ഒരുമിച്ചുള്ള ജീവിതമെന്നത് പൂർണ്ണമായും ബുദ്ധിമുട്ടുകളും, സന്തോഷങ്ങളുമൊക്കെ ഒരുപോലെ ഉൾപ്പെടുന്നതതാണ്. എന്നാൽ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ വച്ച് ജീവിതമാകെ മാറും. പല വിധ പ്രശ്നങ്ങൾ കടന്നു വരും അതിലൊന്നാണ് സംശയരോഗം
ഗൗരവമേറിയ മനോരോഗങ്ങളില്‍ ഉള്‍പ്പെട്ടതാണ് സംശയരോഗം. സംശയങ്ങള്‍ മാത്രം ഉണ്ടാകുന്ന രോഗാവസ്ഥയാണ് സംശയരോഗം അഥവാ ‘ഡെലൂഷനല്‍ ഡിസോഡര്‍’. സംശയരോഗത്തിന്റെ ലക്ഷണങ്ങള്‍ മറ്റുപല മനോരോഗങ്ങളിലും കാണാറുണ്ട്. മിഥ്യാ ധാരണകള്‍ പുലര്‍ത്തുന്ന രോഗി ദിനചര്യകളിലും ജോലിയിലും ജനങ്ങളുമായുള്ള ഇടപഴകലിലും എല്ലാം സാധാരണ സ്വഭാവം കാട്ടാറുണ്ട്.
സമൂഹത്തില്‍ 10,000ത്തില്‍ മൂന്നുപേര്‍ക്കെങ്കിലും സംശയരോഗം ഉള്ളതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 25-90 വയസ്സ് കാലഘട്ടത്തില്‍ എപ്പോള്‍ വേണമെങ്കിലും ഈ രോഗം ആരംഭിക്കാം. എന്നാല്‍ കൂടുതലും 40-50 വയസ്സിലാണ് ഈ രോഗം കാണുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് ഈ രോഗം പിടിപെടാനുള്ള സാധ്യത കൂടുതല്‍.
വിവാഹിതര്‍, ജോലിക്കാര്‍, കുടിയേറ്റക്കാര്‍, ചെറിയ വരുമാനക്കാര്‍, ഏകാന്തവാസികള്‍ എന്നിവരിലും ഈ രോഗം വരാനുള്ള സാധ്യത ഏറെയാണ്. സംശയരോഗത്തിനുള്ള ശരിയായ കാരണം കണ്ടുപിടിച്ചിട്ടില്ല. മിക്കവാറും ഒന്നിലധികം കാരണം ഒരേസമയം ഒരു വ്യക്തിയില്‍ സമ്മേളിക്കുമ്പോഴാണ് അസുഖം പ്രത്യക്ഷപ്പെടുക.
മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറില്‍ സ്ഥിതിചെയ്യുന്ന ലിംബിക് വ്യൂഹവും ശരീര ചലനങ്ങളെ നിയന്ത്രിക്കുന്ന ബേസല്‍ ഗാംഗ്ളിയ എന്നീ ഗ്രന്ഥികളും തമ്മിലുള്ള ബന്ധമാണ് മനുഷ്യന്റെ വികാരങ്ങളെയും ചിന്തകളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കുന്നത്.
ഈ ഭാഗങ്ങളിലെ ഘടനാപരവും പ്രവര്‍ത്തനപരവുമായ വൈകല്യങ്ങളാവാം സംശയരോഗത്തിനുള്ള കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. തലച്ചോറിലെ നാഡീകോശങ്ങള്‍ തമ്മില്‍ ആശയവിനിമയങ്ങള്‍ കൈമാറാന്‍ ഡോപ്പമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ കൂടുതലായുള്ള പ്രവര്‍ത്തനമാണ് ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ക്ക് കാരണമെന്നും അനുമാനിക്കുന്നു.
മറ്റു മനോരോഗങ്ങളെ അപേക്ഷിച്ച് സംശയരോഗം സമൂഹത്തില്‍ കുറവായാണ് കാണപ്പെടുന്നത്. സംശയരോഗിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്.
