ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തികളിൽ ഒരാളായ ജേസൺ ഹോൾട്ടൺ അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന് 317 കിലോയാണ് ഉണ്ടായിരുന്നത്. 34-ാം പിറന്നാളിന് ഒരാഴ്ച മുൻപാണ് അദ്ദേഹത്തിന്റെ അന്ത്യം. അവയവങ്ങളുടെ തകരാറും അമിതവണ്ണവുമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ജേസണിന്റെ വൃക്കകളാണ് ആദ്യം തകരാറിലായത്. അച്ഛന്റെ മരണത്തെ തുടർന്നുള്ള വിഷമം മറികടക്കുന്നതിന് കൗമാരം മുതലാണ് ജേസൺ അമിതമായി ഭക്ഷണം കഴിക്കാൻ ആരംഭിച്ചത്. 10,000 കലോറിയാണ് ജേസൺ ഒരു ദിവസം മാത്രം കഴിച്ചിരുന്നത്. അന്ധിരക്ഷാ സേനയുടെ സഹായത്തോടെയാണ് ജേസണിനെ റോയൽ സറേ കൗണ്ടി ആശുപത്രിയിൽ ചികിത്സക്കെത്തിച്ചത്.
ജേസൺ അവസാന നാളുകളിൽ പ്രത്യേകം തയ്യാറാക്കിയ ഫർണീച്ചറുകളോടു കൂടിയ മുറിയിലാണ് കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യം വളരെ പെട്ടന്ന് മോശമാവുകയും ചലനശേഷി നഷ്ടപ്പെട്ട് പൂർണമായും കിടപ്പിലാവുകയും ചെയ്തിരുന്നു. ശ്വാസതടസ്സവും നേരിട്ടിരുന്നു. മകൻ ഒരാഴ്ച കൂടിയെ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാലും അവർ അവന്റെ ജീവൻ രക്ഷിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും നിർഭാഗ്യവശാൽ അതിന് സാധിച്ചില്ലെന്നും അമ്മ ലെയ്സ പറഞ്ഞു.