ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും ഫലങ്ങൾ വില കൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ മുറ്റത്ത് നട്ടാൽ വളരെ പെട്ടന്ന് കായ്ക്കുന്ന ഫലങ്ങളുണ്ട്. അതിലൊന്നാണ് ലിച്ചി. ലിച്ചിയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ കൂടിയുണ്ട്
80 ശതമാനത്തിലധികം ലിച്ചിയില്‍ വെള്ളമാണുള്ളത്. ശരീരത്തില്‍ ജലാംശം സൂക്ഷിക്കാന്‍ ഇത് സഹായിക്കും. അതോടൊപ്പം തന്നെ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴം കൂടിയാണ് ലിച്ചി. 100 ഗ്രാം ലിച്ചിയില്‍ ഏതാണ്ട് 16. 53 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടാകും
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ലിച്ചിയ്ക്ക് പങ്കുണ്ട്. കാരണം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്ന ‘കോപ്പര്‍’, ‘പൊട്ടാസ്യം’ എന്നിവയാല്‍ സമ്പുഷ്ടമാണ് ലിച്ചി.
ലിച്ചിയില്‍ മറ്റേത് പഴങ്ങളെക്കാളും താരതമ്യേന കൂടുതല്‍ ‘Antioxidant Polyphenols’ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ പ്രമേഹം പോലെയുള്ള ക്രോണിക് ആകാന്‍ സാധ്യതയുള്ള അസുഖങ്ങളെ തടയാന്‍ കഴിവുള്ളവയാണ്. അതുപോലെ തന്നെ ക്യാന്‍സറിനെ ചെറുക്കാനും ഇവയ്ക്കാകും.
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ആരോഗ്യാവസ്ഥയില്‍ മാറ്റം വരികയും എളുപ്പത്തില്‍ അസുഖം പിടിപെടുകയും ചെയ്യുന്നവര്‍ക്കും ലിച്ചി നല്ല ഫലം നല്‍കും.
അതായത്, ഇതിലടങ്ങിയിരിക്കുന്ന ‘ഫ്‌ളേവനോള്‍സ്’ അണുബാധകളെ പ്രതിരോധിക്കുന്നു. അതിനാല്‍ പനി, തൊണ്ടവേദന, ജലദോഷം, ശ്വാസതടസ്സം പോലുള്ള രോഗങ്ങളില്‍ നിന്ന് ഒരു പരിധി വരെ നമ്മെ അകറ്റിനിര്‍ത്തുന്നു.
ലിച്ചിയുടെ മറ്റ് ഗുണങ്ങൾ
ദഹനത്തിന്
ധാരാളം ഫൈബര്‍ അടങ്ങിയ ലിച്ചിപ്പഴത്തിന് ദഹനപ്രക്രിയയെ സുഗമമാക്കാന്‍ സാധിക്കും. ഉദരപ്രശ്‌നങ്ങളെ ഒഴിവാക്കാനും ലിച്ചിപ്പഴത്തിന് കഴിവുണ്ട്. ലിച്ചിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 42 ശതമാനം കുറയ്ക്കുന്നുവെന്ന് ‘അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ’ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
രക്തയോട്ടം വര്‍ധിപ്പിക്കും
ലിച്ചിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കോപ്പറിന് ചുവന്ന രക്തകോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി ശരീരത്തിലെ രക്തയോട്ടത്തെ വര്‍ധിപ്പിക്കാന്‍ സാധിക്കും. മറ്റ് പല പഴങ്ങളെക്കാളും ഉയർന്ന അളവിൽ ‘പോളിഫെനോൾ’ അടങ്ങിയിട്ടുണ്ട്.
ഭാരം കുറയ്ക്കാം
അമിതഭാരമാണ് മിക്ക ആളുകളുടേയും പ്രധാനപ്രശ്‌നം. ജീവിത ശൈലിയുടെ ഭാഗമായി ഉണ്ടാവുന്ന പൊണ്ണത്തടി കുറയ്ക്കാന്‍ ലിച്ചിക്ക് കഴിയും. ഫൈബര്‍ ധാരാളമുള്ള ലിച്ചി ദഹനത്തെ സുഗമമാക്കി ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ലിച്ചിയിലെ ജലാംശവും ശരീരഭാരം കുറയ്ക്കുന്നതിന് വഴിയൊരുക്കും.
കരൾ ക്യാൻസർ
ലിച്ചിയിൽ കാൻസർ വിരുദ്ധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരൾ ക്യാൻസറിനെതിരെ പോരാടാൻ സഹായിക്കുന്നുവെന്ന് ‘കാൻസർ ലെറ്റേഴ്സ്’ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ചർമ്മ സംരക്ഷണത്തിന്
മുഖത്തെ കറുത്ത പാട്, മുഖക്കുരു എന്നിവ അകറ്റാൻ ലിച്ചിക്ക് കഴിയും. ലിച്ചിയിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ ആരോഗ്യമുള്ളതും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.