ജോലിക്ക് പോകുവാനും, സ്കൂളിൽ പോകുവാനും അങ്ങനെ പലവിധ തിരക്കുകളാണ് രാവിലെ എഴുന്നേറ്റാൽ. എത്ര നേരത്തേയെഴുന്നേറ്റാലും ഒട്ടും സമയം തികയാത്തവരാണ് നമ്മളിൽ പലരും.
രാവിലെ എഴുന്നേൽക്കുക എന്നത് തന്നെ വലിയൊരു ജോലിയാണ്. അഞ്ചും ആറും തവണ അലാറം വിളിച്ചുണർത്തിയാലും പിന്നെയും കിടക്കാൻ പലർക്കും തോന്നും. ഇനി ഉണർന്നാലോ ആ ഉറക്കച്ചടവൊക്കെ മാറിവരാനും വേണം കുറേ നേരം. രാവിലെ എഴുന്നേറ്റ് ആദ്യം ചെയ്യുന്ന കാര്യങ്ങൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കുമെന്ന് പഠനങ്ങൾ പറയുന്നു. രാവിലെ എഴുന്നേറ്റ ഉടനെ നിങ്ങൾ ഇക്കാര്യങ്ങളാണോ ചെയ്യാറ്. എങ്കിൽ അവ നിർബന്ധമായും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
അവസാന നിമിഷം എഴുന്നേല്‍ക്കല്‍
അലാറം അടിക്കുമ്പോൾ സ്നൂസ് ആവർത്തിക്കുന്നവരാണ് ഭൂരിപക്ഷം പേരും. എഴുന്നേൽക്കേണ്ട സമയത്തിന്റെ അവസാനനിമിഷം ചാടി എഴുന്നേൽക്കുന്നവരും ധാരാളമുണ്ട്. ഈ ശീലം മാറ്റമമെന്ന് പഠനങ്ങൾ പറയുന്നു.
അവസാന നിമിഷത്തിൽ ഉണരുന്നത് സമ്മർദം വർധിപ്പിക്കുകയും നിങ്ങളുടെ പ്രഭാത ദിനചര്യകൾ മുഴുവൻ താളെ തെറ്റിക്കുകയും ചെയ്യും. പിന്നെ എല്ലാമൊരു ഓട്ടപ്പാച്ചിലായിരിക്കും. ഭക്ഷണം പോലും കഴിക്കാതെ ബസോ ട്രെയിനോ പിടിക്കാനുള്ള ഓട്ടമായിരിക്കും. ഇതൊഴിവാക്കാൻ നേരത്തെ ഉണരാൻ ശ്രമിക്കുക. നേരത്തെ എഴുന്നേൽക്കുന്നവരിൽ സമർദം കുറയുമെന്നും മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയുമെന്നുമാണെന്ന് പഠനങ്ങൾ പറയുന്നു.
കണ്ണുതുറക്കുന്നത് ഫോൺസ്‌ക്രീനിലേക്ക്
എഴുന്നേറ്റ ഉടനെ മൊബൈൽ ഫോണിലേക്ക് കൈ നീളുന്നത് ഇന്ന് സാധാരണമാണ്. ഉറങ്ങിയതിന് ശേഷം സോഷ്യൽമീഡിയയിൽ എന്ത് നടന്നു എന്നറിയാനുള്ള ആകാംക്ഷയാണ് പലർക്കുമുണ്ടാകുക.
ഇന്റർനെറ്റിന്റെ ഉപയോഗം സമയത്തെ ചൂഷണം ചെയ്യുമെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. ഉണരുമ്പോൾ ജോലിയുമായി ബന്ധപ്പെട്ട ഇമെയിലുകൾ വായിക്കുന്നത് സമ്മർദം വർധിപ്പിക്കും. സോഷ്യൽ മീഡിയയുടെ കാര്യവും ഇതുതന്നെ. ഒരു സ്‌ക്രീനിൽ ഉറ്റുനോക്കിക്കൊണ്ട് ദിവസം ആരംഭിക്കുന്നതിനുപകരം, നിങ്ങളുടെ തലച്ചോറിന് ഉന്മേഷം വരാനുള്ള സമയം നൽകുക.
