നവാബി-മുഗള്‍ രാജവംശങ്ങിള്‍ നിന്നുള്ള രുചിക്കൂട്ടുകളാണ് അവാധി വിഭവങ്ങള്‍. വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്നൊരു നോൺ വെജിറ്റേറിയൻ വിഭവമാകാം. അവാധി സ്റ്റൈലില്‍ ചിക്കന്‍ കറി തയ്യാറാക്കാം. റെസിപ്പി നോക്കു.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍-1 കിലോ
- തൈര്-മുക്കാല്‍ കപ്പ്
- തക്കാളി അരച്ചത്-കാല്‍ കപ്പ്
- മൊരിഞ്ഞ സവാള അരച്ചത്-മുക്കാല്‍ കപ്പ്
- മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
- ജീരകപ്പൊടി-1 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-ഒരു നുള്ള്
- മുളകുപൊടി-ഒന്നര ടീസ്പൂണ്‍
- ഏലയ്ക്കാപ്പൊടി-അര ടീസ്പൂണ്‍
- ജാതിയ്ക്കാപ്പൊടി-1 ടീസ്പൂണ്‍
- ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
- പച്ചമുളക്-3
- കറുവാപ്പട്ട-ഒരു കഷ്ണം
- ഏലയ്ക്ക-2
- ഗ്രാമ്പൂ-3
- കശുവണ്ടിപ്പരിപ്പ്-6
- മെലണ്‍ സീഡ്-1 ടേബിള്‍ സ്പൂണ്‍
- തേങ്ങാപ്പാല്‍-അര കപ്പ്
- എണ്ണ അല്ലെങ്കില്‍ നെയ്യ്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ കഴുകി വെള്ളം പൂര്‍ണമായും കളഞ്ഞു വയ്ക്കുക. പച്ചമുളക് അരച്ചത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തൈര്, മല്ലിപ്പൊടി, ജീരകപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി പേസ്റ്റാക്കുക. ഇത് ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം.
കശുവണ്ടിപ്പരിപ്പ്, മെലണ്‍ സീഡ് എന്നിവ ചേര്‍ത്തരച്ച് കട്ടിയുള്ള പേസ്റ്റാക്കുക. ഒരു പാനില്‍ ഓയിലോ നെയ്യോ ഒഴിച്ചു ചൂടാക്കി കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക തുടങ്ങിയവ വഴറ്റുക. ഇതിലേയ്ക്കു ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. മുളകുപൊടി, തക്കാളി അരച്ചത് എന്നിവ ചേര്‍ത്തിളക്കണം. പിന്നീട് സവാള അരച്ചതു ചേര്‍ത്തിളക്കുക. കശുവണ്ടിപ്പരിപ്പ്, മെലണ്‍ സീഡ് അരച്ചത്, ജാതിയ്ക്കാപ്പൊടി, ഗരം മസാല പൗഡര്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് അല്‍പനേരം വേവിയ്ക്കുക. പിന്നീട് തേങ്ങാപ്പാല്‍ ചേര്‍ത്തും വേവിയ്ക്കുക. കറി വെന്തു കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം.