ഗുളിക തേടി പോകണ്ട; ഈ ഭക്ഷണങ്ങളിലുണ്ട് വിറ്റാമിൻ സി

വിറ്റാമിൻ സി (vitamin c) ഒരു പ്രധാന പോഷകമാണ്. പ്രതിരോധശേഷി (immunity) വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും വിറ്റാമിൻ സി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരീരത്തിലെ പ്രാധാന്യമേറിയ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് വിറ്റാമിന്‍ സി അത്യാവശ്യമാണ്. പല രോഗാവസ്ഥയിലും ശരീരത്തെ സംരക്ഷിക്കാന്‍ ഇതിന് കഴിവുണ്ട്.

കോശങ്ങളെ സംരക്ഷിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും വിറ്റാമിൽ സി സഹായകമാണ്. വിറ്റാമിന്‍ സിയ്ക്ക് ഹൃദയത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറ‌യുന്നു. വിറ്റാമിന്‍ സിയുടെ ഉയര്‍ന്ന അളവ് ചീത്ത കൊളസ്‌ട്രോളിന്റെ (cholesterol) അളവ് കുറയ്ക്കുകയും അതുവഴി ഹൃദയധമനിയില്‍ കൊഴുപ്പടിഞ്ഞ് തടസ്സങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

19 മുതൽ 64 വയസ്സുവരെയുള്ളവർക്ക് പ്രതിദിനം 40 മില്ലിഗ്രാം വിറ്റാമിൻ സി ആവശ്യമാണെന്ന് എൻഎച്ച്എസ് ചൂണ്ടിക്കാട്ടുന്നു. വയറുവേദന, തലവേദന, ഉറക്കമില്ലായ്മ, നെഞ്ചെരിച്ചിൽ എന്നിവയാണ് വിറ്റാമിൻ സി കുറഞ്ഞാൽ ഉണ്ടാകാവുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കി പച്ചയ്ക്ക് (സാലഡ്) അല്ലെങ്കില്‍ മിതമായി പാചകം ചെയ്ത് ഉപയോഗിക്കുന്നത് വിറ്റാമിന്‍ സി നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. വിറ്റാമിൻ സി ലഭിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങളിതാ

ഒരു കപ്പ് സ്ട്രോബെറിയിൽ 87.4 മി.ഗ്രാം വിറ്റാമിൻ സി ഉണ്ട്. ഇത് മാത്രമല്ല ഫോളേറ്റും മറ്റ് സംയുക്തങ്ങളും സ്ട്രോബെറിയിലുണ്ട്.

പപ്പായ ദഹനം മെച്ചപ്പെടുത്താനും ചർമ്മത്തിന് തിളക്കമേകാനും സഹായിക്കും. ഒരു കപ്പ് പപ്പായയിൽ 88.3 മി.ഗ്രാം വിറ്റാമിൻ സി ഉണ്ട്.

കാൻസർ തടയാൻ കഴിവുള്ള ബ്രോക്കോളിയിൽ വിറ്റാമിൻ സി യും ഫൈബറും ധാരാളമുണ്ട്. ഒരു ബൗൾ ബ്രോക്കോളിയിൽ 132 മി. ഗ്രാം വിറ്റാമിൻ സി ഉണ്ട്.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണ് ഓറഞ്ച്. ആരോഗ്യകരമായ അളവില്‍ വിറ്റാമിന്‍ സി ഓറഞ്ച് പ്രദാനം ചെയ്യുന്നു.