Science

ഒരിക്കലും മരിക്കാത്ത ജീവി? പിന്നെ ഇവയ്ക്ക് എന്ത് സംഭവിക്കും

ചിരഞ്ജീവി ജെല്ലിഫിഷുകളെ കുറിച്ച് കേട്ടിട്ടുണ്ടോ .ഒരിക്കലും മരണം ഇല്ല എന്നാണ് ഇവയെ പറയുന്നത്. ഏഹ് ഒരിക്കലും മരിക്കാത്ത ജീവിയോ ,ജനനം ഉണ്ടെങ്കിൽ മരണം ഉണ്ടല്ലോ അപ്പൊ ഇതെങ്ങനെ സാധ്യം ആകും എന്നല്ലേ ചിന്തിക്കുന്നത് .അറിയണ്ടേ ആ വിരുദ്ധനെ കുറിച്ച് .
സുതാര്യമായ ബലൂണ്‍ പോലെയുള്ള ഒരു തലയും താഴേക്ക് നീണ്ടുകിടക്കുന്ന സുതാര്യമായ കാലുകളെന്നോ വള്ളികളെന്നോ വിളിക്കാവുന്ന ഭാഗവും ചേര്‍ന്ന ഒരു സവിശേഷ രൂപമാണ് ജെല്ലിഫിഷിന്റെ മെഡൂസ സ്റ്റേജ്.
പൊതുവെ ജെല്ലിഫിഷിന്റെ ജീവിതചക്രത്തിന് നാല് സ്റ്റേജുകള്‍ ഉണ്ട്. ആദ്യ സ്റ്റേജ് മുട്ടയാണ്. മുട്ടയില്‍ നിന്നും പുറത്തുവരുന്ന ലാര്‍വ ആയാണ് ജെല്ലിഫിഷ് തന്റെ ജീവിതം ആരംഭിക്കുന്നത്. വളരെ ചെറിയ, തലയില്‍ നിറയെ നാരുകള്‍ ഉള്ള, ചുരുട്ട് രൂപത്തിലുള്ള ഈ സ്റ്റേജില്‍ ജെല്ലിഫിഷ് വെള്ളത്തിലൂടെ തെന്നി നീങ്ങി എവിടെയെങ്കിലും പറ്റിപ്പിടിച്ചിരിക്കാന്‍ ഒരു പാറ അന്വേഷിച്ച് നടക്കും. സുരക്ഷിതമായി പറ്റിപ്പിടിച്ചിരിക്കാന്‍ പറ്റിയ ഒരിടം കിട്ടിയാല്‍ അവിടെ പറ്റിപ്പിടിച്ച് ലാര്‍വ പോളിപ് ആയി മാറും. ഈ സ്റ്റേജില്‍ ഒരു പോളിപ്പ് സ്വയം പകര്‍പ്പുണ്ടാക്കി(ക്ലോണ്‍ ചെയ്ത്) അനേകായിരം പോളിപ്പുകളായി പെരുകും. ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ബോട്ടിന്റെ അടിവശം മുഴുവന്‍ മൂടാന്‍ ഇവയ്ക്ക് കഴിയും. ചിലയിനം പോളിപ്പുകള്‍ കുറ്റിച്ചെടി പോലെ വളരെ വലുതാകാറുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമായി വന്നാല്‍ പോളിപ്പുകളില്‍ നിന്നും അനേകായിരം ജെല്ലിഫിഷ് കുഞ്ഞുങ്ങള്‍ ഉണ്ടാകും. പിന്നീട് ജെല്ലിഫിഷിന്റെ ജീവിതചക്രത്തിലെ മെഡൂസ സ്റ്റേജ് ആരംഭിക്കുന്നു.

മറ്റേതൊരു ജീവിയെയും പോലെ ജെല്ലിഫിഷിന്റെ ജീവിതത്തിന്റെ തുടക്കം വളരെ സാധാരണമാണെങ്കിലും അവയുടെ അവസാനം അല്ലെങ്കില്‍ മരണം, പുനര്‍ജന്മം തികച്ചും അസാധാരണവും ആവേശമുണര്‍ത്തുന്നതുമാണ്.ജെല്ലിഫിഷിലെ പുനര്‍ജനിക്കാനുള്ള ഈ കഴിവിനെ സെല്ലുലാര്‍ ട്രാന്‍സ്ഡിഫറന്‍സിയേഷന്‍ എന്നാണ് പറയുന്നത്.

