Television

Bigg Boss Malayalam Season 6: മത്സരാർത്ഥികൾക്ക് ആവേശം സൃഷ്ടിച്ചു വമ്പൻ സർപ്രൈസുമായി ബിഗ് ബോസ്: വൈറലായി പ്രമോ വീഡിയോ

ബിഗ് ബോസ് മലയാളം സീസണ്‍ 6 പത്താം വാരത്തിലേക്ക് എത്തി നിൽക്കുകയാണ്. നാടകീയത പകർന്ന സംഭവവികാസങ്ങളുടെ കാര്യത്തിൽ മുൻ സീസണുകളെക്കാളൊക്കെ മുൻപിലാണ് ഇത്തവണത്തെ സീസൺ. ഷോ അന്തിമ ഘട്ടത്തോട് അടുത്തിരിക്കെ മത്സരങ്ങൾ പൂർണ്ണമായും വ്യക്തിഗതമാണ്. അതിന് പ്രേരകമെന്ന നിലയിൽ ഈ വാരം മുതൽ പവർ ടീം ഉണ്ടായിരിക്കില്ലെന്നും ബിഗ് ബോസ് പ്രഖ്യാപിച്ചിരുന്നു. ഹോട്ടൽ ടാസ്കിൽ അതിഥികളായി സീസണ്‍ 1 മത്സരാര്‍ഥികള്‍ എത്തിയതായിരുന്നു കഴിഞ്ഞ വാരത്തിലെ പ്രത്യേകതയെങ്കില്‍ ഈ വാരത്തിലും ഹൗസിലേക്ക് അതിഥികള്‍ എത്തുന്നുണ്ട്.

ഫാമിലി വീക്ക് ആണ് സീസണ്‍ 6 ല്‍ ഈ വാരം. കുടുംബങ്ങളില്‍ നിന്നും മറ്റ് പ്രിയപ്പെട്ടവരില്‍ നിന്നും അറുപത് ദിവസത്തിലേറെ വിട്ടുനില്‍ക്കുന്നവര്‍ക്കരികിലേക്ക് കുടുംബാം​ഗങ്ങള്‍ എത്തുന്ന ദിവസം. ഇന്നത്തെ എപ്പിസോഡ് മുതല്‍ മത്സരാര്‍ഥികളെ കാണാന്‍ അവര്‍ എത്തിത്തുടങ്ങും. ഇതിന്‍റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ മുഖ്യ വാതില്‍ തുറന്ന് ബി​ഗ് ബോസ് ഹൗസിന്‍റെ മുറ്റത്തേക്ക് ഒരു ഇന്നോവ കാര്‍ വന്ന് നില്‍ക്കുന്നത് കാണാം. ഒപ്പം ഒരു പാട്ടും ഹൗസില്‍ മുഴങ്ങുന്നുണ്ട്. പാട്ട് കേട്ട് ആകാംക്ഷയോടെ വരുന്ന മത്സരാര്‍ഥികള്‍ക്ക് മുന്നിലേക്ക് കാര്‍ വന്നുനില്‍ക്കുമ്പോള്‍ ഇത് ആരുടെ കുടുംബമാണെന്ന കൗതുകത്തില്‍ ഓടിയെത്തുകയാണ് മത്സരാര്‍ഥികള്‍. ഇന്നും വരും ദിനങ്ങളിലും ഓരോ മത്സരാര്‍ഥികളുടെ വീട്ടുകാരും സുഹൃത്തുക്കളുമായി ബി​ഗ് ബോസ് ഹൗസിലേക്ക് എത്തും.

പുറംലോകവുമായി ബന്ധമില്ലാതെ ബി​ഗ് ബോസില്‍ ​ഗെയിം കളിക്കുന്ന മത്സരാര്‍ഥികളെ സംബന്ധിച്ച് വലിയ ആശ്വാസവും ആത്മവിശ്വാസവും പകരുന്ന ഒന്നാണ് വീട്ടുകാരുടെ വരവ്. മത്സരാര്‍ഥികളുടെ പുറത്തെ ഇമേജിനെക്കുറിച്ച് വരുന്നവര്‍ക്ക് പൂര്‍ണ്ണമായും പറഞ്ഞുകൊടുക്കാന്‍ സാധിക്കില്ലെങ്കിലും സൂചനകള്‍ നല്‍കാനാവും.