാന്‍. പാകം ചെയ്യുമ്പോള്‍, മുട്ടകള്‍ സ്പര്‍ശിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ കഴുകണം. മുട്ട പുഴുങ്ങാന്‍ 144-158 ° F -\v ഇടയ്ക്കുള്ള ചൂടാണ് നല്ലത്.
കുട്ടികള്‍ക്ക് മുട്ട കൊടുത്തു തുടങ്ങുമ്പോള്‍ മഞ്ഞക്കരു മാത്രം നല്‍കുന്നതാണ് നല്ലത്. വെള്ള ചിലരില്‍ അലര്‍ജിക്ക് കാരണമാകാം. കോഴി മുട്ടയേക്കാള്‍ കുട്ടികള്‍ക്ക് നല്ലത് കാട മുട്ടയാണ്. 9 മാസം മുതല്‍ ഒരു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കാടമുട്ടയുടെ മഞ്ഞ കൊടുക്കാം.
ഒരുവയസ്സ് മുതല്‍ മൂന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് രണ്ടു മുതല്‍ മൂന്ന് കാടമുട്ട വരെ നല്‍കാം. ഏഴ് വയസ്സിനു മുകളിലുള്ളവര്‍ക്ക് അഞ്ച് കാടമുട്ട വരെ ഒരു ദിവസം കഴിക്കാം. കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനും കാടമുട്ട വളരെ ഗുണം ചെയ്യും.
കോഴിമുട്ടയുടെ ഗുണങ്ങൾ എന്തെല്ലാം?
13 അവശ്യ ജീവകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇതില്‍ 72 കാലറി ഊര്‍ജവും 186 മില്ലിഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
എല്ലിനും പല്ലിനും കണ്ണിനും ചര്‍മത്തിനുമെല്ലാം നല്ലതാണ്.
താറാമുട്ട
സാധാരണ താറാമുട്ടയില്‍ 130 കാലറി ഊര്‍ജവും 619 മില്ലിഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് അമിതമായതിനാല്‍ ഹൃദ്രോഗങ്ങള്‍, അമിത കൊളസ്‌ട്രോള്‍, രക്താതിസമ്മര്‍ദം തുടങ്ങിയവയുള്ളവര്‍ക്ക് നല്ലതല്ല.
കോഴിമുട്ടയെ അപേക്ഷിച്ച് അലര്‍ജി സാധ്യത കുറവാണ് താറാമുട്ടയ്ക്ക്. മലബന്ധം ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ പ്രായമായവര്‍ക്കും കഴിക്കാം