പ്രമേഹമുള്ളവരെ സംബന്ധിച്ച് അത് നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമുള്ള കാര്യമാണ്. നമുക്കറിയാം ഏറ്റവുമധികം പേരില്‍ കാണപ്പെടുന്ന ടൈപ്പ്-2 പ്രമേഹം ചികിത്സയിലൂടെയോ അല്ലാതെയോ ഭേദപ്പെടുത്താൻ സാധിക്കില്ല. അത് ജീവിതരീതികളിലൂടെ നിയന്ത്രിച്ച് മുന്നോട്ട് കൊണ്ടുപോകാനേ കഴിയൂ.
പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ കാലക്രമേണ അത് മറ്റ് പല അവയവങ്ങളെയും ബാധിക്കും, ആരോഗ്യത്തെ പല രീതിയില്‍ പ്രശ്നത്തിലാക്കും- വളരെ ഗുരുതരമായ അവസ്ഥയിലേക്ക് വരെ പ്രമേഹം നമ്മെയെത്തിക്കാം.
പ്രമേഹമുള്ളവര്‍ ഇത് നിയന്ത്രിക്കുന്നതിനായി ആദ്യമേ ചിട്ടപ്പെടുത്തുക, അവരുടെ ഭക്ഷണരീതിയാണ്. അധികവും ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രഭാതഭക്ഷണത്തിനാണ് പ്രമേഹമുള്ളവര്‍ പ്രാധാന്യം നല്‍കി കാണാറ്. കൃത്യസമയത്ത് കഴിക്കുകയെന്നത് തന്നെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ഇത് വളരെ നല്ല കാര്യം. എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് മാത്രമല്ല അതിന് ശേഷമുള്ള ഭക്ഷണങ്ങള്‍ക്കും പ്രാധാന്യമുണ്ട്.
ഇത്തരത്തില്‍ ഉച്ചഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ആദ്യം തന്നെ, ഉച്ചഭക്ഷണത്തിനും സമയക്രമം പാലിക്കണം. വളരെ വൈകാതെ തന്നെ ഉച്ചഭക്ഷണം കഴിക്കാൻ പ്രമേഹമുള്ളവര്‍ കരുതലെടുക്കേണ്ടതാണ്.
ഉച്ചയ്ക്കാണ് സാധാഗണഗതിയില്‍ നമ്മളില്‍ മിക്കവരും ഏറ്റവും വലിയ ഭക്ഷണം കഴിക്കുന്നത്. കൂടുതല്‍ വിഭവങ്ങളും ഉച്ചയ്ക്ക് തന്നെയായിരിക്കും ഉണ്ടായിരിക്കുക. നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍, ധാതുക്കള്‍, ഫാറ്റ്, പ്രോട്ടീൻ എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം ഉറപ്പുവരുത്തുന്ന, സമഗ്രമായൊരു ഉച്ചഭക്ഷണമാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്.
വെറുതെ എന്തെങ്കിലും കഴിച്ച് വിശപ്പടക്കുന്നതിന് പകരം ഇത്തരത്തില്‍ സമഗ്രമായി തന്നെ ഉച്ചഭക്ഷണത്തെ പ്ലാൻ ചെയ്യുന്നത് പൊതുവെ പ്രമേഹരോഗികളുട ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനുമെല്ലാം സഹായിക്കും.
ഒരു കാരണവശാലും സൗകര്യത്തിന് വേണ്ടി പ്രോസസ്ഡ് ഫുഡ്സോ പാക്കറ്റ് ഫുഡ്സോ ഒന്നും ഉച്ചയ്ക്ക് കഴിക്കരുത്. വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് അപകടമൊന്നുമില്ല. എന്നാല്‍ ഇടയ്ക്കിടെ ഇങ്ങനെ കഴിക്കുന്നത് പ്രമേഹത്തിന്‍റെ പ്രശ്നം വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. ഇത്തരം ഭക്ഷണസാധനങ്ങളിലെല്ലാം അനാരോഗ്യകരമായ കൊഴുപ്പ്, സോഡിയ (ഉപ്പ്), പ്രിസര്‍വേറ്റീവ്സ് എന്നിവയെല്ലാം ഉണ്ടായിരിക്കും. ഇവയെല്ലാം പ്രമേഹരോഗികള്‍ക്ക് മോശമാണ്.
ഇനി, ഉച്ചഭക്ഷണത്തിന് ശേഷം തണുത്തത് എന്തെങ്കിലും വാങ്ങി കുടിക്കുന്നതും പലരുടെയും ശീലമാണ്. പ്രത്യേകിച്ച് സ്പൈസിയായ ഭക്ഷണം കഴിച്ചാല്‍. ഇതും പ്രമേഹരോഗികള്‍ ചെയ്യരുതാത്ത കാര്യമാണ്. പ്രമേഹമുള്ളവര്‍ കുപ്പിയില്‍ വരുന്ന ശീതളപാനീയങ്ങളെല്ലാം പാടെ ഒഴിവാക്കുന്നതാണ് നല്ലത്. ഫ്രഷ് ജ്യൂസുകളാണെങ്കില്‍ അത് മധുരമിടാതെ തന്നെ കഴിക്കണം.
കായികാധ്വാനം കുറഞ്ഞ ജോലി, ഉദാഹരണത്തിന് ദീര്‍ഘസമയം കംപ്യൂട്ടറിന് മുന്നിലോ മറ്റോ ഇരുന്നുള്ള ജോലിയാണ് ചെയ്യുന്നതെങ്കില്‍ ഉച്ചഭക്ഷണത്തിന് ശേഷം ഒരു പത്ത് മിനുറ്റെങ്കിലും നടക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. ഈ ശീലം പ്രമേഹം നിയന്ത്രിക്കുന്നതിന് ക്രമേണ വളരെയധികം സഹായിക്കും.