ആത്മഹത്യ, ദാമ്പത്യകലഹം, വിവാഹമോചനം, കൊലപാതകം എന്നിവയെല്ലാം സംശയരോഗത്തിന്റെ പ്രത്യാഘാതങ്ങളാണ്. സാവധാനമാണ് രോഗലക്ഷണങ്ങള്‍ കാണുക. ഭര്‍ത്താവിന്റെ സംശയം രോഗമാണെന്നറിയാതെ ജീവിതകാലം മുഴുവന്‍ ദുരിതം അനുഭവിക്കുന്ന ഭാര്യയും, ചിലയിടത്ത് ഭാര്യയുടെ സംശയംമൂലം സമൂഹത്തില്‍ വരെ അവഹേളനം ഏറ്റുവാങ്ങേണ്ടിവരുന്ന ഭര്‍ത്താവും സംശയരോഗത്തിന്റെ ഇരകളാണ്. പങ്കാളിയുടെ ചാരിത്ര്യത്തിലുള്ള സംശയമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. കൂടുതലും പുരുഷന്‍മാരിലാണ് ഇത് കണ്ടുവരുന്നത്.
തന്നേക്കാള്‍ സാമ്പത്തികമായും സാമൂഹികപരമായും ഉന്നതിയിലുള്ള ഒരു വ്യക്തി മറ്റുള്ളവര്‍ കാണാതെ രഹസ്യമായി തന്നെ പ്രേമിക്കുന്നു എന്നതാണ് സ്ത്രീകളില്‍ കാണുന്ന സംശയരോഗത്തിന്റെ മുഖ്യ ലക്ഷണം. ഭര്‍ത്താവ് പരസ്ത്രീകളുമായി ബന്ധപ്പെടുന്നുവോ എന്ന സംശയവും ഇവര്‍ പുലര്‍ത്തുന്നു. ഇതിന്റെ ഭാഗമായി ഭര്‍ത്താവ് ഇവരില്‍ നിന്ന് മാനസിക ശാരീരിക പ്രയാസങ്ങളും അനുഭവിക്കും. ശാരീരിക രോഗങ്ങള്‍ തനിക്കുണ്ടെന്ന സംശയവും പലര്‍ക്കുമുണ്ട്.
താന്‍ വലിയ ആളാണെന്ന സംശയരോഗം ചിലര്‍ക്കുണ്ട്. ഇവര്‍ തങ്ങള്‍ക്ക് അമാനുഷിക കഴിവുള്ളതായോ ദൈവത്തിന്റെ പ്രതിരൂപമായോ ധാരാളം സമ്പത്തുള്ളതായോ ഒക്കെ തോന്നുകയും അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സംശയരോഗികള്‍ക്ക് തക്കസമയം ശരിയായ ചികില്‍സ ലഭിക്കുകയാണെങ്കില്‍ പൂര്‍ണമായോ ഭാഗികമായോ രോഗം ഭേദപ്പെടും.
രോഗിയുടെയും ഡോക്ടറുടെയും അടുത്ത ബന്ധുക്കളുടെയും ആത്മാര്‍ഥവും ഒരുമയുമുള്ള നീക്കങ്ങള്‍ ഉണ്ടായാല്‍ എത്ര പഴകിയ സംശയരോഗവും ചികില്‍സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ. നിങ്ങളുടെ സംശയങ്ങൾക്ക് ശരിയായ മെഡിക്കൽ ഹെൽപ്പ് തേടേണ്ടതുണ്ട്. ഒരു പക്ഷെ നിങ്ങൾക്ക് സംശയരോഗം ഉണ്ടെന്ന് നിങ്ങൾ തന്നെ സംശയിക്കാം ഇത്തരം സഹാചര്യങ്ങളിൽ മറ്റൊരാളുടെയോ. സുഹൃത്തിന്റെയോ സഹായം തേടുക. ഉടനെ തന്നെ ഹോസ്‌പിറ്റലിൽ പോകുക