India

ശക്തമായ പൊടിക്കാറ്റ്: ഡൽഹിയിൽ രണ്ടുപേർ മരിച്ചു: 23 പേർക്ക് പരിക്കേറ്റു

ഡൽഹി: ശക്തമായ പൊടിക്കാറ്റിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. മരം വീണുണ്ടായ അപകടത്തിലാണ് രണ്ടുപേർ മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിൽ 23 പേർക്ക് പരിക്കേറ്റു.കാറ്റിനൊപ്പം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയ മഴയും ലഭിച്ചു. രാത്രി 9 മണിക്കും 11 മണിക്കും ഇടയിലുണ്ടായ കാറ്റില്‍ ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊണാക്ട് പ്ലേസില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു.

മരങ്ങള്‍ കടപുഴകി വീണ 60 ഓളം സംഭവങ്ങളും വീട് തകര്‍ന്നതും മതില്‍ ഇടിഞ്ഞതുമായി ബന്ധപ്പെട്ട 22 സംഭവങ്ങളും റിപ്പോർട്ട് ചെയ്തതായും പൊടിക്കാറ്റുമായി ബന്ധപ്പെട്ട അമ്പതോളം ഫോൺ കോളുകൾ ലഭിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു. പൊടിക്കാറ്റിനെ തുടർന്ന് 9 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു.