ഫ്ളിന്റ് സ്റ്റോൺ എന്നാൽ നിസാരമൊരു കല്ല് എന്ന് കരുതരുത്. മനുഷ്യചരിത്രത്തിൽ സവിശേഷമായ ഒരു സ്ഥാനം ഇതിനുണ്ട്. പ്രത്യേകിച്ച് ആദിമനരൻമാരുടെ ചരിത്രത്തിൽ. ശിലായുധങ്ങളുണ്ടാക്കാനും കല്ലുരച്ച് തീ ഉൽപാദിപ്പിക്കാനുമൊക്കെ ഏറ്റവും കൂടുതൽ ഉപയോഗിച്ച വസ്തുവാണ് ഫ്‌ളിന്റ് എന്ന ഫ്ളിന്റ് സ്റ്റോൺ. ചുണ്ണാമ്പുപാറകളിലും മറ്റും ചീളുകളായാണ് ഫ്ളിന്റ് കാണപ്പെട്ടിരുന്നത്. ചില കടൽത്തീരങ്ങളിലും അരുവികളുടെ കരകളിലുമൊക്കെ ഇവ കാണപ്പെടാറുണ്ടായിരുന്നു. കടുത്ത ചാരനിറം അല്ലെങ്കിൽ കറുപ്പ്, പച്ച, വെള്ള നിറങ്ങൾ തുടങ്ങി പലവിധത്തിൽ ഫ്ളിന്റ് കാണപ്പെടാറുണ്ട്.
വളരെ മൂർച്ചയുള്ള കഷണങ്ങളായി മാറാനുള്ള കഴിവാണ് ശിലായുഗ കാലത്തെ ആയുധങ്ങളും ഉപകരണങ്ങളും നിർമിക്കാൻ ഫ്ളിന്റ് ഉപയോഗിക്കാൻ കാരണം. ശിലായുധങ്ങൾ ഉണ്ടാക്കാൻ 30 ലക്ഷം വർഷമായി ഫ്ളിന്റ് ഉപയോഗിച്ചിരുന്നു എന്നത് അദ്ഭുതം ഉണ്ടാക്കുന്ന കാര്യമാണ്. ശിലായുഗത്തെ അടയാളപ്പെടുത്തുന്ന ഒരു ചിഹ്നം തന്നെയാണ് ഫ്ളിന്റെന്ന് നിസ്സംശയം പറയാം. ശിലായുഗത്തിൽ ഫ്ളിന്റ് കിട്ടുന്ന ക്വാറികൾ വളരെ പ്രധാനമായിരുന്നു. ആളുകൾ ദീർഘദൂരം ഇതു തേടി യാത്ര ചെയ്തിരുന്നു. യൂറോപ്പിലെ ഫ്ളിന്റുകളുടെ പ്രധാന കേന്ദ്രങ്ങളിലൊന്ന് നോർഫോക്കായിരുന്നു.
ഒഹായോയിലെ ഫ്ളിന്റ് റിഡ്ജ് അമേരിക്കൻ വൻകരയിലെ വലിയൊരു ഫ്ളിന്റ് കേന്ദ്രമായിരുന്നു. തദ്ദേശീയ അമേരിക്കക്കാർ മെക്‌സിക്കോ വരെയുള്ള മേഖലകളിൽ വരെ ഈ ഫ്ളിന്റ് കച്ചവടം നടത്തിയിരുന്നു. ഒഹായോയിൽ ഔദ്യോഗിക രത്‌നമായി അംഗീകരിച്ചിട്ടുള്ളത് ഫ്ളിന്റാണെന്നുള്ളത് രസകരമായ ഒരു വസ്തുതയാണ്. മധ്യകാലഘട്ടങ്ങളിലും മറ്റും നിർമാണ വസ്തുവായും ഫ്ളിന്റ് ഉപയോഗിച്ചിരുന്നു. ആദ്യകാല തോക്കുകളിൽ വെടിമരുന്നിനു തീപിടിപ്പിക്കാനുള്ള വസ്തുവായും ഇതുപയോഗിച്ചു. ഫ്ളിന്റ്‌ലോകം തോക്കുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇന്നും സെറാമിക്‌സ് വ്യവസായത്തിലും മറ്റും ഫ്ളിന്റ് ഉപയോഗിക്കപ്പെടുന്നുണ്ട്.