ന്യുഡൽഹി : ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. ഇനി 48 മണിക്കൂർ നിശബ്ദ പ്രചാരണമാണ്. 96 മണ്ഡലങ്ങളിൽ നിന്നായി 1,717 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിലേക്കും തെലങ്കാനയിലെ 17 മണ്ഡലങ്ങളിലേക്കും ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ 13, മഹാരാഷ്‌ട്രയിൽ 11, പശ്ചിമ ബംഗാളിൽ 8, മധ്യപ്രദേശിൽ 8, ബീഹാറിൽ 5, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ 4 വീതവും ജമ്മു കശ്മീരിലെ ഒരു സീറ്റിലും വോട്ടെടുപ്പ് നടക്കും.
യുപിയിലെ കനൗജിൽ നിന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും മത്സരിക്കുന്നതിനാൽ എല്ലാ കണ്ണുകളും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത് . ബിജെപിയുടെ സുബ്രത് പതക്ക് ആണ് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ പ്രധാന എതിരാളി.ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥി മാധവി ലതയും സിറ്റിംഗ് എ ഐ എം ഐ എം എംപി അസദുദ്ദീൻ ഒവൈസിയും തമ്മിലുള്ള വൻ പോരാട്ടത്തിനാണ് ഹൈദരാബാദും സാക്ഷിയാകാൻ പോകുന്നത്.
44 ദിവസങ്ങളിലായി ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും.