‘വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു’: അമല പോൾ

തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് നടി അമല പോളും ഭർത്താവ് ജഗത് ദേശായിയും. ഈയവസരത്തിൽ ഭർത്താവിനെക്കുറിച്ചുള്ള ചെറുകുറിപ്പുമായി എത്തിയിരിക്കുകയാണ് അമല പോൾ. ഗർഭകാലത്ത് ജഗത് തനിക്കു നൽകുന്ന പിന്തുണയെക്കുറിച്ചാണ് അമല സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ വിലയേറിയ ​ഗർഭകാലയാത്രയിൽ തനിക്ക് കരുത്തായതിന് നന്ദിയെന്നാണ് അമല എഴുതിയത്. നിങ്ങളെപ്പോലെ അവിശ്വസനീയമായ ഒരു മനുഷ്യനെ അർഹിക്കാൻ താൻ ഈ ജീവിതത്തിൽ ശരിക്കും അത്ഭുതകരമായ എന്തെങ്കിലും ചെയ്തിരിക്കണമെന്നും അമല പറയുന്നു.

“എൻ്റെ അരികിൽ ചെലവഴിച്ച രാത്രികൾമുതൽ എൻ്റെ അസ്വാസ്ഥ്യങ്ങൾ സൗമ്യമായി ലഘൂകരിച്ച്, എന്നിലുള്ള നിങ്ങളുടെ അചഞ്ചലമായ വിശ്വാസവും എന്നിൽ ശക്തി നിറച്ച നിങ്ങളുടെ വാക്കുകളും വരെ, ഈ വിലയേറിയ ഗർഭകാല യാത്രയിൽ എൻ്റെ കരുത്തായതിന് നന്ദി. എൻ്റെ ആത്മവിശ്വാസം ചോർന്നൊലിക്കുന്ന ഏറ്റവും ചെറിയ നിമിഷങ്ങളിൽ പോലും എന്നെ താങ്ങാനായി താഴേക്ക് പറക്കാനുള്ള നിങ്ങളുടെ സന്നദ്ധത എൻ്റെ ഹൃദയത്തെ നന്ദിയും സ്നേഹവും കൊണ്ട് നിറയ്ക്കുന്നു. നിങ്ങളെപ്പോലെ അവിശ്വസനീയമായ ഒരു മനുഷ്യനെ അർഹിക്കാൻ ഞാൻ ഈ ജീവിതത്തിൽ ശരിക്കും അത്ഭുതകരമായ എന്തെങ്കിലും ചെയ്തിരിക്കണം. എൻ്റെ നിരന്തരമായ ശക്തിയുടെയും സ്നേഹത്തിൻ്റെയും അചഞ്ചലമായ പിന്തുണയുടെയും ഉറവിടമായതിന് നന്ദി. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു.” അമലയുടെ വാക്കുകൾ.

2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. ​ഗോവ സ്വദേശിയായ ജ​ഗത് ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് താൻ അമ്മയാകാനൊരുങ്ങുന്ന വിവരം അമല പങ്കുവെച്ചത്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് അമല പോൾ അഭിനയിച്ച് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.