ഉറക്കം ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഘടകമാണ്. ആരോഗ്യകരമായ ഉറക്കം ലഭിച്ചില്ലെങ്കിൽ ജീവിതത്തിന്റെ ക്രമം തന്നെ നിലയ്ക്കും. പല കാരണങ്ങൾ മൂലം ഉറക്കമില്ലായ്മ ഉണ്ടാകും. ജോലി സ്ഥലത്തെ സ്ട്രെസ്, വ്യക്തിപരമായ പ്രശ്നങ്ങൾ തുടങ്ങി കാരണങ്ങൾ പലവിധമാണ്. ഏറെക്കുറെ വ്യായാമത്തിലൂടെയും, ചിട്ടയായ ജീവിത രീതിയിലൂടെയും, ആഹാരത്തിലൂടെയും പരിഹരിക്കാം. നമ്മളെ ഉറക്കത്തിലേക്ക് നയിക്കുന്ന ആഹാരങ്ങൾ നിരവധിയുണ്ട് അതിലൊന്നാണ് മത്തൻ ഇല.
മത്തങ്ങ നാം പൊതുവേ കറികളില്‍ ഉപയോഗിയ്ക്കുന്ന പോഷക സമൃദ്ധമായ ഒരു പച്ചക്കറിയാണ്. ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഒരു പോലെ ഗുണകരമായ ഒന്ന്. മത്തന്‍ ഇല മാത്രമല്ല, മത്തന്‍ കുരുവും ഏറെ ആരോഗ്യകരമാണ്. എന്നാല്‍, ഇവയുടെ ഗുണം തിരിച്ചറിയുമ്പോഴും നാം അവഗണിയ്ക്കുന്ന ഒന്നുണ്ട്, മത്തനില. ആരോഗ്യകരമായ പോഷകങ്ങളാല്‍ സമ്പുഷ്ടമാണിത്. ഇത് തോരനായും, പരിപ്പിച്ച് കറിയായുമെല്ലാം വച്ചു കഴിയ്ക്കാന്‍ ഏറെ ഗുണകരമാണ്.
മത്തനിലയുടെ ഗുണങ്ങൾ എന്തെല്ലാം?
വൈറ്റമിനുകള്‍
ശരീരത്തിന് ആവശ്യമായ പല തരം വൈറ്റമിനുകള്‍ അടങ്ങിയതാണ് മത്തനിലകള്‍. ഇതില്‍ വൈറ്റമിന്‍ എ, സി എന്നിങ്ങനെ ശരീരത്തിന് അത്യാവശ്യമായ വൈറ്റമിനുകളുണ്ട്. വൈറ്റമിന്‍ എ ചര്‍മത്തിനും കണ്ണിനും ഏറെ അത്യാവശ്യമാണ്. ഇതു പോലെ തന്നെ വൈറ്റമിന്‍ സി ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നു. ആന്റി ഓക്‌സിഡന്റ് ഗുണം നല്‍കുന്ന ഒന്നു കൂടിയാണ് വൈറ്റമിന്‍ സി. ഇതും ചര്‍മത്തിന് നല്ലതാണ്. ചര്‍മത്തിലെ മുറിവുകള്‍ ഉണക്കാനും മുറിവുകളുടേയും വടുക്കളുടേയുമെല്ലാം പാടുകള്‍ മായ്ക്കാനും വൈറ്റമിന്‍ സി ഏറെ നല്ലതാണ്. ഇതിനുള്ള മികച്ചൊരു ഉറവിടമാണ് മത്തനില.
ഹൃദയം
ഹൃദയത്തിന്റെ ആരോഗ്യത്തിനു ഗുണകരമായ ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തനില. മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ, ഇവ മോശം കൊളസ്‌ട്രോൾ കുറയ്ക്കുകയും, രക്തത്തിലെ നല്ല കൊളസ്‌ട്രോളിന്റെ സാന്നിധ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽത്തന്നെ ഹൃദയത്തെ ഏറെ ആരോഗ്യകരമായി സൂക്ഷിക്കാൻ മത്തങ്ങാക്കുരുവിന് കഴിയും.ഇതിന്റെ ഇലകള്‍ പ്രമേഹ രോഗികള്‍ക്കും നല്ലതാണ്. പൊതുവേ ഇലക്കറികള്‍ പ്രമേഹത്തിന് ഗുണകരമായവയാണ്.
അയണ്‍
ഇവ അയേണ്‍ സമ്പുഷ്ടമാണ്. ഇതിനാല്‍ തന്നെ ശരീരത്തില്‍ ഹീമോഗ്ലോബിന്‍ അളവു കൂട്ടുന്ന ഒന്ന്. അയേണ്‍ ഗുളികകള്‍ക്കു പകരം വയ്ക്കാവുന്ന ഒന്നു കൂടിയാണിത്. പ്രോട്ടീന്‍ സമ്പുഷ്ടമായതിനാല്‍ തന്നെ മസിലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്. വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്ക് പ്രോട്ടീന്‍ അത്യാവശ്യമാണ്. വെജ് പ്രോട്ടീന്റെ മികച്ച ഉറവിടമാണിത്. പ്രോട്ടീന്‍ സമ്പുഷ്ടമായതിനാല്‍ തടി കുറയ്ക്കാന്‍ മത്തനില മികച്ചതാണ്. ഇത് വിശപ്പു കുറയ്ക്കും. ഇതിലെ നാരുകള്‍ നല്ല ദഹനത്തിനും അപചയ പ്രക്രിയക്കുമെല്ലാം സഹായിക്കുന്നുവെന്നതും തടി കുറയ്ക്കാന്‍ മികച്ചതാണ്.
കാല്‍സ്യം
കാല്‍സ്യം സമ്പുഷ്ടമായ ഇത് എല്ലിന്റെയും പല്ലിന്റെയുമെല്ലാം ആരോഗ്യത്തിനും ഉത്തമമാണ്. ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന ഘടകം നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. കോളന്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന ഒന്നാണിത്. കുടല്‍ ആരോഗ്യത്തിന് മികച്ചത്. നാരുകള്‍ അടങ്ങിയ ഭക്ഷണം പൊതുവേ കോളന്‍ ക്യാന്‍സര്‍ കുറയ്ക്കാന്‍ സഹായിക്കും. സ്ത്രീകളില്‍ ആര്‍ത്തവത്തോടനുബന്ധിച്ചു വരുന്ന പിഎംഎസ് പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്.