Movie News

ഗൗതം മേനോൻ മലയാളത്തിലേക്ക്? എട്ട് വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ പ്രിയ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു

തമിഴകത്തെ ഹിറ്റ് സംവിധായകൻ ഗൗതം മേനോൻ മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുന്നതായി റിപ്പോർട്ട്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിലൂടെയാകും ജിവിഎമ്മിന്റെ മലയാളത്തിലേക്കുള്ള സംവിധാന അരങ്ങേറ്റം എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ ചിത്രം നിര്‍മ്മിക്കുമെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു.

തെന്നിന്ത്യൻ നായിക നയൻ‌താരയായിരിക്കും ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക. എട്ട് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.

അതേസമയം മമ്മൂട്ടി നായകനാവുന്ന ബസൂക്കയില്‍ ഗൗതം മേനോന്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഈ ചിത്രം. കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. പൂർണ്ണമായും ഗെയിം ത്രില്ലർ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

നിലവിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മെയ് 23 ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും സുപ്രധാന വേഷങ്ങളിൽ ടർബോയിൽ ഉണ്ടാകും.