ഓഫീസിൽ പോകുന്നവർക്കും പഠിക്കാൻ പോകുന്നവർക്കും രാവിലെ നെട്ടോട്ടമാണ്. ഒന്നിനും സമയം തികയുന്നില്ല എന്ന പരാതി എപ്പോഴും ബാക്കിയാണ്. അതിനാൽ തന്നെ പലരും വെറും വയറ്റിൽ ഫ്രൂട്ട്സ് കഴിക്കാറുണ്ട്. അതിലൊന്നാണ് നേന്ത്രപഴം
വെറും വയറ്റില്‍ നേന്ത്രപ്പഴം കഴിക്കുന്നത് ഒട്ടും നല്ലതല്ല. ഇതിന് അസിഡിക് സ്വഭാവമുള്ളതിനാല്‍ ഇത് വെറുംവയറ്റില്‍ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും. കൂടാതെ, നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തത്തിലെ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സന്തുലനാവസ്ഥയെ ഇല്ലാതാക്കാനും സാധ്യതയുണ്ട്.
അതുപോലെ നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന നിലയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കുമെങ്കിലും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാത്തതു മൂലം മറ്റ് ധാതുക്കളുടെ അഭാവം കാരണം ഈ ഊര്‍ജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടും. അതിനാല്‍ പ്രഭാതഭക്ഷണത്തിന്റെ കൂടെ നേന്ത്രപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്.അതുപോലെ പൈനാപ്പിളും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതും നല്ലതല്ല.
മാമ്പഴവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതല്ല. ഇത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. പുളിരസമുള്ള സിട്രസ് പഴങ്ങളും വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കണം. ചില സിട്രസ് പഴങ്ങള്‍ അസിഡിറ്റിക്ക് കാരണമാകും. അതിനാല്‍ ഓറഞ്ച്, നാരങ്ങ പോലെയുള്ള പഴങ്ങളും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കുക.
രാവിലെ കഴിക്കാൻ സാധിക്കുന്ന ഭക്ഷണങ്ങൾ എന്തെല്ലാം?
തണ്ണിമത്തന്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ രാവിലെ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ദ്രാവകങ്ങൾ നൽകുകയും നിര്‍ജ്ജലീകരണത്തെ തടയുകയും ചെയ്യും. വിറ്റാമിനുകളും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ തണ്ണിമത്തന്‍ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
പപ്പായ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവയുടെ കലോറിയും കുറവാണ്.
ആപ്പിളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും സ്വാഭാവിക മധുരവും അടങ്ങിയിരിക്കുന്ന ആപ്പിള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും.
കിവിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കിവി രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ കിവി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.