കയ്യിലെ ചൊറിച്ചിൽ ചൂട് കുരു മാത്രമാണെന്ന് കരുതരുതേ; ഫാറ്റി ലിവർ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം

ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരള്‍. ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുക, കൊഴുപ്പിനെയും പ്രോട്ടീനെയും കാര്‍ബോഹൈഡ്രേറ്റിനെയുമെല്ലാം ദഹിപ്പിക്കുക, ഗ്ലൈക്കോജന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ശേഖരിച്ച് വയ്ക്കുക തുടങ്ങി പല ജോലികളും കരള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്നു. ഇതിനാല്‍തന്നെ കരളിനെ ആരോഗ്യത്തോടെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

കരളിന് ഭീഷണി ഉയര്‍ത്തുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കരളില്‍ കൊഴുപ്പടിയുന്ന ഫാറ്റി ലിവര്‍ രോഗം. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നിങ്ങനെ ഇത് രണ്ട് വിധത്തിലുണ്ട്. പേര് സൂചിപ്പിക്കുന്ന് പോലെ തന്നെ മദ്യപാനികളില്‍ കാണപ്പെടുന്നതാണ് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം അമിതവണ്ണമുള്ളവരിലാണ് പൊതുവേ കാണപ്പെടുന്നത്. ഇവ രണ്ടും കരളിന് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

വയര്‍ വേദന, മേല്‍വയര്‍ എപ്പോഴും നിറഞ്ഞ പോലെ കമ്പിച്ചിരിക്കല്‍, മനംമറിച്ചില്‍, വിശപ്പില്ലായ്മ, ഭാരനഷ്ടം, വീര്‍ത്ത വയര്‍, കാലില്‍ നീര്, ക്ഷീണം എന്നിവയെല്ലാം കരള്‍ രോഗ ലക്ഷണങ്ങളാണ്. ഇവയ്ക്ക് പുറമേ തൊലിപ്പുറത്ത് കാണപ്പെടുന്ന ചില ലക്ഷണങ്ങളും കരള്‍ രോഗത്തിനുണ്ട്.

ലക്ഷണങ്ങൾ എന്തെല്ലാം

  • ചൊറിച്ചില്‍
  • തൊലിക്ക് മഞ്ഞ നിറം
  • പെട്ടെന്ന് മുറിവുണ്ടാകുക

അമിതവണ്ണമുള്ളവര്‍, ടൈപ്പ് 2 പ്രമേഹ രോഗികള്‍, ചയാപചയത്തെ ബാധിക്കുന്ന മെറ്റബോളിക് സിന്‍ഡ്രോം ഉള്ളവര്‍, ചിലതരം മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരില്‍ ഫാറ്റി ലിവറിന് സാധ്യത കൂടുതലാണ്. സ്ഥിരം മദ്യപാനികള്‍, പുകവലിക്കുന്നവര്‍, ഉയര്‍ന്ന തോതില്‍ കൊഴുപ്പുള്ള റിഫൈന്‍ഡ് ഭക്ഷണം കഴിക്കുന്നവര്‍ എന്നിവര്‍ക്കും രോഗസാധ്യതയുണ്ട്. പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ആരോഗ്യകരമായ കൊഴുപ്പും എല്ലാം ചേര്‍ന്ന ഭക്ഷണക്രമം പിന്തുടരേണ്ടത് ഫാറ്റി ലിവറിനെ പ്രതിരോധിക്കാന്‍ ആവശ്യമാണ്. നിത്യവുമുള്ള വ്യായാമം, പുകവലി, മദ്യപാനം പോലുള്ള ശീലങ്ങള്‍ ഉപേക്ഷിക്കല്‍ എന്നിവയും ഗുണം ചെയ്യും.