ഹൈപ്പർ ടെൻഷനെ ‘നിശബ്ദനായ കൊലയാളി’ എന്നാണ് വിശേഷിപ്പിക്കാറുളളത്. കാരണം, ഉയർന്ന രക്തസമ്മർദം പലപ്പോഴും പ്രകടമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ഹൃദയാഘാതത്തെ തുടർന്നും ഗുരുതരമായ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്നുമൊക്കെ ആശുപത്രിയിലെത്തുമ്പോഴായിരിക്കും ഹൈപ്പര്‍ ടെൻഷനുണ്ടായിരുന്നെന്ന് ആദ്യമായി കണ്ടെത്തുന്നത്.
മരുന്ന് കൃത്യമായി കഴിച്ചിട്ടും ബി.പി. കുറയുന്നില്ല! സാധാരണ കേൾക്കാറുളള ഒരു പരാതിയാണിത്. എന്നാൽ, ഔഷധ ചികിത്സകൊണ്ടു മാത്രം രക്താതിസമ്മർദത്തെ വരുതിയിലാക്കാന്‍ കഴിഞ്ഞെന്നു വരുകയില്ല. ആരോഗ്യകരമായ ഭക്ഷണ രീതികളും കൃത്യമായ വ്യായാമങ്ങളും മരുന്നിനോടൊപ്പം ചേർത്താലെ ലൈഫ് സ്റ്റൈൽ രോഗമായ ഹൈപ്പർ ടെന്‍ഷൻ നിയന്ത്രിക്കാ നാവൂ.
നമ്മുടെ ഭക്ഷണ സംസ്കാരത്തിൽ വന്ന കാതലായ മാറ്റമാണ് ഈറ്റിങ് ഔട്ട്. ഹോട്ടൽ ഭക്ഷണത്തിലെയും ഫാസ്റ്റ് ഫൂഡ് വിഭവങ്ങളിലെയും പ്രധാന ചേരുവകളാണ് ഉപ്പും പഞ്ചസാരയും കൊഴുപ്പും. ഉപ്പ് അധികമായി അടങ്ങിയ ജങ്ക് ഫൂഡ്, ഫാസ്റ്റ് ഫൂഡ് വിഭവങ്ങളിലും സോസേജ്, ടിന്നിലടച്ചു സൂക്ഷിക്കുന്ന മാംസ ഉൽപന്നങ്ങള്‍ തുടങ്ങിയവയിലും കൂടിയ അളവിൽ ഉപ്പുണ്ട്. ഇത് ബി.പി. കൂട്ടും ബേക്കറി പലഹാരങ്ങളിലും ഹോട്ടൽ ഭക്ഷണത്തിലും ഉയർന്ന കാലോറി അടങ്ങിയിട്ടുണ്ട്.
ശരീരത്തിലെത്തുന്ന അമിത ഊർജം ചെലവഴിക്കാതെ വരുമ്പോൾ കൊഴു പ്പായി ശരീരത്തിൽ ശേഖരിക്കപ്പെടുന്നു. തുടർന്നുണ്ടാകുന്ന പൊണ്ണത്തടി ഹൈപ്പർടെൻഷന് വഴിയൊരുക്കുന്നു. ആരോഗ്യ വാനായ വ്യക്തിക്ക് ദിവസം നാല് ചെറിയ സ്പൂൺ പഞ്ചസാ രയും മൂന്ന് ചെറിയ സ്പൂൺ എണ്ണയും ഒന്നര സ്പൂണ്‍ ഉപ്പും മാത്രമാണ് ആവശ്യമുളളത്. എന്നാൽ, രുചിയോടെ കഴിക്കുന്ന ഹോട്ടൽ ഭക്ഷണത്തിൽ ഇവ പലപ്പോഴും പരിധി ലംഘിച്ചിരിക്കും.
പരമ്പരാഗത ഭക്ഷണ പാനീയങ്ങളിലേക്കും നാടൻ വിഭവങ്ങളിലേക്കും മടങ്ങുകയെന്നതാണ് ബി.പി. കുറയ്ക്കാനുളള പ്രധാന മാർഗങ്ങളിലൊന്ന്. ഇതിന്റെ പുതിയ രൂപമാണ് ആഗോള വ്യാപകമായി അംഗീകരിക്കപ്പെട്ട ഡാഷ് ഡയറ്റ് (ഡയറ്ററി അപ്രോച്ച് ടു സ്റ്റോപ്പ് ഹൈപ്പർടെൻഷൻ).
പഴങ്ങളും ഇലക്കറികളും പച്ചക്ക റികളും ധാരാളമായി ഉൾപ്പെടുത്തിക്കൊണ്ടുളള ഒരു ഭക്ഷണ രീതിയാണിത്. കൊഴുപ്പ്, മാംസം, മധുരപലഹാരങ്ങൾ, മദ്യം എന്നിവ പരിമിതപ്പെടുത്തിയിട്ടുണ്ട്. പഴങ്ങളിലും പച്ചക്കറികളി ലും ബി.പി കുറയ്ക്കാൻ സഹായിക്കുന്ന പൊട്ടാസ്യം, കാത്സ്യം എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഏത്തപ്പഴം , മുന്തിരി, നാരങ്ങ, ഓറഞ്ച്, ആപ്രിക്കോട്ട് തുടങ്ങിയ പഴവർഗ്ഗങ്ങളെല്ലാം രക്താതിസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
അയില, മത്തി, തുടങ്ങിയ മത്സ്യങ്ങളും ഹൈപ്പർ ടെൻഷനു ളളവർക്ക് ഗുണകരമാണ്. ഇവയിൽ സമൃദ്ധമായി അടങ്ങിയി രിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡിന് രക്താതിസമ്മർദം കുറ യ്ക്കാനും കഴിവുണ്ട്. മത്സ്യം വറുത്തും പൊരിച്ചും കഴിക്കാതെ കറിവച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. ചോറിലും കഞ്ഞിയിലു മൊക്കെ ഉപ്പൊഴിച്ചു കഴിക്കുന്നതും ഉപ്പിലിട്ടത്, പപ്പടം തുടങ്ങിയ വിഭവങ്ങളും ഒഴിവാക്കണം.