‘കൊറോണ കുമാർ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായ് സിമ്പു (സിലമ്പരസൻ) മുൻകൂറായി പണം വാങ്ങിയെങ്കിലും സിനിമയിൽ നിന്ന് പിന്മാറി എന്ന് അരോപിച്ച് തമിഴ് നടൻ സിമ്പുവിനെതിരെ നിർമാതാവ് ഇഷാരി കെ ഗണേഷ് പരാതി നൽകി. മുൻകൂറായി വാങ്ങിയ പണം തിരികെ നൽകുന്നവരെയോ അതേ പ്രൊഡക്ഷൻ്റെ ബാനറിൽ പുതിയ സിനിമ ചെയ്യുന്നവരെയോ സിമ്പു മറ്റ് പ്രോജക്ടുകളിൽ അഭിനയിക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രൊഡ്യൂസേഴ്സ് കൗൺസിലിലാണ് ഇഷാരി കെ ഗണേഷ് പരാതി നൽകിയത്.
കമൽഹാസൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മണിരത്നം ചിത്രം ‘തഗ് ലൈഫ്’ എന്ന ചിത്രത്തിലാണ് സിമ്പു ഇപ്പോൾ അഭിനയിക്കുന്നത്. ദുൽഖർ സൽമാൻ പിന്മാറിയതിന് പിന്നാലെയാണ് സിമ്പു ഈ സിനിമയുടെ ഭാഗമായത്. സിമ്പുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘തഗ് ലൈഫ്’ മുപ്പത്തിയാറ് വർഷത്തെ ഇടവേളക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയാണ്. ജോജു ജോർജ്, തൃഷ, ഐശ്വര്യാ ലക്ഷ്മി, അഭിരാമി, ഗൌതം കാർത്തിക്, നാസർ, വൈയ്യാപുരി തുടങ്ങി വൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി അൻപറിവ് മാസ്റ്റേഴ്സാണ് നിർവഹിക്കുന്നത്.
‘എസ്ടിആർ 48’ എന്ന സിനിമയും സിമ്പുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രത്തിന് ശേഷം ദേസിംഗ് പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്.