അബുദാബി: ഡോക്ടർമാരുടെ കൈപിടിച്ചു ജീവിതത്തിലേക്ക് തിരിച്ചുവന്നവർ വേദനകളിൽ നിന്നും പ്രതീക്ഷയിലേക്കുള്ള ആ യാത്ര ഒരിക്കൽ കൂടി കണ്ടു. അനുഭവിച്ച വെല്ലുവിളികളും ആശ്വാസമായ വൈദ്യസഹായവും തീവ്രത ചോരാതെ അബുദാബി അൽ ഖാനയിലെ ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ അതിജിവിച്ചവരുടെ മുഖങ്ങളിൽ കണ്ണീരും പുഞ്ചിരിയും. യുഎയിലെ ആദ്യ ഹെൽത്ത്കെയർ വീഡിയോ സീരിസായ “എച്ച് ഫോർ ഹോപ്പ്” ആദ്യ പ്രദർശന വേദിയാണ് പ്രേക്ഷകർക്ക് വ്യത്യസ്ത ദൃശ്യാനുഭവനമൊരുക്കിയത്.
ബുർജീൽ ഹോൾഡിങ്സിനു കീഴിലെ ബുർജീൽ മെഡിക്കൽ സിറ്റി (ബിഎംസി) നിർമിച്ച എച്ച് ഫോർ ഹോപ്പ് യഥാർത്ഥ ജീവിതത്തിലെ രോഗികളുടെയും ഡോക്ടർമാരുടെയും അപൂർവവും സങ്കീർണവുമായ അനുഭവങ്ങൾക്കാണ് ദൃശ്യാവിഷ്ക്കാരമേകിയത്. പ്രദർശനത്തിന് മുന്നോടിയായി ഇവർ റെഡ് കാർപ്പെറ്റിലൂടെ ഒരുമിച്ചു നടന്നെത്തി. അഞ്ച് ഹ്രസ്വചിത്രങ്ങളടങ്ങിയ ആദ്യ സീസൺ അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്കിനോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്. പ്രത്യേക സ്ക്രീനിങ്ങിൽ സർക്കാർ ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും രോഗത്തെ അതിജീവിച്ചവരുടെ കുടുംബാംഗങ്ങളും അടക്കം നിരവധിപേരാണ് പങ്കെടുത്തത്.
ഹൃദയസ്പർശിയായ അനുഭവങ്ങൾ ഗർഭസ്ഥ ശിശുവിന് സ്പൈന ബിഫിഡ (Spina bifida) എന്ന സങ്കീർണ രോഗാവസ്ഥ കണ്ടെത്തിയ ദമ്പതികളുടെ ഹൃദയസ്പർശിയായ യാത്രയാണ് ഹ്രസ്വചിത്രങ്ങളിൽ ഒന്നിന്റെ പ്രേമേയം. ബിഎംസിയിലെ ഡോ.മന്ദീപ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ ഗർഭാശയ ശസ്ത്രക്രിയ അവരുടെ ജീവിതത്തിൽ വഴിത്തിരിവായി. ശസ്ത്രക്രിയ കഴിഞ്ഞു കുറച്ച് മാസങ്ങൾക്ക് ശേഷം ദമ്പതികൾ ആരോഗ്യമുള്ള കുഞ്ഞിനെ സ്വാഗതം ചെയ്തു. ഇവർ ജീവിതത്തിൽ നേരിട്ട സംഘർഷങ്ങളും ആശങ്കകളും ചിത്രത്തിലുടനീളമുണ്ട്. കഠിനമായ വേദനയാൽ ജീവിതം വഴിമുട്ടിയ ഫുട്ബോൾ പ്രേമിയായ കുട്ടിയുടെ യാത്രയാണ് മറ്റൊരു ചിത്രം. ബിഎംസിയിലെ ഡോക്ടർമാർ ഇത് സിക്കിൾ സെൽ രോഗമാണെന്ന് കണ്ടെത്തി. തുടർന്ന്, ഡോ. സൈനുൽ ആബിദീൻ്റെ നിർദേശപ്രകാരം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.