വെറും വയറ്റിൽ കാപ്പി കുടിക്കുന്നത്
ഒരു കാപ്പി കുടിച്ച് ദിവസം ആരംഭിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. എന്നാൽ പഠനങ്ങൾ പറയുന്നതിനനുസരിച്ച് വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ വർധിപ്പിക്കുകയും ഹൈപ്പോഗ്ലൈസീമിയ, പ്രമേഹ, ഹൃദ്രോഗം എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത്
തണുപ്പുള്ള സമയങ്ങളിലും മറ്റും ചൂടുവെള്ളത്തിൽ കുളിക്കുന്നത് ആസ്വദിക്കുന്നവരാണ് മിക്കവരും. എന്നാൽ തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണ് നല്ലതെന്ന് പഠനങ്ങൾ പറയുന്നത്. ഇത് നമ്മുടെ പ്രതിരോധ സംവിധാനങ്ങളെ ഉത്തേജിപ്പിക്കുന്നു.ഇതിന് പുറമെ ഒരു നീണ്ട രാത്രി ഉറക്കത്തിനു ശേഷം നമ്മുടെ മനസിനും ശരീരത്തിനും പുതിയ ഉണർവ് നൽകാനും സഹായിക്കുന്നു.
ഭക്ഷണം കഴിച്ച ഉടനെ പല്ല് തേക്കൽ
പ്രഭാതഭക്ഷണത്തിന് ശേഷം ഉടൻ പല്ല് തേക്കുന്നത് നല്ല ശീലമല്ല. ഭക്ഷണം കഴിച്ച് 30 മിനിറ്റെങ്കിലും കഴിഞ്ഞശേഷം മാത്രമേ പല്ല് തേക്കാവൂ. അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ നിങ്ങളുടെ പല്ലിലെ ഇനാമലിനെ ദുർബലപ്പെടുത്തും. ഭക്ഷണം കഴിച്ച ഉടനെ ബ്രഷ് ചെയ്യുന്നത് ആസിഡിനെ നിങ്ങളുടെ ഇനാമലിൽ വർധിപ്പിക്കും. ഭക്ഷണം കഴിഞ്ഞ് ഉടൻ വെള്ളം ഉപയോഗിച്ച് വായ കഴുകുന്നതാണ് എപ്പോഴും നല്ലത്.
പ്രഭാതഭക്ഷണം ഒഴിവാക്കൽ
സമയമില്ലാത്തതിനാൽ നമ്മളിൽ പലരും പ്രഭാതഭക്ഷണം ഒഴിവാക്കുറുണ്ട്. എന്നാൽ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം നഷ്ടപ്പെടുന്നത് പലവിധ അസുഖങ്ങളും വിളിച്ചുവരുത്തും. തലവേദന, പകൽ സമയത്തെ ഏകാഗ്രത കുറയുന്നത് പോലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. പ്രഭാത ഭക്ഷണം കഴിക്കാൻ നേരമില്ലെങ്കിൽ ഒരുവാഴപ്പഴമോ, നട്‌സോ,ഈത്തപ്പഴമോ ബാഗിൽ കരുതുക.യാത്രക്കിടയിൽ അവ കഴിക്കുക.
വെള്ളം കുടിക്കാതിരിക്കുക
ഉറങ്ങി എഴുന്നേൽക്കുമ്പോൾ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കും. ഒരു വലിയ ഗ്ലാസ് വെള്ളം ഉപയോഗിച്ച് ദിവസം ആരംഭിക്കാൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ഇതുമൂലം ദിവസം മുഴുവൻ കൂടുതൽ ഉണർവും ഊർജ്ജസ്വലതയും അനുഭവപ്പെടും.