കോഴി, താറാവ്, കാട, ടർക്കി, വാത്ത, പ്രാവ്, എന്നിവ വഴിയാണ് പക്ഷിപ്പനി പകരുന്നത്. ദേശാടനപ്പക്ഷികൾ, കാട്ടുത്താറാവുകൾ അടക്കമുള്ള വന്യ-ജല പക്ഷികളിലും അണുക്കൾ കണ്ടുവരുന്നു. ഇവയുടെ വിസർജ്യം വഴി അന്തരീക്ഷത്തിലും പരിസരങ്ങളിലും അണുക്കൾ പ്രവേശിക്കുന്നു. ഇതുവഴി വളർത്തുപക്ഷികൾക്ക് രോഗം പടരുന്നു. രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകൾ എന്നിവ വഴിയും പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് രോഗം പടരും.
രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്ക് പകരുന്നത്. പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് ചില സാഹചര്യങ്ങളിൽ പകരാറുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ ബുദ്ധിമുട്ടാണ്. മനുഷ്യരിൽ മരണ നിരക്ക് 60 ശതമാനമാണ്.
ലക്ഷണങ്ങൾ എന്തെല്ലാം?
വൈറസ് ബാധിച്ചാൽ പനി, ജലദോഷം, തലവേദന, ഛർദ്ദി, വയറിളക്കം, ശരീരവേദന, ചുമ, തൊണ്ടവേദന, ക്ഷീണം എന്നിവായാണ് ലക്ഷണങ്ങൾ. വളരെ പെട്ടെന്ന് തന്നെ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങൾക്കിടയാകാൻ സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങൾ പ്രകടമായാൽ ഡോക്ടറുടെ സേവനം തേടണം.
പക്ഷികളുമായി നിരന്തരം ഇടപെടുന്നവർ, പക്ഷി ഫാമുകളിലെ ജോലിക്കാർ, മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർ, ഇറച്ചി, മുട്ട തുടങ്ങിയവ കൈകാര്യം ചെയ്യുന്നവർ, പക്ഷി കാഷ്ഠം വളമായി ഉപയോഗിക്കുന്നവർ, പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളിലെ ആളുകൾ തുടങ്ങിയവർ രോഗം പകരാൻ സാധ്യതയുള്ള ഹൈ റിസ്‌കിൽപ്പെട്ടവരാണ്.
എന്തൊക്കെ മുൻകരുതലുകൾ എടുക്കാം?
- ജലസംഭരണികൾ സുരക്ഷിതമായി കമ്പിവലയും ഷീറ്റും ഉപയോഗിച്ച് മൂടിവെയ്‌ക്കണം
- രോഗബാധിത പ്രദേശങ്ങളിലെ ആളുകളും കർഷകരും മാസ്‌കും കൈയുറയും ധരിക്കണം.
- കൈകളും കാലുകളും സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തിൽ കഴുകണം
- പക്ഷികളുമായി അടുത്തിടപെടുന്നവർ ആന്റി വൈറൽ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കണം.
- പനിയോ തൊണ്ടവേദനയോ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറുടെ ഉപദേശം തേടണം
- പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലത്ത് നിന്ന് പത്തു കിലോമീറ്റർ വിസ്തൃതിയിലുള്ള സ്ഥലത്ത് മുട്ട, ഇറച്ചി എന്നിവ വിപണനം ചെയ്യരുത്. ഇറച്ചി പാകം ചെയ്യുമ്പോൾ 70 ഡിഗ്രി സെന്റിഗ്രേഡിൽ 30 മിനിറ്റ് വേവിച്ച് ഉപയോഗിക്കുന്നത് വഴി അണുക്കൾ നശിക്കും
- അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കുക.