കുഴിഞ്ഞു താഴ്ന്ന കണ്ണുകൾ, ശരീര വേദന എന്നിവയുണ്ടോ? 45 കഴിഞ്ഞവർ ശ്രദ്ധിക്കണം

പ്രായമേറുമ്പോൾ ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് ഉണ്ടാകുന്ന ചില മാറ്റങ്ങൾ കാരണം ശരീരത്തിലെ താപ നില നിയന്ത്രിക്കുന്നതിൽ വ്യതിയാനങ്ങൾ ഉണ്ടാകും പ്രായമായവരിൽ സാധാരണ കണ്ടുവരാറുള്ള ഒന്നിലധികം രോഗാവസ്ഥകളും സ്ഥിതി വഷളാക്കുന്നു. ഒന്നിലധികം മരുന്നുകൾ കഴിക്കുന്നതും ചൂടിനോട് പൊരുത്തപ്പെടാനുള്ള കഴിവ് കുറയാൻ കാരണമാകാം.

വായ വരളുക, ക്ഷീണവും തളർച്ചയും, കണ്ണുകൾ കുഴിഞ്ഞിരിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തിന് കടുത്ത നിറവ്യത്യാസം തുടങ്ങിയവയാണ് നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക.

ചൂട് ശരീരത്തെ ബാധിക്കുന്നതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

ചൂട് കുരു(ഹീറ്റ് റാഷ്)

ചൂട് കാലത്ത് അമിതമായി വിയർക്കുന്നത് മൂലം ചർമത്തിൽ കൂട്ടമായി ചുവന്ന നിറത്തിൽ ചെറുകുമിളകൾ പോലെ ഉണ്ടായി വരുന്നതാണ് ചൂടുകുരു. ചൂടുകുരു ഉള്ള ഭാഗം വരണ്ടതായി സൂക്ഷിക്കണം. പൗഡർ ഇടുന്നത് ഗുണം ചെയ്യും.

പേശിവലിവ്

അമിതമായ ചൂടുള്ള കാലാവസ്ഥയിൽ കഠിനമായി ജോലിചെയ്യുകയോ വ്യായാമം ചെയ്യുകയോ ചെയ്യുമ്പോൾ പേശികൾ കടുത്ത വേദനയോടെ കോച്ചിപ്പിടിക്കാം. (പ്രത്യേകിച്ച് വയറ്, കൈകാലുകൾ എന്നീ ഭാഗങ്ങൾ). പേശിവലിവ് അനുഭവപ്പെട്ട ശരീരഭാഗത്ത് പൂർണ വിശ്രമം നൽകുകയും ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുകയും വേണം. ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നത് പേശിവലിവ് തടയാൻ സഹായിക്കും.

മയക്കം

കടുത്ത ചൂട് മൂലം ഉണ്ടാകുന്ന ബോധക്ഷയമോ മയക്കമോ ആണ് ഹീറ്റ് സിൻകോപ്. തലകറക്കം അല്ലെങ്കിൽ മോഹാലസ്യം (ദീർഘനേരം നിൽക്കുകയോ പെട്ടെന്ന് ശരീരനില മാറ്റുകയോ ചെയ്യുമ്പോൾ), മുഖം, കഴുത്ത്, കൈകൾ എന്നിവിടങ്ങളിൽ പൊള്ളിയ പോലെ ചുവന്ന പാടുകൾ, പെട്ടെന്ന് വിയർക്കുക, പേശിവലിവ്, ആശയക്കുഴപ്പം, വിളറിയതോ അല്ലെങ്കിൽ തണുത്തതോ ആയ ചർമം, മനം പിരട്ടൽ, ഛർദി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ അവരെ എത്രയും വേഗം തണലത്തേക്ക് മാറ്റണം. ആവശ്യത്തിന് വെള്ളം കുടിക്കാൻ നൽകുക. ലക്ഷണങ്ങൾ നീണ്ടുനിന്നാൽ വൈദ്യസഹായം തേടണം.

സൂര്യാഘാതം

ശരീരോഷ്മാവ് 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയരുന്ന ഒരു സാഹചര്യമാണ് ഇത്. ചുവന്നു തിണർത്ത ചർമം, ആശയക്കുഴപ്പം, സംസാരത്തിലെ കുഴച്ചിൽ, ജന്നി, ബോധക്ഷയം,വിയർപ്പ് കുറയുക, മനം പിരട്ടൽ, ഛർദി, ദ്രുതഗതിയിലുള്ള ശ്വാസോഛ്വാസം, ഉയർന്ന പൾസ് റേറ്റ്, തലവേദന, പേശികൾക്ക് ബലക്ഷയം, പേശിവലിവ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

Background for a hot summer or heat wave, orange sky with with bright sun and thermometer

ചൂടിനെ എങ്ങനെ പ്രതിരോധിക്കാം

  1. ശരീരത്തിൽ ജലാംശം നിലനിർത്താനായി ചുരുങ്ങിയത് ദിവസം 2 ലീറ്റർ വെള്ളമെങ്കിലും കുടിക്കുക.
  2. മൂത്രത്തിന്റെ നിറം നിരീക്ഷിക്കുക. ഇളം മഞ്ഞ അല്ലെങ്കിൽ വൈക്കോലിന്റെ നിറമുള്ള മൂത്രം ശരീരത്തിൽ മതിയായ അളവിൽ ജലാംശം ഉണ്ടെന്നതിനെ സൂചിപ്പിക്കുന്നു. ഇരുണ്ട നിറത്തിലുള്ള മൂത്രം കൂടുതൽ വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.
  3. വേനൽക്കാലത്ത് ചായ, കാപ്പി, മദ്യം എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
  4. പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  5. അയഞ്ഞതും ഭാരം കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക.
  6. കഠിനമായ പ്രവൃത്തികൾ ഒഴിവാക്കുക.
  7. ആവശ്യത്തിന് വിശ്രമിക്കുകയും തണുത്ത വെള്ളത്തിൽ കുളിക്കുകയും ചെയ്യുക.
  8. പ്രായമായവർക്ക് വെള്ളം കുടിക്കാൻ അലാം സജ്ജീകരിച്ചു നൽകുക.
  9. വെള്ളത്തിനൊപ്പം പഴങ്ങൾ കൂടുതലായി കഴിക്കുക. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

Latest News