തിരുവനന്തപുരം: ആശങ്ക സൃഷ്ടിച്ച് വിനോദ സഞ്ചാരകേന്ദ്രമായ വർക്കലക്ലിഫിൽ രണ്ട് വലിയ ഗർത്തങ്ങൾ കണ്ടെത്തി. സുരക്ഷ കണക്കിലെടുത്ത് ഒരു ലോഡ് മണൽകൊണ്ട് രണ്ട് ഗർത്തങ്ങളും അടച്ചു. മണ്ണൊലിപ്പിന്റെ ഭാഗമായാണ് രണ്ടു വലിയ കുഴികള്‍ ഉണ്ടായതെന്നാണ് നിഗമനം.
രൂക്ഷമായ കടല്‍ക്ഷോഭം, തിരമാലകളുടെ ആക്രമണം, വ്യാപകമായ അനധികൃത നിര്‍മാണങ്ങള്‍, ശരിയായ മലിനജല സംവിധാനത്തിന്റെ അഭാവം എന്നിവ മൂലം പാറക്കെട്ടിന് ആകെ ഉണ്ടായ അപചയത്തിന്റെ ഭാഗമായാണ് രണ്ട് കുഴികളുടെ രൂപീകരണം എന്നാണ് വിലയിരുത്തല്‍.
6.1 കിലോമീറ്റര്‍ ദൂരം നീണ്ടുകിടക്കുന്ന വര്‍ക്കല ക്ലിഫിലാണ് ഗര്‍ത്തങ്ങള്‍ കണ്ടെത്തിയത്. ക്ലിഫിന് അപചയം സംഭവിച്ച് കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഗര്‍ത്തങ്ങള്‍ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഈ പ്രശ്‌നം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി (ഡിഡിഎംഎ) ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ക്ലിഫ് സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ ആരംഭിക്കാന്‍ ഇതുവഴി കഴിയുമെന്നാണ് വിലയിരുത്തല്‍. 2014ല്‍ വര്‍ക്കല ക്ലിഫിനെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജിയോ ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചിട്ടുണ്ട്. ‘നാല് ദിവസം മുമ്പ് നേച്ചര്‍ കെയര്‍ ഹോസ്പിറ്റലിന് സമീപമുള്ള പാറക്കെട്ടില്‍ വളരെ ആഴത്തിലുള്ള ഗര്‍ത്തങ്ങള്‍ കണ്ടെത്തി.
അപകടങ്ങളും മണ്ണിടിച്ചിലുകളും ഒഴിവാക്കാന്‍ ഒരു ട്രക്ക് മണല്‍ വേഗത്തില്‍ ഇറക്കി’- വര്‍ക്കല ടൂറിസം ഡെവലപ്മെന്റ് അസോസിയേഷന്റെ ഉപദേഷ്ടാവ് സഞ്ജയ് സഹദേവന്‍ പറഞ്ഞു. സംഭവത്തില്‍ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസിന് അസോസിയേഷന്‍ കത്തയച്ചു.