ഉയര്‍ന്ന നിലവാരമുള്ള ശബ്ദാനുഭവം വാഗ്ദാനം ചെയ്യുന്ന ലോസ് ലെസ് ഓഡിയോ സൗകര്യം താമസിയാതെ മ്യൂസിക് സ്ട്രീമിങ് സേവനമായ സ്‌പോട്ടിഫൈയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കുറേ വര്‍ഷങ്ങളായി സ്‌പോട്ടിഫൈ ലോസ് ലെസ് ശബ്ദാനുഭവം നല്‍കുമെന്ന വാഗ്ദാനം നല്‍കുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷം അത് യാഥാര്‍ത്ഥ്യമായേക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആപ്പിള്‍ മ്യൂസിക്, ആമസോണ്‍ മ്യൂസിക്, ടൈഡല്‍ പോലുള്ള മറ്റ സ്ട്രീമിങ് സേവനങ്ങള്‍ ലോസ് ലെസ് ശബ്ദമാണ് വാഗ്ദാനം ചെയ്യുന്നത്.
ഒരു ശബ്ദത്തിന്റെ യഥാര്‍ത്ഥ ഡിജിറ്റല്‍ ഫോര്‍മാറ്റ് നിലനിര്‍ത്തിക്കൊണ്ടുള്ള ഉയര്‍ന്ന ബിറ്റ് റേറ്റുള്ള ഫയലുകളെയാണ് ലോസ് ലെസ് ഓഡിയോ എന്ന് പറയുന്നത്. സ്ട്രീം ചെയ്യുന്നതിന് വേണ്ടി കംപ്രസ് ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ഡാറ്റയൊന്നും നഷ്ടപ്പെട്ടിട്ടുണ്ടാവില്ല. ഇതിന്റെ ഫലമായി ശബ്ദത്തിന്റെ ഗുണമേന്മ വര്‍ധിക്കുകയും ചെയ്യുന്നു.
സ്‌പോട്ടിഫൈ ആപ്പിന്റെ 1.2.36 വേര്‍ഷനിലെ പരിഷ്‌കരിച്ച യൂസര്‍ ഇന്റര്‍ഫെയ്‌സിലാണ് 1411 കെബിപിഎസ് വരെ ഗുണമേന്മയില്‍ സ്ട്രീം ചെയ്യാനുള്ള സൗകര്യവുമുള്ളത്. നേരത്തെ ഇത് 320 കെബിപിഎസ് ആയിരുന്നു. ലോസ് ലെസ് ഓഡിയോ സ്ട്രീം ചെയ്യുമ്പോള്‍ സ്വാഭാവികമായും കൂടുതല്‍ ഡാറ്റ ഉപയോഗിക്കേണ്ടതായി വരും. ഓഹ് ഇറ്റ്‌സ് ടോം എന്ന റെഡ്ഡിറ്റ് യൂസറാണ് ഈ വിവരം പുറത്തുവിട്ടത്.
മൊബൈല്‍ വേര്‍ഷനുകളിലും ഡെസ്‌ക് ടോപ്പിലും ഈ സൗകര്യം ലഭ്യമാകും. തുടക്കത്തില്‍ പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ ലോസ് ലെസ് ഓഡിയോ ശബ്ദാനുഭവം നല്‍കാനിടയുള്ളൂ. ചിലപ്പോള്‍ ലോസ് ലെസ് ഓഡിയോ അനുഭവം വാഗ്ദാനം ചെയ്യുന്ന പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും അവതരിപ്പിച്ചേക്കും. അതേസമയം വയര്‍ലെസ് ഹെഡ്‌സെറ്റുകളേക്കാള്‍ സ്‌പോട്ടിഫൈ കണക്ട് സ്പീക്കറുകളും വയേര്‍ഡ് ഓഡിയോ ഡിവൈസുകളുമാണ് ഈ ശബ്ദാനുഭവം മികച്ചരീതിയില്‍ അനുഭവിക്കാനായി കമ്പനി നിര്‍ദേശിക്കുന്നത്.