ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം.തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം.
പാദങ്ങളിലെ വേദനയും നീരും തൈറോയ്‌ഡിന്‍റെ ലക്ഷണമാകാം. അതുപോലെ പാദങ്ങള്‍ വരണ്ടതാകുന്നതും, പാദങ്ങളിലെ ചൊറിച്ചിലും, തണുത്ത പാദങ്ങളും ചിലപ്പോള്‍ തൈറോയ്ഡ് പ്രശ്നമുള്ളവരില്‍ കാണുന്ന സൂചനയാകാം. അതുപോലെ കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക തുടങ്ങിയവയാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുടെ പ്രധാന ലക്ഷണം. ഇതിന് പുറമെ സന്ധികളിലും പേശികളിലുമുണ്ടാകുന്ന വേദനയും തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകൾ കാരണമാകാം.
ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും, തൈറോയ്‌ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ശരീര ഭാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും തൈറോയ്ഡിന്‍റെ ലക്ഷണമാകാം. തൈറോയ്‌ഡ് ഹോർമോണുകൾ കൂടിയാൽ (ഹൈപ്പര്‍ തൈറോയ്ഡിസം) ശരീരഭാരം കുറയും. ഹോർമോൺ കുറഞ്ഞാൽ (ഹൈപ്പോ തൈറോയ്ഡിസം) ശരീരഭാരം കൂടും. അതിനാല്‍ ശരീരത്തിന്‍റെ ഭാരവ്യതിയാനങ്ങളും ശ്രദ്ധിക്കണം.
ഹൈപ്പോ തൈറോയിഡിസമുള്ള സ്ത്രീകളില്‍ അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആർത്തവം വരാം. സമയം തെറ്റി വരുന്ന ആർത്തവം, ശുഷ്‌കമായ ആർത്തവദിനങ്ങൾ, നേരിയ രക്‌തസ്രാവം എന്നിവ ഹൈപ്പർതൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷാദം ഇന്ന് പലര്‍ക്കുമുള്ള ആരോഗ്യ പ്രശ്നമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഇതിന്‍റെ പിന്നിലും ഹൈപ്പോ തൈറോയിഡിസമാകാം. ഉത്‌കണ്‌ഠയ്‌ക്കു കാരണമാകുന്നത് ഹൈപ്പർ തൈറോയിഡിസവും ആകാം.