എല്ലാതരം ജെല്ലിഫിഷിനും ഈ കഴിവ് ഇല്ല കേട്ടോ. ഈ കഴിവുള്ള ജെല്ലിഫിഷുകളെ ഇമ്മോര്‍ട്ടല്‍ ജെല്ലിഫിഷുകള്‍ അഥവാ ചിരഞ്ജീവി ജെല്ലിഫിഷുകള്‍ എന്നാണ് വിളിക്കുന്നത്. മൂണ്‍ ജെല്ലിഫിഷ് എന്ന മറ്റൊരു തരം ജെല്ലിഫിഷിലും സവിശേഷ കഴിവ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് തരം ജെല്ലിഫിഷ് ഇനങ്ങളിലാണ് ഇതുവരെ ഈ കഴിവ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ഇങ്ങനെ പറയാൻ കാരണം എന്താണെന്ന് അറിയണ്ടേ. ജെല്ലിഫിഷ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതോടെ മെഡൂസ സ്റ്റേജ് ആരംഭിക്കുന്നു. പ്രത്യുല്‍പ്പാദനം നടക്കുന്ന സ്റ്റേജ് ആണിത്. സമുദ്രങ്ങളിലെ മറ്റ് ജീവജാലങ്ങള്‍ക്കൊപ്പം ഇവയും ഒഴുകി നടക്കും. പൂര്‍ണ്ണവളര്‍ച്ചയെത്തി കഴിഞ്ഞാല്‍ പ്രത്യുല്‍പ്പാദന സമയമാകുമ്പോള്‍ മുട്ടകള്‍ ആന്തരികമായി തന്നെ വളര്‍ന്ന് വികസിക്കുകയും അമ്മ ജെല്ലിഫിഷില്‍ നിന്ന് വേര്‍പെട്ട് വെള്ളത്തില്‍ സ്വതന്ത്രമായി ചലിക്കുന്ന പ്ലാനുല ലാര്‍വ ആകുകയും ചെയ്യും. അതേസമയം മെഡൂസ സ്‌റ്റേജിന്റെ അവസാനഘട്ടത്തില്‍, അതായത് മരണസമയമാകുമ്പോള്‍ ജെല്ലിഫിഷ് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് എത്തി അഴുകാന്‍ തുടങ്ങും. എന്നാല്‍ ഇവിടെയാണ് ആ അത്ഭുതം-പുനര്‍ജന്മം നടക്കുന്നത്. അതിന്റെ കോശങ്ങള്‍ വീണ്ടും കൂടിച്ചേര്‍ന്ന് വീണ്ടും അവയ്ക്ക് ജീവന്‍ വെക്കും. പുതിയ മെഡൂസ ആയിട്ടല്ല, പകരം പുതിയ പോളിപ്പുകള്‍ ആയിട്ടാണ് ജെല്ലിഫിഷ് പുനര്‍ജനിക്കുന്നത്.

പക്ഷേ ഈ പോളിപ്പുകളില്‍ നിന്നും വീണ്ടും പുതിയ ജെല്ലിഫിഷ് കുഞ്ഞ് ജനിക്കും. ഇങ്ങനെ ഓരോ തവണയും ജെല്ലിഫിഷ് വീണ്ടും ജീവിതം ആരംഭിക്കുന്നു.

എന്തുകൊണ്ടായിരിക്കും ജെല്ലിഫിഷ് ഇങ്ങനെ മരണത്തെ പുല്‍കാന്‍ മടിക്കുന്നത്, അതുകൊണ്ട് ജെല്ലിഫിഷിന് എന്താണ് ഗുണം, എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ ഇല്ല. പ്രായം കൊണ്ടോ അനാരോഗ്യം കൊണ്ടോ അതുമല്ലെങ്കില്‍ അപകടം മണക്കുമ്പോഴോ ജെല്ലിഫിഷിന് ഈ അമരത്വശേഷി പുറത്തെടുക്കാന്‍ സാധിക്കും. ഈ പ്രക്രിയ തുടങ്ങിക്കഴിഞ്ഞാല്‍ ജെല്ലിഫിഷിന്റെ തല, അല്ലെങ്കില്‍ ആ പാരച്യൂട്ടിന്റെ ബലൂണ്‍ പോലെയുള്ള ഭാഗം നശിക്കാന്‍ തുടങ്ങും. അത് തിരികെ പോളിപ്പ് അവസ്ഥയിലേക്ക് പോകും. വീണ്ടും പാറയില്‍ പറ്റിപ്പിടിച്ച് വീണ്ടും ജെല്ലിഫിഷ് ആയി മാറാനുള്ള യാത്ര തുടങ്ങും.