കാസര്‍കോട്: പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെതിരെ നടപടി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയക്കെതിരെയാണ് നടപടി. കെപിസിസിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടപടിയെടുത്തത്.
പ്രമോദ് പെരിയയെ പദവിയില്‍ നിന്നും നീക്കി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ വി ഭക്തവത്സനാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ 13-ാം പ്രതി എന്‍ ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തിലാണ് പ്രമോദ് പെരിയ പങ്കെടുത്തത്.
2019 ഫെബ്രുവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്. കൊലപാതകം, തെളിവ് നശിപ്പിക്കൽ സംഘം ചേരൽ, ഗൂഡാലോചന തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.
പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ ഇടതു സർക്കാർ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നു. വിവാഹചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നത് കോണ്‍ഗ്രസിനുള്ളില്‍ വലിയ ചര്‍ച്ചയായിരുന്നു.
ഇരട്ടക്കൊലക്കേസിന്റെ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് മണ്ഡലം പ്രസിഡന്റ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നത്. സംഭവത്തില്‍ പ്രമോദിന് ജാഗ്രതക്കുറവുണ്ടായി എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.