ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഏഴുജീവനക്കാർക്കു കൂടി മോചനം. എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കാണ് മോചനം. ഇന്ത്യക്കാർക്കു പുറമേ ഓരോ ഫിലിപ്പീൻസ്, എസ്തോണിയ സ്വദേശികളെയാണ് മോചിപ്പിച്ചത്.
വൈകുന്നേരത്തോടെ ഇവർ ഇറാനിൽനിന്ന് പുറപ്പെട്ടു. മോചന വാർത്ത ഇറാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. അതേസമയം, കപ്പലിലെ ജീവനക്കാരിൽ 17 പേരെ ഇപ്പോഴും ബന്ദികളാക്കിയിരിക്കുകയാണ്.
ഡമാസ്‌കസിലെ കോണ്‍സുലേറ്റിനു നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തിനെതിരെ ഇറാന്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിറകെയാണ് കപ്പല്‍ പിടിച്ചെടുത്തത്. ഏപ്രില്‍ 13നാണ് ഹോര്‍മുസ് കടലിടുക്കിനു സമീപത്തു വച്ച് ഇസ്രയേല്‍ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുന്നത്.
17 ഇന്ത്യക്കാരടക്കം 25 ക്രൂ അംഗങ്ങളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. സമുദ്ര നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ പിടികൂടിയതെന്നാണ് ഇറാന്‍ വിശദീകരിച്ചത്.