പ്രധാനമായും രണ്ട് തരത്തിലാണ് ആസ്ത്മയുള്ളത്, അലര്‍ജികും ഇന്‍ട്രന്‍സികും. കുട്ടികളില്‍ പ്രധാനമായും കാണുന്നത് അലര്‍ജിക് ആസ്ത്മയാണ്
260 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ സാംക്രമികേതര രോഗങ്ങളില്‍ ഒന്നാണ് ആസ്ത്മ. ലോകമെമ്പാടും ഓരോ വര്‍ഷവും നാലര ലക്ഷത്തോളം മരണങ്ങള്‍ക്ക് കാരണമാകുന്നു. ഇന്ത്യയില്‍ ഏകദേശം രണ്ട് ലക്ഷം മരണങ്ങള്‍ ആസ്ത്മ കാരണം സംഭവിക്കുന്നതായാണ് കണക്കാക്കുന്നത്. അവയില്‍ മിക്കതും തടയാന്‍ കഴിയുന്നവയാണ്. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസിന്‌റെ 2021ലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള ആസ്ത്മ മരണങ്ങളില്‍ 46 ശതമാനം മരണവും ഇന്ത്യയുടെ സംഭാവനയാണ്.
ശ്വാസനാളികളിലെ നീർക്കെട്ടാണ് ആസ്ത്മയിലെ അടിസ്ഥാന പ്രശ്നം. അലർജി മുതൽ അണുബാധ വരെ പാരമ്പര്യഘടകങ്ങൾ മുതൽ പാരിസ്ഥിതിക പ്രശ്നങ്ങൾ വരെ ആസ്ത്മയ്ക്കു കാരണങ്ങൾ നിരവധിയാണ്. എന്നാൽ അലർജിയും പാരമ്പര്യഘടകങ്ങളുമാണ് രോഗമുണ്ടാക്കുന്നതിൽ മുഖ്യ കാരണങ്ങളാകുന്നത് ചികിത്സിച്ചാൽ ഉടനടി ഫലം കിട്ടുന്ന അസുഖങ്ങളുടെ കൂട്ടത്തിലൊന്നാണ് ആസ്ത്മ.
കടുത്ത ശ്വാസംമുട്ടുമായി ആശുപത്രികളിൽ വരുന്നവർക്ക് പോലും പോലും മിനിട്ടുകള്‍ക്കുള്ളില്‍ ശ്വാസതടസ്സം മാറി ലക്ഷണങ്ങൾ കുറയുന്നതായി കണ്ടുവരാറുണ്ട്. എന്നാൽ ആസ്ത്മ പൂർണമായും നിയന്ത്രിക്കാനാവില്ല എന്ന തെറ്റിദ്ധാരണ വെച്ചു പുലർത്തുന്നവരാണ് മിക്കവരും.
പൊടിപടലങ്ങൾ, പൂമ്പൊടി, പുകവലി, രൂക്ഷ ഗന്ധമുള്ള കൊതുകുതിരി, ചന്ദനത്തിരി, പെർഫ്യൂമുകൾ, വളർത്തുമൃഗങ്ങളുടെ സാമീപ്യം, അമിതമായ അധ്വാനം, കാലാവസ്ഥാവ്യതിയാനങ്ങൾ, വായുമലിനീകരണം തുടങ്ങിയവയൊക്കെ ആസ്ത്മ അധികരിക്കാനിടയാക്കുന്ന പ്രേരകഘടകങ്ങളാണ്.
ഇവയൊക്കെ എല്ലാവരിലും ഒരേ പോലെ പ്രശ്നകാരിയായി വർത്തിക്കണമെന്നില്ല . ഓരോ രോഗിയും തനിക്കു പ്രശ്‍നം സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട് അത്തരം ഘടകങ്ങളുടെ സാമീപ്യം കഴിവതും ഒഴിവാക്കുക എന്നതാണ് രോഗ നിയന്ത്രണം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ പടി.
ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക തുടങ്ങിയവയാണ് ആസ്‍ത്മ പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ തണുപ്പ്, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോള്‍ കൂടുന്നതും ആസ്ത്മയുടെ ലക്ഷണമാകാം. അതേസമയം, എല്ലാ ശ്വാസതടസ്സ പ്രശ്‌നങ്ങളും ആസ്ത്മയുടേതല്ല. ആസ്ത്മ രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഗുളികകളോ സിറപ്പുകളോ ഇന്‍ഹേലറുകളോ ഉപയോഗിക്കുക.
എന്തൊക്കെ ചെയ്യാം?
- ശുചിത്വം ഉറപ്പാക്കുക
- ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കൾ ഒഴിവാക്കുക
- കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുക
- മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കുക
- ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക
- ആസ്ത്മ രോഗികള്‍ പുകവലി ഉപേക്ഷിക്കുക
- കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്തുക
- തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക